ഓണം സ്‌പെഷ്യല്‍ ഡ്രൈവ്‌ ഊര്‍ജ്ജിതം; എക്‌സൈസ്‌ പിടികൂടിയത്‌ 54 ലിറ്റര്‍ മദ്യം

0
65


കാസര്‍കോട്‌: ഓണം പ്രമാണിച്ച്‌ അനധികൃത മദ്യവില്‍പ്പന സജീവമാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ നടന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ പിടികൂടിയത്‌ 54 ലിറ്റര്‍ വിദേശമദ്യം. കറന്തക്കാട്‌, കൂഡ്‌ലു എന്നിവിടങ്ങളില്‍ കാസര്‍കോട്‌ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍ സ്‌പെക്‌ടര്‍ പി എം പ്രവീണിന്റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡിലാണ്‌ ഓണം വിപണി ലക്ഷ്യമിട്ട്‌ സൂക്ഷിച്ച 54 ലിറ്റര്‍ വിദേശമദ്യവുമായി കൂഡ്‌ലു, പായിച്ചാലിലെ കെ സുനില്‍കുമാര്‍(37) അറസ്റ്റിലായത്‌. കര്‍ണ്ണാടകയില്‍ മാത്രം വില്‍പ്പനാനുമതിയുള്ള 300 ടെട്രാ പാക്കറ്റ്‌ മദ്യമാണ്‌ പിടികൂടിയത്‌. മദ്യം കടത്തുവാനുപയോഗിച്ച ബൈക്കും എക്‌സൈസ്‌ കസ്റ്റഡിയിലെടുത്തു. പ്രതി ഒരാഴ്‌ച്ചയായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും പിടികൂടിയ മദ്യത്തിന്‌ 40,000 രൂപ വില വരുമെന്നും എക്‌സൈസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍സ്‌പെക്‌ടര്‍ പ്രവീണിനു പുറമെ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സി കെ വി സുരേഷ്‌, ആര്‍ രമേശന്‍, ജോസഫ്‌ അഗസ്റ്റ്യന്‍, ചാള്‍സ്‌ ജോസ്‌, ഡ്രൈവര്‍ സത്യന്‍ എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു. ഓണം പ്രമാണിച്ച്‌ വാഹന പരിശോധനയും പട്രോളിംഗും ശക്തമാക്കുമെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY