കാസര്‍കോട്ട്‌ ഡെങ്കിപ്പനിക്കൊപ്പം എലിപ്പനി ഭീഷണിയും

0
24


കാസര്‍കോട്‌:പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചിത്വബോധവല്‍ക്കരണവും തുടരുന്നതിനിടെ കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ മാത്രം നിരവധി പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗബാധിതരില്‍ സ്‌ത്രീകളുമുണ്ട്‌. ഇവിടെ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കധികവും ഡെങ്കിപ്പനിയുടെ ലക്ഷണമുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌. ഇന്നു രാവിലെ പനി ബാധിച്ചു നൂറുകണക്കിനാളുകള്‍ ജനറല്‍ ആശുപത്രിയിലെത്തിക്കൊണ്ടിരിക്കുകയാണ്‌. രോഗികളെ കൊണ്ടു ആശുപത്രിയും പരിസരവും നിറഞ്ഞു.
പനിയുടെ ലക്ഷണം കാണുന്ന പലരും മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും അഭയം തേടുന്നു. രോഗം കണ്ടുപിടിക്കുന്നതിനു ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലും സംവിധാനമില്ലാത്തതും ഇവിടെയുള്ള സ്വകാര്യാശുപത്രികള്‍ തുടക്കത്തില്‍ കാണിക്കുന്ന അനാസ്ഥയുമാണ്‌ മംഗളൂരുവിലേക്ക്‌ പോകാന്‍ രോഗികളേയും ബന്ധുക്കളേയും നിര്‍ബന്ധിതരാക്കുന്നത്‌. പനി മൂര്‍ച്ഛിച്ച ശേഷമേ എന്താണ്‌ രോഗമെന്ന്‌ ഇവിടുള്ളവര്‍ പറയുന്നുള്ളൂ എന്നാണ്‌ മംഗളൂവില്‍ ചികിത്സ തേടിപ്പോയ ഒരു കുടുംബം പ്രതികരിച്ചത്‌. ബ്ലഡ്‌ സെപ്പറേഷന്‍ യൂണിറ്റ്‌ സ്ഥാപിക്കുമെന്ന ഉറപ്പും നടപ്പിലായില്ല.
എടനീര്‍, കുണ്ടംകുഴി ഭാഗങ്ങളിലാണ്‌ ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതെന്ന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. അതിനിടെ ജില്ലയില്‍ വീണ്ടും എലിപ്പനി പടരുന്നുണ്ടെന്ന്‌ സൂചനയുണ്ട്‌. സ്വകാര്യ ആശുപത്രികളില്‍ പനിക്ക്‌ ചികിത്സ തേടി എത്തുന്നവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ്‌ നിരീക്ഷിച്ചുവരികയാണ്‌. കരിച്ചേരി സ്വദേശിയായ ഒരാള്‍ക്ക്‌ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്‌. മിക്കയിടങ്ങളിലും ഓടകള്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താത്തതാണ്‌ എലിപ്പനി ഭീഷണി വീണ്ടും ഉണ്ടാവാന്‍ കാരണമെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY