നിര്‍ദ്ദിഷ്‌ട മലയോര കോളേജ്‌; കുറ്റിക്കോലില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

0
38


കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആര്‍ട്‌സ്‌ ആന്റ്‌സയന്‍സ്‌ കോളേജ്‌ ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍വ്വ കക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
നെരൂദ പഠനകേന്ദ്രത്തില്‍ ഇന്നലെ നടന്ന കമ്മിറ്റി രൂപീകരണയോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ജെ ലിസി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ അംഗവും സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ഗോപിനാഥന്‍ ആധ്യക്ഷം വഹിച്ചു.
വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ പി.ഗോപാലന്‍ മാസ്റ്റര്‍, പി.ദിവാകരന്‍, ഹരീഷ്‌.ബി.നമ്പ്യാര്‍, പി.പവിത്രന്‍, സി.മാധവന്‍, ജോസ്‌ പാറത്തട്ടേല്‍, ബി.ജനാര്‍ദ്ദനന്‍, വി.ചാത്തുക്കുട്ടി, ജി.സുരേഷ്‌ ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്‌ അഹമ്മദ്‌ ഷെരീഫ്‌ കുറ്റിക്കോല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി പി.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കുറ്റിക്കോല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ജെ.ലിസി (ചെയര്‍പേഴ്‌സണ്‍), പി.ഗോപിനാഥന്‍ (കണ്‍.), മാധവന്‍ കളക്കര (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
കോളേജ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരെ കാണാന്‍ യോഗം തീരുമാനിച്ചു.
സി.പി.എം ബേഡകം ഏരിയാ സമ്മേളനത്തില്‍ മലയോരത്ത്‌ കോളേജ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധനയ്‌ക്ക്‌ എത്തിയിരുന്നു. ബേഡഡുക്ക പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ്‌ കോളേജ്‌ കുറ്റിക്കോലില്‍ ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍വ്വ കക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്‌.കോളേജ്‌ കുറ്റിക്കോലില്‍ അനുവദിച്ചാല്‍ ദേലംപാടി, മുളിയാര്‍, കള്ളാര്‍, പനത്തടി, കള്ളാര്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു ഏറെ പ്രയോജനപ്രദമാക്കുമെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. മലയോരത്ത്‌ അനുവദിക്കുന്ന കോളേജ്‌ കുറ്റിക്കോലില്‍ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുറ്റിക്കോല്‍ പഞ്ചായത്ത്‌ ഭരണസമിതിയോഗം നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY