ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതീക്ഷയില്‍ പള്ളികളില്‍ ഇന്ന്‌ പ്രാര്‍ത്ഥനാ സംഗമം

0
13


കാസര്‍കോട്‌: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിക്കപ്പെട്ട ലൈലത്തുല്‍ ഖദ്‌റ്‌ പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ ഇരുപത്തേഴാം രാവ്‌ ഇന്ന്‌.
ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാവ്‌ എന്ന്‌ ദൈവം വിശുദ്ധ ഗ്രന്ഥത്തില്‍ വിശേഷിപ്പിച്ച രാവില്‍ അനുഗ്രഹത്തിന്റെ മാലാഖമാര്‍ ഭൂമിലേക്കിറങ്ങി വരുമെന്നും പരിശുദ്ധ ആത്മാവുകള്‍ നന്മനിറഞ്ഞവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട്‌ പുലരും വരെ ഭൂമിയില്‍ തുടരുമെന്നുമാണ്‌ വിശ്വാസം.പുണ്യ സ്ഥലങ്ങളിലേക്ക്‌ തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിച്ചും പള്ളികളില്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടത്തിയും വിശ്വാസികള്‍ ഈ രാവ്‌ പുലരും വരെ ഉറങ്ങാതെ വീടുകളിലേക്ക്‌ മടങ്ങാതെ ആരാധനാലയങ്ങളില്‍ തുടരും. വീടുകളില്‍ സ്‌ത്രീകളും കുട്ടികളും രാത്രി നിസ്‌കാരങ്ങള്‍ പെരുപ്പിച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയും കഴിയും.അനുഗ്രഹങ്ങള്‍ ചൊരിയപ്പെടുന്നതോടൊപ്പം പശ്ചാത്താപം സ്വീകരിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള രാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടതിനാല്‍ ഏറ്റവും കൂടുതല്‍ ദാനധര്‍മ്മങ്ങള്‍ നല്‍കപ്പെടുന്നതും ഇരുപത്തേഴാം രാവിലാണ്‌. ഈ രാവ്‌ പുലരുന്നതോടെ മിക്ക വീടുകളിലും ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക്‌ തുടക്കമാകും.

NO COMMENTS

LEAVE A REPLY