അരുതേ, ഇങ്ങനെ മാലിന്യം തള്ളല്ലേ…

0
200


അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണ്‌ കാഞ്ഞങ്ങാട്‌. നഗരത്തിനു തണല്‍ നല്‍കിയിരുന്ന തണല്‍ മരങ്ങളെല്ലാം മുറിച്ചു കഴിഞ്ഞു; കെ.എസ്‌.ടി.പി റോഡു നിര്‍മ്മാണത്തിന്റെ പേരിലായിരുന്നു ഇത്‌. മരങ്ങള്‍ മുറിച്ചു നീക്കിയതോടെയാണ്‌ നഗരത്തിലെത്തുന്നവരും വ്യാപാരികളും മരങ്ങളുടെ വില എന്താണെന്ന്‌ ശരിക്കും അറിഞ്ഞത്‌. ബസിനു കാത്തു നില്‍ക്കുന്നവര്‍ വെയിലുകൊള്ളാതെ നോക്കാന്‍പെട്ട പാട്‌ ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്‌ കാഞ്ഞങ്ങാട്‌ നഗരം കണ്ടതാണ്‌.
കാഞ്ഞങ്ങാട്‌ നഗരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ മാലിന്യ പ്രശ്‌നം. കോട്ടച്ചേരി മീന്‍മാര്‍ക്കറ്റ്‌ പഴയ ചെളിക്കുഴിയില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും അവിടത്തെ മാലിന്യപ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റില്‍ നിന്നു ഒഴുക്കിവിടുന്ന മലിന ജലം സമീപത്തു കെട്ടിനില്‍ക്കുന്നു.
ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു ഇടയാക്കുന്നതോടൊപ്പം റെയില്‍വെ സ്റ്റേഷനിലേക്ക്‌ കാല്‍നടയായി പോകുന്നവര്‍ക്കു ദുരിതവും തീര്‍ക്കുന്നു.തൊട്ടടുത്തു തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത്‌ മാലിന്യ നിക്ഷേപം നാള്‍ക്കുനാള്‍ കുന്നുപോലെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്‌ മാലിന്യങ്ങളെല്ലാം ഇവിടെയാണ്‌ തള്ളുന്നത്‌. അജൈവ മാലിന്യമായതിനാല്‍ നാറ്റം അനുഭവപ്പെടുന്നില്ലെങ്കിലും കനത്ത മഴയും വെള്ളക്കെട്ടും കാരണം സമീപ സ്ഥലങ്ങളിലൊക്കെ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഇതിനു ഒരു പരിഹാരം ആയില്ലെങ്കില്‍ ഏറെ വൈകാതെ തന്നെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ വെള്ളക്കെട്ടു മുഴുവന്‍ മാലിന്യം നിറയും.
പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ഇവിടെ നിന്നു ഒഴുകി സമീപത്തെ വയലുകളിലെത്തും. ഇതു വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു ഇടയാക്കും. അതിനാല്‍ അലക്ഷ്യമായ പ്ലാസ്റ്റിക്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനം തടയുകയും മാലിന്യ സംസ്‌ക്കരണത്തിനു ശാസ്‌ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഇല്ലാത്ത പക്ഷം കാഞ്ഞങ്ങാട്‌ നഗരം മാത്രമല്ല, സമീപ പഞ്ചായത്തുകളിലും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ അത്‌ ഇടയാക്കും.
അഷ്‌റഫ്‌
കാഞ്ഞങ്ങാട്‌

NO COMMENTS

LEAVE A REPLY