ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞു; യാത്രക്കാര്‍ ഭീതിയില്‍

0
78


കാസര്‍കോട്‌:ജില്ലയില്‍ ദേശീയപാത മുഴുവന്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. യാത്ര ദുഷ്‌ക്കരവും അപകട സാധ്യതയേറിയതുമായതോടെ യാത്രക്കാര്‍ ഭീതിയില്‍. നീലേശ്വരം മുതല്‍ കാലിക്കടവ്‌ വരെയും അണങ്കൂര്‍ മുതല്‍ മഞ്ചേശ്വരം വരെയും ദേശീയപാതയില്‍ വന്‍കുഴികള്‍ നിറഞ്ഞു.
ചില സ്ഥലങ്ങളില്‍ പാതാളക്കുഴികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ചെറുവത്തൂര്‍, മേല്‍മട്ടലായയില്‍ വലിയ കുഴികളാണ്‌ രൂപം കൊണ്ടിട്ടുള്ളത്‌. ഇവിടെ ഇക്കഴിഞ്ഞ 12ന്‌ ഉണ്ടായ ബൈക്കപകടത്തില്‍ ഡി വൈ എഫ്‌ ഐ ചെറുവത്തൂര്‍ മേഖലാ കമ്മറ്റി എ സി സിജിത്ത്‌ (28) മരണപ്പെട്ടിരുന്നു.
പാതാളക്കുഴിയില്‍ വീഴുന്നതില്‍ നിന്നും ബൈക്ക്‌ വെട്ടിക്കുന്നതിനിടയില്‍ എതിരെ വന്ന ടൂറിസ്റ്റ്‌ ബസിടിച്ചാണ്‌ അപകടം ഉണ്ടായത്‌. എന്നാല്‍ കുഴി നികത്തുന്നതിനു അധികൃതരുടെ ഭാഗത്തു നിന്നു ഒരു നീക്കവും ഉണ്ടാകാത്തത്‌ ജനകീയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്‌. വലിയ കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ചെറുവാഹനങ്ങളാണ്‌ കൂടുതലായും അപകടത്തില്‍പ്പെടുന്നത്‌. കാസര്‍കോടിനും കുമ്പളയ്‌ക്കും ഇടയിലും ദേശീയപാതയുടെ സ്ഥിതി വ്യത്യസ്ഥമല്ല. പല സ്ഥലങ്ങളിലും വലിയ കുഴികളാണ.്‌ കറന്തക്കാട്‌, അഡ്‌ക്കത്തുബയല്‍, ചൗക്കി, മൊഗ്രാല്‍ പുത്തൂര്‍, കടവത്ത്‌, മൊഗ്രാല്‍ പാലം, മൊഗ്രാല്‍, കുമ്പള പാലം, മാവിനക്കട്ട എന്നിവിടങ്ങളില്‍ വലിയ കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്‌. ബന്തിയോടു മുതല്‍ മഞ്ചേശ്വരം വരെയും റോഡിന്റെ സ്ഥിതി വ്യത്യസ്‌തമല്ല.
റോഡ്‌ തകര്‍ന്നു കിടക്കുന്നതിനാല്‍ യഥാസമയത്ത്‌ ഓടിയെത്താന്‍ കഴിയുന്നില്ലെന്നു ബസ്‌ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബസുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും നാശം ഉണ്ടാക്കുന്നതായും അവര്‍ പറയുന്നു. അതേ സമയം തകര്‍ന്നു കിടക്കുന്ന ദേശീയപാതയില്‍ അറ്റക്കുറ്റപ്പണി നടത്താനുള്ള ആലോചന പോലും ദേശീയപാത അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ദേശീയപാത വികസിപ്പിക്കുന്ന ജോലി മഞ്ചേശ്വരത്തു നിന്നാണ്‌ ആരംഭിക്കുന്നത്‌. അതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ അറ്റക്കുറ്റപ്പണിക്കു സാധ്യതയില്ലെന്നും പറയുന്നു.

NO COMMENTS

LEAVE A REPLY