ബേക്കല്‍ അഴിമുഖം അടഞ്ഞു; അരവത്ത്‌ വയല്‍ വെള്ളത്തില്‍

0
10


ബേക്കല്‍:പൂഴി അടിഞ്ഞ്‌ ബേക്കല്‍ പുഴയുടെ അഴിമുഖം അടഞ്ഞു. ഇതേ തുടര്‍ന്ന്‌ ഏക്കര്‍ കണക്കിനു നെല്‍വയല്‍ വെള്ളത്തിനു അടിയിലായി. അഴിമുഖം സ്വാഭാവികമായി തുറക്കപ്പെട്ടില്ലെങ്കില്‍ ഒന്നാം വിളയിറക്കുന്നത്‌ വൈകും. മത്രമല്ല, ഒന്നാം വിളയ്‌ക്കായി തയ്യാറാക്കിയ ഞാറ്റാടികള്‍ നശിക്കും. അരവത്ത്‌, തിരുവക്കോളി വയലുകളാണ്‌ വെള്ളത്തിനു അടിയിലായത്‌. അരവത്ത്‌ തോടും തിരുവക്കോളിയും ചേരുന്നിടത്തു നിന്നാണ്‌ ബേക്കല്‍ പുഴയും ആരംഭിക്കുന്നത്‌. അഴിമുഖം അടഞ്ഞ്‌ പുഴ നിറഞ്ഞതോടെ തോടുകളിലെ ജലനിരപ്പും ഉയര്‍ന്നു. ഇതോടെയാണ്‌ വയലിലും വെള്ളം കയറിയത്‌. വയലുകളില്‍ വെള്ളം നിറഞ്ഞ്‌ വരമ്പുകള്‍ പോലും കാണാത്ത നിലയിലാണിപ്പോള്‍. നേരത്തെ അഴിമുഖം മണലടിഞ്ഞു അടഞ്ഞാല്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ അഴികൊത്തി മാറ്റുകയായിരുന്നു രീതി. എന്നാല്‍ പഴയ കര്‍ഷകരെല്ലാം രംഗം വിട്ടതോടെ പുതിയതലമുറയ്‌ക്ക്‌ അഴികൊത്താനുള്ള പ്രാഗത്ഭ്യവുമില്ല. അത്യന്തം ജാഗ്രതയോടെ നടത്തേണ്ട പ്രവൃത്തിയാണ്‌ അഴികൊത്തല്‍ അല്ലാത്ത പക്ഷം അഴികൊത്തല്‍ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരുടെ ജീവന്‍ തന്നെ നഷ്‌ടമായേക്കാവുന്ന സ്ഥിതിയുണ്ടാകും.ഇതു കണക്കിലെടുത്തു ജെ സി ബി ഉപയോഗിച്ചാണ്‌ സമീപകാലത്ത്‌ അഴികൊത്തല്‍ നടത്താറ്‌. ഭാരിച്ച തുകവേണ്ടിവരുന്നതിനാല്‍ ഇതിനും കഴിയാത്ത സ്ഥിതിയിലാണ്‌ കര്‍ഷകര്‍.

NO COMMENTS

LEAVE A REPLY