തെയ്യംകെട്ടുത്സവങ്ങള്‍; ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മാതൃകയാവണം:എം എല്‍ എ

0
63


പാലക്കുന്ന്‌ : വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവങ്ങള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആചാരാനുഷ്‌ഠാനത്തോടെ കൊണ്ടാടണമെന്നു കെ.കുഞ്ഞിരാമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. പത്തോളം തെയ്യം കെട്ടുകളാണ്‌ ജില്ലയില്‍ ഒരുവര്‍ഷം ആഘോഷിക്കുന്നത്‌. നാട്ടിലെ മൊത്തത്തിലുള്ള ജനകീയ കൂട്ടായ്‌മക്ക്‌ തെയ്യംകെട്ടുത്സവങ്ങള്‍ വേദിയാകുന്നുണ്ടെങ്കിലും ഏകദേശം മൂന്ന്‌ കോടിയിലേറെ രൂപയാണ്‌ വര്‍ഷംതോറും ഇതിനായി തറവാടുകള്‍ ചിലവഴിക്കുന്നത്‌. ഇതിലേറെയും ചിലവഴിക്കുന്നത്‌ ആചാരനിര്‍വഹണത്തിനല്ല ആര്‍ഭാടത്തിനാണ്‌. അതിരുകവിഞ്ഞ ഫ്‌ളക്‌സും ബാനറുകളും കമാനങ്ങളും ഒഴിവാക്കണം. പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്ര പരിധിയില്‍പെട്ട ഉദുമ തെക്കേക്കര പുതിയപുര തറവാട്ടില്‍ ചരിത്രത്തില്‍ ആദ്യമായി അടുത്ത വര്‍ഷം നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവത്തിന്റ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന്‌ പ്രസംഗിച്ചവരെല്ലാം തെയ്യംകെട്ടുത്സവാഘോഷത്തിന്റെ പേരില്‍ നടത്തുന്ന അധിക ചിലവുകള്‍ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട്‌ കെ. ബാലകൃഷ്‌ണന്‍ ആധ്യക്ഷം വഹിച്ചു. ക്ഷേത്ര മുഖ്യകര്‍മ്മി സുനീഷ്‌ പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ.മുഹമ്മദാലി, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്മാരായ കെ. പ്രഭാകരന്‍, കെ. സന്തോഷ്‌കുമാര്‍, വാര്‍ഡ്‌അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ഉദയമംഗലം സുകുമാരന്‍, കൃഷ്‌ണന്‍ ചട്ടഞ്ചാല്‍, പി.വി.ചിത്രഭാനു, ചന്ദ്രശേഖരന്‍ കാരണവര്‍, രാജന്‍ പെരിയ, നാരായണന്‍ ചൂരിക്കോട്‌, ബലരാമന്‍ നമ്പ്യാര്‍, ഗോപു തല്ലാണി, കൃഷ്‌ണന്‍ കല്ലേ്യാട്ട്‌, പി.വി.ഭാസ്‌കരന്‍, മുങ്ങത്ത്‌ ദാമോദരന്‍ നായര്‍ പ്രസംഗിച്ചു. ഫണ്ട്‌ ശേഖരണ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ പെരിയ പ്രഥമ ഫണ്ട്‌ ആഘോഷ കമ്മിറ്റി ചെയര്‍മാന്‌ കൈമാറി.
ഏപ്രില്‍ നാലു മുതല്‍ ഏഴു വരെയാണ്‌ തെയ്യംകെട്ടുത്സവം. ഭാരവാഹികള്‍ :സി.എച്ച്‌.നാരായണന്‍ (ചെയ.),കെ.ബാലകൃഷ്‌ണന്‍ (വര്‍. ചെയ.), പള്ളം കുഞ്ഞിരാമന്‍(ജന. കണ്‍.), ശ്രീധരന്‍ പള്ളം (ട്രഷ.) പി. വി. ചിത്രഭാനു (വര്‍. കോര്‍ഡിനേറ്റര്‍)

NO COMMENTS

LEAVE A REPLY