കടല്‍ക്ഷോഭങ്ങള്‍ക്കു പിറകേ കാലവര്‍ഷവും ട്രോളിംഗും; വറുതിത്തിരയില്‍ കടലോരം

0
22


കാസര്‍കോട്‌: വേനല്‍മഴയോടു തോളു ചേര്‍ന്ന്‌ ഇടവേളയില്ലാതെ എത്തിയ കാലവര്‍ഷവും നിരന്തരമായെത്തിയ അപകട മുന്നറിയിപ്പും വറുതിയിലാക്കിയ തീരദേശ ജീവിതങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഇത്തവണ ട്രോളിംഗും നേരത്തെ. റേഷന്‍ മണ്ണെണ്ണ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവിനെതിരെ ധീവരസഭയും മത്സ്യത്തൊഴിലാളി സംഘടനകളും മാസങ്ങളായി നടത്തിയ പ്രതിഷേധങ്ങളും ഫലം കാണാത്ത സാഹചര്യത്തില്‍ വറുതി കാലത്തേക്ക്‌ കരുതി വയ്‌ക്കുക എന്ന പതിവും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സാധിച്ചിരുന്നില്ല. കടലില്‍ പോകരുതെന്ന്‌ അധികൃതര്‍. രണ്ടു മാസത്തിനിടെ പതിവില്ലാതെ വന്ന നിരന്തരമായ മുന്നറിയിപ്പ്‌ കടലിന്റെ മക്കളെ ഇത്തവണ മഴ എത്തും മുമ്പേ പട്ടിണിയിലാക്കിയിരുന്നു.
ദുരിതാശ്വാസമെന്ന നിലയില്‍ കാലാകാലങ്ങളായുള്ള ഒന്നിനും തികയാത്ത റേഷന്‍ വിഹിതത്തിനപ്പുറം ശരാശരി ജീവിതത്തിനുതകുന്ന ഒരു പദ്ധതിയും അടിയന്തിരഘട്ടങ്ങളില്‍ പോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന്‌ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
അശാസ്‌ത്രീയമായ നിര്‍മ്മാണത്തിലൂടെ ഉപയോഗയോഗ്യമല്ലാതായ കാസര്‍കോട്‌ ഹാര്‍ബറിന്റെ അപാകതകള്‍ പരിഹരിക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എവിടെയും എത്തിയില്ല. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷ, പദ്ധതികളും വാഗ്‌ദാനങ്ങളിലൊതുങ്ങുകയാണെന്ന ആരോപണത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.പഞ്ഞമാസങ്ങളില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‌ സമഗ്ര പദ്ധതികള്‍ ഉണ്ടാവണമെന്നാണ്‌ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആവശ്യം.നാളെ അര്‍ദ്ധരാത്രിയോടെയാണ്‌ ട്രോളിംഗ്‌ നിരോധനം നിലവില്‍ വരിക.

NO COMMENTS

LEAVE A REPLY