ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം 17 പേര്‍ മരിച്ചു

0
16


ഇടുക്കി/മലപ്പുറം/കല്‍പ്പറ്റ: കനത്ത മഴയിലും മണ്ണിടിച്ചിലിലും, ഉരുള്‍പ്പൊട്ടലിലും പെട്ട്‌ സംസ്ഥാനത്ത്‌ 17 പേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. വന്‍തോതില്‍ കൃഷി നാശവും ഉണ്ടായി.
സംസ്ഥാനത്ത്‌ അതീവ ഗുരുതര സാഹചര്യമാണ്‌ നിലനില്‍ക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി 10 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. അടിമാലി-മൂന്നാര്‍ റൂട്ടില്‍ ദേശീയപാതയ്‌ക്കു സമീപം പുത്തന്‍ കുന്നേല്‍ ഹസന്‍ കോയയുടെ വീടിനു മുകളിലേയ്‌ക്ക്‌ മണ്ണിടിഞ്ഞു വീണുണ്ടായ ദുരന്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഹസന്‍ കോയയുടെ ഭാര്യഫാത്തിമ, മകന്‍ മുജീബ്‌, ഭാര്യ ഷമീന, മക്കളായ ദിയഫാത്തിമ, നിയ ഫാത്തിമ എന്നിവരാണ്‌ മരിച്ചത്‌. ഹസന്‍കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ സംഭവം.
ഇടുക്കി, കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ ഉരുള്‍പൊട്ടി രണ്ടു പേര്‍ മരിച്ചു. അഗസ്‌തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ്‌ മരിച്ചത്‌. മലപ്പുറം, നിലമ്പൂര്‍, ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട്‌ അഞ്ചുപേര്‍ മരിച്ചു. ഉരുള്‍പ്പൊട്ടലില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട നിലമ്പൂരില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.വയനാട്‌ ജില്ലയില്‍ 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വന്‍നാശനഷ്‌ടം ഉണ്ടായി. വയനാട്‌ ചുരം വഴിയുള്ള ഗതാഗതത്തെയും ഉരുള്‍പൊട്ടല്‍ പ്രതികൂലമായി ബാധിച്ചു. കോഴിക്കോട്ടും വയനാട്ടിലും ഓരോരുത്തര്‍ വീതം മരണപ്പെട്ടു.

NO COMMENTS

LEAVE A REPLY