ദേവകി കൊലക്കേസ്‌:ക്യാമ്പ്‌ ഓഫീസ്‌ ക്രൈംബ്രാഞ്ച്‌ അടച്ചുപൂട്ടി

0
61

പൊയിനാച്ചി: പനയാല്‍, ബങ്ങാട്‌,കാട്ടിയടുക്കത്തെ ദേവകി(68)യുടെ കൊലയാളികളെ കണ്ടെത്തുന്നതിനായി തുറന്ന പ്രത്യേക ക്യാമ്പ്‌ ഓഫീസ്‌ ക്രൈംബ്രാഞ്ച്‌ അടച്ചുപൂട്ടി. ഇതോടെ കേസിന്റെ അന്വേഷണം പൂര്‍ണ്ണമായും നിലച്ചു. ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കാട്ടിയടുക്കത്തെ വീട്ടില്‍ ഒറ്റയ്‌ക്കു താമസിച്ചിരുന്ന ദേവകി(68)യെ 2016 ജനുവരി 13ന്‌ വൈകുന്നേരമാണ്‌ സ്വന്തം വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. അടച്ചുറപ്പില്ലാത്ത വീട്ടിനകത്തു കിടക്ക പായയില്‍ കമിഴ്‌ന്നു കിടന്ന നിലയിലായിരുന്നു ജഡം കാണപ്പെട്ടത്‌. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തു ഞെരുക്കിയും ശ്വാസം മുട്ടിച്ചുമാണ്‌ കൊലനടത്തിയതെന്നു സ്ഥിരീകരിച്ചിരുന്നു. ബേക്കല്‍ ഇന്‍സ്‌പെക്‌ടര്‍ വി കെ വിശ്വംഭരന്റെ നേതൃത്വത്തിലാണ്‌ ആദ്യം അന്വേഷണം നടത്തിയത്‌. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ സി പി എമ്മും ബി ജെ പിയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്‌തു. സി പി എം നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍കമ്മറ്റി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്‌ കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറിയത്‌. അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ മേധാവിയും ഇപ്പോഴത്തെ ജില്ലാ പൊലീസ്‌ മേധാവിയുമായ ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഡിവൈ എസ്‌ പി യു പ്രേമനാണ്‌ കേസ്‌ അന്വേഷിച്ചത്‌. ഇതിന്റെ ഭാഗമായാണ്‌ ദേവകിയുടെ വീട്ടില്‍ നിന്നു വിളിപ്പാടകലെ ക്രൈംബ്രാഞ്ച്‌ പ്രത്യേക ക്യാമ്പ്‌ തുറന്നത്‌. മാസങ്ങളോളം അന്വേഷിച്ചിട്ടും ലോക്കല്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിനു അപ്പുറത്തേയ്‌ക്കു പോകാന്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ അന്വേഷണ സംഘത്തലവനായ ഡിവൈ എസ്‌ പി യു പ്രേമനെ സ്ഥലം മാറ്റുകയും ചെയ്‌തു. ഇതോടെയാണ്‌ പ്രത്യേക ക്യാമ്പ്‌ ഓഫീസ്‌ തുറക്കാതായത്‌. അതേസമയം ദേവകിയുടെ കൊലയാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി നേരത്തെ പ്രക്ഷോഭ രംഗത്തുണ്ടായിരുന്നവര്‍ ഇപ്പോള്‍ മൗനത്തിലുമാണ്‌. ദേവകിക്കു ശേഷം കൊല്ലപ്പെട്ട പെരിയ, വില്ലാരംപതി റോഡിലെ പതിനോറഡിലെ സുഹ്‌റ, ചീമേനിയിലെ ജാനകി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ്‌ അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു.

NO COMMENTS

LEAVE A REPLY