ഫഹദ്‌ വധം: പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു

0
22


കാസര്‍കോട്‌: കല്ല്യോട്ട്‌ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട പ്രതി കല്ല്യോട്ട്‌, കണ്ണോത്തെ വി വി വിജയകുമാറി (37)നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 2015 ജൂലൈ ഒന്‍പതിനാണ്‌ കല്ല്യോട്ട്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ ഫഹദിനെ അയല്‍ക്കാരനായ വിജയകുമാര്‍ കൊലപ്പെടുത്തിയത്‌.പ്രതിക്ക്‌ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രൂരമായ കൊലപാതകമാണെങ്കിലും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്നും നിരീക്ഷിച്ച ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (മൂന്ന്‌) പ്രതിക്ക്‌ ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു. തടഞ്ഞു നിര്‍ത്തിയ കുറ്റത്തിന്‌ ഒരു മാസം കൂടി തടവിന്‌ ശിക്ഷിച്ചുവെങ്കിലും ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും വിധി പ്രസ്‌താവനയില്‍ പറഞ്ഞു.
യാതൊരു കൂസലും ഇല്ലാതെ വിധി പ്രസ്‌താവന കേട്ട പ്രതി വിജയകുമാര്‍ വിധി പകര്‍പ്പ്‌ പത്രക്കടലാസില്‍ പൊതിഞ്ഞ ശേഷം ചിരിച്ചു കൊണ്ടാണ്‌ പൊലീസ്‌ വാഹനത്തില്‍ കയറിയത്‌. എന്നാല്‍ പ്രതിക്ക്‌ നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട മുഹമ്മദ്‌ ഫഹദിന്റെ പിതാവ്‌ കണ്ണോത്തെ അബ്ബാസ്‌ പറഞ്ഞു

NO COMMENTS

LEAVE A REPLY