എന്തും ചെയ്യുന്ന കാലം!

നാരായണന്‍ പേരിയ

‘സംഗമ വേദിയില്‍ പൊട്ടിക്കരഞ്ഞ് സംഘമി്രത്ര’. പത്രവാര്‍ത്തയുടെ തലക്കെട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റില്ല എന്ന വിവരമറിഞ്ഞാണത്രെ പൊട്ടിക്കരയാന്‍ കാരണം. സീറ്റേ ശരണം; സീറ്റിനപ്പുറം മറ്റൊന്നില്ല എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരി/കാരനും/സിറ്റിംഗ് സീറ്റ് നിഷേധിക്കപ്പെട്ടു എന്നറിഞ്ഞാല്‍ എന്തും ചെയ്യും. ഉത്തര്‍ പ്രദേശിലെ സംഘമിത്ര പൊട്ടിക്കരഞ്ഞതല്ലേയുള്ളു? എന്നാല്‍ ‘ഈ റോഡ്’ എം.പി ഗണേശ് മൂര്‍ത്തിയോ?
മൂന്ന് തവണ എം.പിയും ഒരു തവണ എം.എല്‍.എ.യും ആയിരുന്നു ‘വൈക്കോ’യുടെ എം.ഡി.എം.കെ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഈ റോഡ് സ്വദേശിയായ മൂര്‍ത്തി. വയസ്സ് എഴുപത്തിയേഴ്. വൈദ്യശാസ്ത്രം സഹായിച്ചാല്‍, അടുത്ത തിരഞ്ഞെടുപ്പിലും ലോക്സഭയില്‍ വിലസുമായിരുന്നു. പക്ഷെ, പാര്‍ട്ടി നേതൃത്വം ഇത്തവണ എന്തുകൊണ്ടോ തഴഞ്ഞു. സീറ്റില്ല എന്നറിഞ്ഞത് മുതല്‍ കടുത്ത നിരാശയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച (28-03-24) രാത്രി കീടനാശിനി കഴിച്ചു. കടുത്ത മനോവിഷമം തന്നെ കാരണം എന്ന് പറയുന്നു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അടുത്ത ദിവസം പുലര്‍ച്ചെ അനിവാര്യമായത് സംഭവിച്ചു: ഗണേശ് മൂര്‍ത്തി മരിച്ചു.
സംഘമിത്രയുടെ കാര്യം- ഒന്നും പറയാറായിട്ടില്ല. മാതൃഭൂമി റിപ്പോര്‍ട്ടര്‍ അറിയിക്കും. യു.പിയിലെ ‘ബുദൗനി’ യില്‍ നിന്നുള്ള ബി.ജെ.പി. എം.പിയാണ് സംഘമിത്ര. അടുത്ത കാലത്ത് സമാജ്വാദി പാര്‍ട്ടി വിട്ട് രാഷ്ട്രീയ ശോഷിദ് സമാജ് പാര്‍ട്ടി രൂപീകരിത്ത സ്വാമി പ്രസാദ് മൗര്യയുടെ മകളാണ്. പിതാവിന്റെ പിന്നാലെ മകളും പോയേക്കുമോ? സീറ്റ് കൊടുത്ത് ജയിപ്പിച്ചാല്‍ നഷ്ടമാകുമോ എന്ന കണക്ക് കൂട്ടലാകുമോ സംഘമിത്രക്ക് സീറ്റ് നിഷേധിക്കാന്‍ കാരണം?
ഗയാലാലിന്റെ കഥ തുടങ്ങിയിട്ട് അമ്പത്തേഴ് കൊല്ലമായി. 1967ല്‍ ഹസന്‍പൂരില്‍ നിന്ന് ജയിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥി ഗയാലാല്‍ ഒരു ദിവസം രാവിലെ പ്രഖ്യാപിച്ചു. താന്‍ യുണൈറ്റഡ് ഫ്രണ്ടില്‍ ചേരുന്നു എന്ന്. മണിക്കൂറുകള്‍ക്കകം അടുത്ത പ്രഖ്യാപനം: താന്‍ ഫ്രണ്ടില്‍ ചേരുന്നു എന്ന്. മണിക്കൂറുകള്‍ക്കകം അടുത്ത പ്രഖ്യാപനം: താന്‍ ഫ്രണ്ടില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേരുന്നു എന്ന്. പതിനഞ്ചാം ദിവസം ഗയാലാല്‍ വീണ്ടും യുണൈറ്റഡ് ഫ്രണ്ടിലെത്തി. അന്നത്തെ പത്രസമ്മേളനത്തില്‍ യുണൈറ്റഡ് ഫ്രണ്ട് നേതാവ് റാവു ബീരേന്ദ്രസിംഗ് പറഞ്ഞു: ‘ഗയാറാം’ ഇപ്പോള്‍ ‘ആയാറാം’ ആയി. പിന്നെയും പല തവണ ഇദ്ദേഹം പാര്‍ട്ടി മാറി.
സംഘമിത്രയിലേക്ക്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുകൂട്ടിയ ബുദ്ധിജീവി സംഗമ വേദിയിലാണ് സംഘമിത്ര പൊട്ടിക്കരഞ്ഞത്. യോഗി വേദിയിലേക്ക് കടന്നു വരുന്നതിന് മുമ്പായിരുന്നു കരച്ചില്‍. വേദിയിലുണ്ടായിരുന്ന കേന്ദ്രസഹമന്ത്രി ബി.എല്‍ വര്‍മ്മ സംഘമിത്രയെ ആശ്വസിപ്പിച്ചു. യോഗി എത്തുമ്പോള്‍ അവര്‍ കണ്ണുനീര്‍ തുടക്കുന്നുണ്ടായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടത് കൊണ്ടല്ല അവര്‍ കരഞ്ഞത് എന്ന് പറയുന്നു. യു.പി വിദ്യാഭ്യാസ മന്ത്രി ഗുലാബോദേവി തന്റെ തൊട്ടടുത്തിരുന്ന ഗുലാബോദേവി രാമായണത്തിലെ ഹൃദയഭേദകമായ ഒരു രംഗം വിവരിച്ചപ്പോള്‍ തനിക്ക് കരച്ചില്‍ വന്നതാണെന്ന് സംഘമിത്ര പി.ടി.ഐ.യോട് പ്രതികരിച്ചു പോലും! അതും പറഞ്ഞത് മാതൃഭൂമി!
‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം’ -ഇതും രാമായണത്തിലെ ആപ്ത വാക്യമാണ്. ഭാഗ്യം വരുമ്പോള്‍ മതി മറന്ന് സന്തോഷിക്കരുത്. അത് കൈവിട്ടുപോകുമ്പോള്‍ പൊട്ടിക്കരയുകയും അരുത്. ആ സ്ഥിതിക്ക് ഇന്നലെ കിട്ടിയ ‘സീറ്റ്’ ഇന്ന് കൈവിട്ട് പോയാല്‍ നിരാശയെന്തിന്?
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിക്കാന്‍ പാടുണ്ടോ? അത് നാണക്കേടല്ലേ? രാഷ്ട്രീയക്കാര്‍ക്ക് എന്ത് നാണം! നാണക്കേട്! പദവിക്ക് വേണ്ടി എന്തും ചെയ്യുന്ന വര്‍ഗമല്ലേ!
ആരും എന്തും ചെയ്യുന്ന കാലമല്ലേ? മാധ്യമ പ്രവര്‍ത്തകരോ?

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page