വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച ഓട്ടോ കാബ്‌ ജനക്കൂട്ടം തടഞ്ഞു

0
18


കാഞ്ഞങ്ങാട്‌:പത്തുപേര്‍ക്കു യാത്ര ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഓട്ടോ കാബില്‍ കുത്തിനിറച്ചത്‌ 30 കുട്ടികളെ.ശ്വാസം പോലും കിട്ടാതെ വാഹനത്തിനകത്ത്‌ കുട്ടികള്‍ വെപ്രാളം കാണിക്കുന്നതു കണ്ട വഴി യാത്രക്കാരന്‍ വാഹനം തടഞ്ഞു നിര്‍ത്തി. നടപടിയെടുക്കാമെന്ന പൊലീസ്‌ ഉറപ്പിന്മേല്‍ പിന്നീട്‌ വാഹനം വിട്ടുകൊടുത്തു.
പക്ഷേ ഇന്നു രാവിലെ വരെ നടപടിയൊന്നും ഉണ്ടായില്ലെന്ന്‌ ആക്ഷേപമുണ്ട്‌. ഇന്നലെ കാഞ്ഞങ്ങാട്‌ നഗരമധ്യത്തിലാണ്‌ സംഭവം. ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സ്റ്റേഷന്റെ മൂക്കിനു താഴെയുള്ള ഒരു വിദ്യാലയത്തിലെ 30 കുട്ടികളെയാണ്‌ ഓട്ടോ കാബില്‍ കൊണ്ടുപോയത്‌. ഓട്ടോ കാഞ്ഞങ്ങാട്‌ ടൗണിലെ ഷാലിമാര്‍ ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ അകത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ വെപ്രാളം കാണിക്കുന്നത്‌ വഴിയാത്രക്കാരനായ യുവാവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം തടഞ്ഞ്‌ നിര്‍ത്തി ആളെ കൂട്ടി. വിവരമറിഞ്ഞ്‌ പൊലീസുമെത്തി. ആള്‍ക്കാര്‍ കൂടിയതോടെ വാഹനത്തിനകത്തുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചു. കാറ്റുകിട്ടാതെ വിയര്‍ക്കുകയും ചെയ്‌തു. പൊലീസ്‌ ഇടപെട്ട്‌ നടപടിയെടുക്കുമെന്ന്‌ ഉറപ്പു നല്‍കിയ ശേഷമാണ്‌ വാഹനം വിട്ടുകൊടുത്തത്‌.
സ്‌കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ചുകൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ പൊലീസും മോട്ടോര്‍ വകുപ്പ്‌ അധികൃതരും ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കെയാണ്‌ ഇന്നലത്തെ സംഭവം ഉണ്ടായത്‌.

NO COMMENTS

LEAVE A REPLY