ഉരുള്‍ പൊട്ടല്‍: വീടിനു മുകളിലേയ്‌ക്ക്‌ മണ്ണിടിഞ്ഞ്‌ 4 പേര്‍ മരിച്ചു

0
14


കോഴിക്കോട്‌: കനത്ത മഴയില്‍ വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. കോഴിക്കോട്ട്‌ ജില്ലയിലെ കുട്ടിപ്പാറ കരിഞ്ചോലയില്‍ ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. രണ്ടു കുടുംബങ്ങളിലെ ഒന്‍പതു പേരെ കാണാതായി. അഞ്ചു വീടുകള്‍ പൂര്‍ണ്ണമായുംമണ്ണിനടിയിലാണ്‌. മന്ത്രിമാരായ ടി പി രാമകൃഷ്‌ണന്‍, എ കെ ശശീന്ദ്രന്‍, ജില്ലാ കളക്‌ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൊലീസ്‌, ഫയര്‍ഫോഴ്‌സ്‌ തൃശ്ശൂരില്‍ നിന്നുമെത്തിയ ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.
കോഴിക്കോട്‌ ജില്ലയിലെ അഞ്ചിടങ്ങളിലാണ്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌. കരിഞ്ചോലയില്‍ ഇന്നുപുലര്‍ച്ചെയോടെ ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അബ്‌ദുല്‍ റഹ്മാന്‍, സലീം എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. സമീപത്തെ മറ്റു മൂന്നു വീടുകളും ഒലിച്ചുപോയി. വീട്ടുകാര്‍ ഇന്നലെ തന്നെ ദുരിതാശ്വാസ കേന്ദ്രത്തിലേയ്‌ക്ക്‌ മാറിയിരുന്നു. സലീമിന്റെ മക്കളായ ദില്‍നയും സഹോദരനും മരണപ്പെട്ടു. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവീടുകളിലുമായി ഒന്‍പതുപേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. നിരവധി റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതു രക്ഷാപ്രവര്‍ത്തിനു തടസ്സം സൃഷ്‌ടിച്ചു. ശക്തമായ മഴവെള്ളപാച്ചിലിനെ തുടര്‍ന്ന്‌ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി. റോഡുകളെല്ലാം തോടായി. വൈദ്യുതി ബന്ധവും താറുമാറായി. കക്കയംഡാം നിറഞ്ഞു കവിഞ്ഞതിനെതുടര്‍ന്ന്‌ ഷട്ടറുകള്‍ തുറന്നു വിട്ടു. മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി വന്‍ നാശനഷ്‌ടങ്ങളുമുണ്ടായി. വയനാട്‌ ചുരത്തില്‍ താമരശ്ശേരിയില്‍ മണ്ണിടിഞ്ഞു. ഇതേ തുടര്‍ന്ന്‌ ചുരം വഴിയുള്ള റോഡ്‌ ഗതാഗതം നിരോധിച്ചു. ചുരം റോഡ്‌ വന്‍ തകര്‍ച്ചാ ഭീഷണിയിലാണ്‌. വയനാട്‌ ജില്ലയിലെ താഹസില്‍ദാര്‍, വില്ലേജ്‌ ഓഫീസര്‍മാര്‍ തുടങ്ങിയവരോട്‌ ജില്ല വിട്ടുപോകരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY