വീട്‌ കാസര്‍കോട്‌ താലൂക്കില്‍; റേഷന്‍ കാര്‍ഡ്‌ മഞ്ചേശ്വരത്ത്‌; ഉടമകള്‍ ദുരിതത്തില്‍

0
13


സീതാംഗോളി: മഞ്ചേശ്വരം താലൂക്ക്‌ അതിര്‍ത്തി നിര്‍ണ്ണയം കാസര്‍കോട്‌ താലൂക്കിലെ റേഷന്‍ കാര്‍ഡുടമകളെ ദുരിതത്തിലാക്കിയതായി പരാതി. മഞ്ചേശ്വരം താലൂക്ക്‌ രൂപീകരിക്കുമ്പോള്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളെയാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ പഞ്ചായത്ത്‌ അതിര്‍ത്തിയിലെ റേഷന്‍ ഷോപ്പുകളെയും മഞ്ചേശ്വരം താലൂക്ക്‌ പരിധിയില്‍ ചേര്‍ത്തതാണ്‌ പ്രശ്‌നത്തിനു ഇടയാക്കിയത്‌.
എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, പള്ളം, പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളി റേഷന്‍ ഷോപ്പുകളെയാണ്‌ മഞ്ചേശ്വരം താലൂക്ക്‌ പരിധിയിലെ സപ്ലൈ ഓഫീസിലേക്ക്‌ ചേര്‍ത്തത്‌. പെര്‍ള റേഷന്‍ ഷോപ്പിലെ പകുതി ഉപഭോക്താക്കളും ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടുക്ക, കാര്യാട്‌, ബണ്‍പത്തടുക്ക ഭാഗത്തുള്ളവരാണ്‌. പള്ളം റേഷന്‍ ഷോപ്പിലെ കൂടുതല്‍ കാര്‍ഡുടമകളും കന്യപ്പാടി മുതല്‍ ഏല്‍ക്കാന വരെയുള്ളവരാണ്‌. ഈ പ്രദേശം ബദിയഡുക്ക പഞ്ചായത്തിലാണ്‌. സീതാംഗോളി റേഷന്‍ ഷോപ്പിലെ പകുതിയോളം പേര്‍ മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി ഭാഗത്തുള്ളവരും ബദിയഡുക്ക പഞ്ചായത്തിലെ ബേള, ദര്‍ബത്തടുക്ക പ്രദേശങ്ങളില്‍ ഉള്ളവരുമാണ്‌.കാസര്‍കോട്‌ താലൂക്ക്‌ പരിധിയില്‍ വീടും മഞ്ചേശ്വരം താലൂക്ക്‌ പരിധിയില്‍ കാര്‍ഡും എന്ന അവസ്ഥ ഉണ്ടായതോടെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്‌. റേഷന്‍ കാര്‍ഡിലെ ചെറിയ തെറ്റുകള്‍ മാറ്റാന്‍ പോയപ്പോഴാണ്‌ പലരും സപ്ലൈ ഓഫീസ്‌ തന്നെ മാറിയ കാര്യം അറിഞ്ഞത്‌.
ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച കൈപ്പിഴവിനു പകരം നിലവിലുള്ള റേഷന്‍ കാര്‍ഡ്‌ ക്യാന്‍സല്‍ ചെയ്‌ത്‌ പുതിയ കാര്‍ഡ്‌ എടുക്കണമെന്ന നിര്‍ദ്ദേശമാണ്‌ ബന്ധപ്പെട്ടവര്‍ നല്‍കുന്നതെന്നാണ്‌ സിവില്‍ സപ്ലൈസ്‌ അധികൃതര്‍ പറയുന്നതെന്നു ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സാധ്യമാകണമെങ്കില്‍ ദിവസങ്ങളോളം ഓഫീസുകള്‍ കയറി ഇറങ്ങേണ്ടുന്ന സ്ഥിതി ഉണ്ടാക്കുമെന്നു കാര്‍ഡുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

NO COMMENTS

LEAVE A REPLY