വിദ്യാനഗര്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടറെ നാടകീയമായി സ്ഥലം മാറ്റി

0
17


കാസര്‍കോട്‌: സങ്കീര്‍ണ്ണമായ രണ്ട്‌ കൊലക്കേസുകള്‍ വിദഗ്‌ദ്ധ അന്വേഷണത്തിലൂടെ തെളിയിച്ച വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടര്‍ ബാബു പെരിങ്ങേത്തിനെ നാടകീയമായി സ്ഥലം മാറ്റി. കാസര്‍കോട്‌ വിജിലന്‍സിലേയ്‌ക്കാണ്‌ സ്ഥലം മാറ്റം. അടുത്തിടെ വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നടന്ന രാഷ്‌ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ഭരണകക്ഷി പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന്‌ കേസെടുത്തതും പ്രതികളില്‍ ഒരാളുടെ വാഹനം പിടികൂടിയതുമാണ്‌ പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന്‌ ഇടയാക്കിയതെന്നുമാണ്‌ സൂചന. ഇത്‌ പൊലീസ്‌ സേനയ്‌ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്‌.
ചെര്‍ക്കള വി കെ പാറയില്‍ കര്‍ണ്ണാടക സ്വദേശിയായ രംഗപ്പയെ നെഞ്ചിന്‌ കല്ലിട്ടുകൊന്ന കേസിന്‌ തുമ്പുണ്ടാക്കിയത്‌ ബാബു പെരിങ്ങേത്തിന്റെ അന്വേഷണ മികവായിരുന്നു. അഴുകി തുടങ്ങിയ നിലയിലാണ്‌ രംഗപ്പയുടെ മൃതദേഹം കാണപ്പെട്ടത്‌. വീണ്‌ മരിച്ചതായിരിക്കാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹത്തിന്റെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്‌ കൊലപാതകമാണെന്ന സൂചനയിലേക്ക്‌ വിരല്‍ ചൂണ്ടി. ഈ സംശയം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലയാളികളെ കണ്ടെത്തിയത്‌.
ബാബു പെരിങ്ങേത്തിന്റെ അന്വേഷണ മികവ്‌ തെളിയിച്ച മറ്റൊരു കൊലക്കേസ്‌ പെര്‍ള, കാട്ടുകുക്കെ, പെര്‍ളത്തടുക്കയിലെ ശരണപ്പ ബാസപ്പ കൊലക്കേസാണ്‌.ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ്‌ കര്‍ണ്ണാടക, ഗദക്‌, അരുണാക്ഷി പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ശരണപ്പയെ പെര്‍ളത്തടുക്കയിലെ വിജനമായ സ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അജ്ഞാത ജഡമെന്ന നിലയിലാണ്‌ കേസ്‌ അന്വേഷണം ആരംഭിച്ചത്‌. അജ്ഞാത ജഡമായതിനാല്‍ കൂടുതല്‍ അന്വേഷണത്തിന്‌ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ഉയര്‍ത്താന്‍ ആരും രംഗത്ത്‌ വന്നതുമില്ല.സി ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണം സംഭവിച്ചത്‌ തലക്കടിയേറ്റാണെന്ന്‌ കണ്ടെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചറിയലായിരുന്നു പൊലീസിന്‌ മുന്നിലെ ആദ്യത്തെ കടമ്പ. അതില്‍ അന്വേഷണ സംഘം വിജയിച്ചു. തുടര്‍ന്നാണ്‌ കൊലയാളികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചത്‌.
മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെര്‍ളത്തടുക്കയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്‌ വ്യക്തമായി. പിന്നീട്‌ കൊല നടന്ന ക്വാര്‍ട്ടേഴ്‌സ്‌ കണ്ടെത്തുകയും ചെയ്‌തു. കൊലയാളികള്‍ക്കായുള്ള അന്വേഷണം തമിഴ്‌നാട്ടിലേയ്‌ക്ക്‌ എത്തിയെങ്കിലും ചെന്നവസാനിച്ചത്‌ മാവോയിസ്റ്റ്‌ ശക്തി കേന്ദ്രമായ ഛത്തീസ്‌ഗഡ്ഡിലായിരുന്നു. പൊലീസ്‌ അവിടെയെത്തി പ്രതികളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. ഈ രണ്ട്‌ കൊലക്കേസുകള്‍ അന്വേഷിച്ച്‌ തെളിയിച്ചതിന്‌ അന്നത്തെ ജില്ലാ പൊലീസ്‌ ചീഫ്‌ കെ ജി സൈമണ്‍, ഇന്‍സ്‌പെക്‌ടറെയും അന്വേഷണ സംഘത്തെയും അനുമോദിക്കുകയും ചെയ്‌തിരുന്നു. ബാബു പെരിങ്ങേത്തിന്‌ പകരം വിജിലന്‍സില്‍ നിന്ന്‌ എ അനില്‍കുമാറിനെ വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടറായി നിയമിച്ചു.
കാസര്‍കോട്‌ ഇന്‍സ്‌പെക്‌ടര്‍ സി എ അബ്‌ദുള്‍ റഹിമാനെ കാസര്‍കോട്‌ ക്രൈംബ്രാഞ്ചിലേയ്‌ക്ക്‌ മാറ്റി. റിക്വസ്റ്റ്‌ പ്രകാരമാണ്‌ സ്ഥലംമാറ്റം. പകരം ക്രൈംബ്രാഞ്ചില്‍ നിന്ന്‌ വി വി മനോജിനെ കാസര്‍കോട്ട്‌ നിയമിച്ചു.

NO COMMENTS

LEAVE A REPLY