വ്യാജ പരാതികള്‍ പൊലീസിനെ വലയ്‌ക്കുന്നു

0
14


കാസര്‍കോട്‌:വ്യാജ പരാതികള്‍ പൊലീസിനു തലവേദനയാകുന്നു. ഒരു മാസത്തിനിടയില്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ടു ലഭിച്ച മൂന്നു പരാതികള്‍ വ്യാജമായിരുന്നെന്നു പൊലീസ്‌ സൂചിപ്പിച്ചു. ഏറെ പൊതുജന -മാധ്യമ ശ്രദ്ധ പതിഞ്ഞ കേസുകള്‍ ആണ്‌ ഇവയെന്നും പൊലീസ്‌ ചൂണ്ടിക്കാട്ടി.ആദൂരില്‍ കോഴി വ്യാപാരിയെ മൂന്നംഗ മുഖംമൂടി സംഘം തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചുവെന്ന കേസില്‍ അറസ്റ്റിലായതു കവര്‍ച്ചക്കിരയായെന്നു മൊഴിനല്‍കിയ ലോറി ഡ്രൈവര്‍ തന്നെയാണെന്നു പൊലീസ്‌ ചൂണ്ടിക്കാട്ടി. ഈ സംഭവത്തില്‍ ഡ്രൈവറെ ചോദ്യം ചെയ്‌തതിലൂടെ മറ്റു ചിലര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടെന്നു പൊലീസ്‌ കണ്ടെത്തുകയായിരുന്നു. കോഴി ഉടമയ്‌ക്കൊപ്പം ലോറി ഡ്രൈവര്‍ ഫാറൂഖും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഈ മാസം ഒന്നിന്‌ ചെര്‍ക്കളയില്‍ വീട്ടമ്മയുടെ വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയ ശേഷം രണ്ടുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നുവെന്ന പരാതിയും വിശദമായ അന്വേഷണത്തിനൊടുവില്‍ കെട്ടുകഥയാണെന്നു പൊലീസ്‌ കണ്ടെത്തുകയായിരുന്നു.എതിര്‍ത്തോട്‌, കുണ്ടോളംമൂല ബദര്‍ നഗറിലെ ഗള്‍ഫുകാരന്‍ മുഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ സുഹ്‌റ(39) കവര്‍ച്ചയ്‌ക്കിരയായെന്നായിരുന്നു പരാതി. ഓംനിവാനിലെത്തിയ ഹെല്‍മറ്റ്‌ ധരിച്ചിരുന്ന ആള്‍ വായയില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയായിരുന്നു കവര്‍ച്ച എന്നായിരുന്നു സുഹ്‌റയുടെ മൊഴി. വിദ്യാനഗര്‍ പൊലീസ്‌ സമഗ്രമായി നടത്തിയ അന്വേഷണത്തിലാണ്‌ പരാതി കെട്ടുകഥയാണെന്ന്‌ കണ്ടെത്തിയത്‌. സുഹറ ആശുപത്രിയിലും അഡ്‌മിറ്റായിരുന്നു. അതുപോലെ ബൈക്കുയാത്രക്കിടെ നടുപ്പള്ളത്തെ അബ്‌ദുള്‍ ശുഹൈബി(24)നെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളകുപൊടി വിതറി 15 പവനും 1.70 ലക്ഷം രൂപയും കവര്‍ന്നുവെന്ന വാര്‍ത്തയും നാടിനെ ഞെട്ടിച്ചിരുന്നു.ബദിയഡുക്ക പൊലീസാണ്‌ കേസ്‌ അന്വേഷിച്ചിരുന്നത്‌. ഈ മാസം 2ന്‌ വൈകിട്ട്‌ സീതാംഗോളി, പെര്‍ള റോഡിലെ ബാഡൂര്‍ പഞ്ചാനയിലാണ്‌ സംഭവമെന്നായിരുന്നു പരാതി. അക്രമികളെ കണ്ടെത്താന്‍ പുത്തിഗെ റോഡരുകിലെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ്‌ പരിശോധിച്ചിരുന്നു. എസ്‌ ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ്‌ പരാതി വ്യാജമാണെന്നു വ്യക്തമായത്‌. സംഭവം സംബന്ധിച്ച്‌ വാട്‌സ്‌ ആപ്പ്‌ ശബ്‌ദ സന്ദേശങ്ങള്‍ ല ഭിച്ചതിനെ തുടര്‍ന്ന്‌ പരാതിക്കാരനായ അബ്‌ദുള്‍ ശുഹൈബിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഭവം കെട്ടിച്ചമച്ചതാണെന്നു വ്യക്തമായത്‌. കേസന്വേഷണത്തിലും കുറ്റകൃത്യങ്ങള്‍ക്കു തടയിടുന്നതിലും സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കാസര്‍കോട്‌ പൊലീസിന്‌ വ്യാജ പരാതികള്‍ മനോവീര്യം കെടുത്തുന്നുവെന്നു ആശങ്കയുണ്ട്‌. വ്യാജ പരാതിയിലൂടെ പൊലീസിനെയും സമൂഹത്തെയും കബളിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY