റംസാന്‍ പുണ്യം കാത്ത്‌്‌ ദുരിതപ്പെരുമഴയില്‍ ഒരുമ്മയും മകളും

0
21


ബദിയഡുക്ക: നന്മ വറ്റാത്ത മനസ്സുകളില്‍ കാരുണ്യം പൂക്കുന്ന മാസമാണ്‌. റംസാന്‍ എന്ന പ്രതീക്ഷയോടെ ദുരിതക്കടലില്‍ നിന്ന്‌ പ്രത്യാശയുടെ കരയിലേക്ക്‌ തങ്ങളെ കൈപിടിക്കാന്‍ മനുഷ്യസ്‌നേഹികളുമെത്തുന്നതും കാത്തിരിക്കുകയാണ്‌ ബദിയഡുക്ക ചേടിക്കാനയിലെ ആയിശുമ്മ എന്ന അറുപത്തഞ്ചുകാരി. ആയിശുമ്മയേയും രണ്ട്‌ പെണ്‍മക്കളേയും ശരണമറ്റ അനാഥത്വത്തിലേക്ക്‌ കൈയൊഴിഞ്ഞ്‌ വിധി ഭര്‍ത്താവിനെ മുപ്പത്‌ വര്‍ഷം മുമ്പ്‌ കൂട്ടിക്കൊണ്ടുപോയിരുന്നു.
മൂന്നുപതിറ്റാണ്ടിന്റെ കഠിനയാതനകള്‍, രണ്ട്‌ പെണ്‍കുട്ടികളേയും ചിറകിനടിയില്‍ ചേര്‍ത്ത്‌ പിടിച്ച്‌ അതിജീവിക്കുന്നതിനിടയില്‍ ആയിശുമ്മ മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നുപോയിരിക്കുന്നു.
ഏറെ പ്രയാസപ്പെട്ട്‌ രണ്ട്‌ പെണ്‍മക്കളുടെയും വിവാഹം നടത്തിയെങ്കിലും വിധി ദുരന്തത്തിന്റെ മറ്റൊരു വാതില്‍ തുറന്നിടുന്നതുപോലെ, രണ്ടാമത്തെ മകള്‍ സമീറയെ ക്യാന്‍സര്‍ രോഗത്തിലേക്ക്‌ തള്ളിയിട്ടു. സമീറയേയും രണ്ടുമക്കളെയും ഉപേക്ഷിച്ച്‌ സമീറയുടെ ഭര്‍ത്താവ്‌ മഹ്‌മൂദ്‌ നാടുവിട്ടുപോയിട്ട്‌ പത്ത്‌ വര്‍ഷം കഴിഞ്ഞു. ഒരു വിവരവുമില്ല. വിദ്യാര്‍ത്ഥികളായ മുനവര്‍, ഫാത്വിമ എന്നീ മക്കളേയും ഉമ്മയേയും പട്ടിണിക്കിടാതെ നോക്കാന്‍ കിട്ടുന്ന എന്തുജോലിയും ചെയ്‌ത്‌ ജീവിതത്തോടു പൊരുതുന്നതിനിടയിലാണ്‌ മൂന്നുവര്‍ഷം മുമ്പ്‌ സമീറയെ ക്യാന്‍സര്‍ രൂപത്തില്‍ ദുരന്തം വീണ്ടും വന്നു പൊതിഞ്ഞത്‌. അതോടെ ആയിശുമ്മ എന്ന വൃദ്ധയുടെ മുന്നില്‍ ജീവിതം പൂര്‍ണ്ണാമായും ഇരുളടഞ്ഞതായി. പതിനഞ്ചുവര്‍ഷം മുമ്പ്‌ സുമനസ്സുകളായ നാട്ടുകാരുടെ സഹായം കൊണ്ടു ഒരു കൊച്ചുവീട്‌ ഉണ്ടാക്കിയെങ്കിലും പഴയ മരങ്ങള്‍ കൊണ്ടുണ്ടാക്കിയ മേല്‍ക്കൂര ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്‌. സമീറയുടെ ചികിത്സ, രണ്ട്‌ പൈതങ്ങളുടെ പഠനം, വീട്ടുചിലവ്‌, ആയിശുമ്മയ്‌ക്ക്‌ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ക്കുള്ള മരുന്ന്‌.
ഇനി എന്ത്‌ എന്ന ചോദ്യം അമ്പരപ്പിക്കും വിധം ഭീതിപ്പെടുത്തുമ്പോഴും കരുണ നിറഞ്ഞവന്‍ ഒരു വഴികാട്ടും എന്ന പ്രതീക്ഷയിലാണ്‌ ആയിശുമ്മ. ഒരു പുണ്യത്തിന്‌ എഴുപതിരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യ റമസാനില്‍, നല്ല മനുഷ്യരുടെ സാമിപ്യമുണ്ടാകുമെന്ന ആശയില്‍ പ്രാര്‍ത്ഥനയോടെ ആയിശുമ്മയും രോഗിയായ മകളും പറക്കമുറ്റാത്ത രണ്ട്‌ പൈതങ്ങളും കാത്തിരിക്കുന്നു. അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും . ആയിശുമ്മയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക്‌ ബദിയഡുക്ക ശാഖയില്‍ ഒരു അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. മൊബൈല്‍ നമ്പര്‍: 9567576132

NO COMMENTS

LEAVE A REPLY