നല്‍ക്ക-അടുക്കസ്ഥല റൂട്ടിലെ കുദുക്കോളിയില്‍ റോഡ്‌ ഇടിയുന്നു; ജനങ്ങള്‍ ആശങ്കയില്‍

0
28


പെര്‍ള:റോഡിന്‌ കുറുകെ ഉള്ള കള്‍വെര്‍ട്ടിന്റെ ഒരു ഭാഗത്തെ മണ്ണ്‌ ഇടിഞ്ഞ്‌ വീണു ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ നല്‍ക്ക- അടുക്കസ്ഥല റൂട്ടിലുള്ള കുദുക്കോളിയിലാണ്‌ കള്‍വെര്‍ട്ടിന്റെ ഒരു ഭാഗത്തു മണ്ണിടിഞ്ഞ്‌ അപകട നിലയിലായിട്ടുള്ളത്‌. നല്‍ക്ക മുതല്‍ അടുക്കസ്ഥല വരെയുള്ള സംസ്ഥാന പാതയുടെ ഇരു ഭാഗങ്ങളിലുമുള്ള ഓവുചാല്‍ മണ്ണ്‌ നിറഞ്ഞ്‌ മൂടിയ നിലയിലാണ്‌. ചില സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലേക്ക്‌ അശാസ്‌ത്രീയമായി റോഡ്‌ ഉണ്ടാക്കിയതാണ്‌ ഓവുചാലുകള്‍ മണ്ണുമൂടാന്‍ കാരണമായതെന്ന്‌ ആരോപണമുണ്ട്‌.
ഓവുചാല്‍ മൂടിയതോടെ മഴ വെള്ളം റോഡിലൂടെ ഒഴുകി കള്‍വെര്‍ട്ടിന്റെ സമീപത്ത്‌ നിന്ന്‌ താഴേക്ക്‌ പോകുന്നു. ഇവിടെയാണ്‌ മണ്ണ്‌ ഇടിഞ്ഞ്‌ പോയിട്ടുള്ളത്‌. നല്‍ക്ക -അടുക്കസ്ഥല റൂട്ടില്‍ ദിവസവും 50ല്‍പരം ബസുകളും അതിന്റെ പത്തിരട്ടി മറ്റു വാഹനങ്ങളും ഓടുന്നുണ്ട്‌. ടാക്‌സി ഡ്രൈവര്‍മാര്‍ റോഡിന്റെ അപകടനില ബദിയഡുക്ക പൊതുമരാമത്ത്‌ അധികൃതരെ അറിയിച്ചിരുന്നു. പൊതുമരാമത്ത്‌ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച്‌ തിരിച്ച്‌ പോയതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ആദ്യം കുറച്ച്‌ സ്ഥലത്ത്‌ മാത്രമേ മണ്ണ്‌ ഇടിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴത്‌ കൂടുതല്‍ സ്ഥലത്തേക്കു വ്യാപിച്ചിട്ടുണ്ട്‌. ഇനിയും മഴവെള്ളം ഒഴുകിയാല്‍ റോഡ്‌ തന്നെ തകര്‍ന്നു പോവുമെന്ന സ്ഥിതിയാണെന്നു നാട്ടുകാര്‍ ഭയപ്പെടുന്നു.

NO COMMENTS

LEAVE A REPLY