വീടിനു മുകളിലേയ്‌ക്ക്‌ മണ്ണിടിഞ്ഞ്‌ വീണ്‌ മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

0
28


പെര്‍ള:ശക്തമായ മഴയെ തുടര്‍ന്ന്‌ വീട്ടിനു മുകളിലേയ്‌ക്ക്‌ മണ്ണിടിഞ്ഞുവീണു വീട്ടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. കര്‍ണ്ണാടക, പുത്തൂര്‍, ഹെബ്ബാര്‍ വയലില്‍ ഇന്നു പുലര്‍ച്ചെ 2.30മണിയോടെയാണ്‌ സംഭവം. ഹെബ്ബാര്‍, വയലിലെ പരേതനായ വിശ്വാസ്‌ സാലിയാന്റെ ഭാര്യ പാര്‍വ്വതി(65) മകന്‍ മഹേഷിന്റെ മകന്‍ ധനുഷ്‌(11) എന്നിവരാണ്‌ മരിച്ചത്‌. ഇരുവരും ഒരേ പായയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെ സമീപത്തെ കുന്നിടിഞ്ഞു ഓടിട്ട വീടിനു മുകളിലേയ്‌ക്കു വീഴുകയായിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ കോണ്‍ക്രീറ്റ്‌ ബീം നിര്‍മ്മിച്ചിരുന്നുവെങ്കിലും ശക്തമായ മഴയില്‍ അതും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ ഓടിയെത്തിയ പരിസരവാസികള്‍ ഏറെ പണിപ്പെട്ടാണ്‌ മണ്ണിനും കോണ്‍ക്രീറ്റിനും അടിയില്‍ കുടുങ്ങികിടന്നവരെ പുറത്തെടുത്തത്‌. അപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു. പാര്‍വ്വതിയുടെ ഭര്‍ത്താവ്‌ ഒരു മാസം മുമ്പാണ്‌ മരണപ്പെട്ടത്‌. മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പാണ്‌ പാര്‍വ്വതിയെയും പേരക്കുട്ടിയെയും മരണം തട്ടിയെടുത്തത്‌.
ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ധനുഷ്‌. യോഗീഷ്‌, ഗായത്രി, രാജേശ്വരി എന്നിവരാണ്‌ പാര്‍വ്വതിയുടെ മറ്റുമക്കള്‍.

NO COMMENTS

LEAVE A REPLY