ലഹരി മുക്ത കേരളം

0
1195


മേല്‍ തലക്കെട്ടില്‍ ചില പത്രങ്ങളില്‍ വന്ന ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ചിരിയാണ്‌ വന്നത്‌. സ്വന്തം വീക്ഷണത്തിലൂടെ അവര്‍ കണ്ടെത്തിയ വസ്‌തുതകള്‍ ഇങ്ങിനെയാണ്‌. അക്രമത്തിനും അഴിമതിക്കും കാരണം മയക്കു മരുന്നിനോടും മദ്യത്തോടുമുള്ള അടിമപ്പെടലാണ്‌. ഇത്‌ ഒരേ വസ്‌തുവുമായി നിരന്തരം ബന്ധപ്പെടുന്നതിലൂടെയാണ്‌ ഉണ്ടാകുന്നത്‌. ഈ ശീലത്തോട്‌ വിട പറയുന്നത്‌ അവര്‍ക്ക്‌ വേദനയുണ്ടാക്കുന്നു. ആരും തന്നെ ജനിക്കുന്നത്‌ എന്തെങ്കിലും ആസക്തിയോടെയല്ല. വ്യക്തികള്‍ ലഹരി പദാര്‍ത്ഥങ്ങളുടെ പിടിയിലകപ്പെടുമ്പോള്‍ അവര്‍ ചെയ്യുന്നതെന്താണെന്ന്‌ അവര്‍ തന്നെ അറിയുന്നില്ല. അമ്മമാര്‍ സഹോദരിമാര്‍ അറിവുള്ളവര്‍ എന്നീ നിലകളിലെല്ലാം നിങ്ങള്‍ ആരോഗ്യത്തിനും ധനത്തിനും മനസ്സിനും ഹാനികരമായ ഇത്തരം ലഹരി പദാര്‍ത്ഥങ്ങളോട്‌ പുത്തന്‍ തലമുറ അടിമപ്പെടുന്നത്‌ തടയണം. മദ്യത്തിനോടും മയക്കുമരുന്നിനോടും അടിമപ്പെടുന്നതിന്റെ ദൂഷ്യവശങ്ങളില്‍ നിന്ന്‌ സമൂഹത്തെ നാം മുക്തമാക്കണം. അപ്രകാരം ചെയ്യപ്പെട്ടതും കൂടുതല്‍ സുരക്ഷിതവുമായ ഒരു സമൂഹത്തെ സൃഷ്‌ടിക്കാം”
എത്ര മനോഹരമായ സങ്കല്‍പ്പം. സുന്ദരമായ വാക്കുകള്‍. ഇതിനെന്താണ്‌ പിശക്‌? ഉപരിതല കാഴ്‌ചയും ഹ്രസ്വ വീക്ഷണമുള്ളവര്‍ക്ക്‌ ഇതില്‍ യാതൊരു പ്രശ്‌നവും കാണാനാകില്ല. അക്രമവും അഴിമതിയും ഉണ്ടാകുന്നത്‌ മദ്യവും മയക്കുമരുന്നുമാണെന്ന വാദം ബലിശമാണ്‌. ദൈവങ്ങളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ ലോകത്തുണ്ടായിട്ടുള്ള മനുഷ്യജീവ നഷ്‌ടത്തിന്റെ അയലത്തുപോലും വരില്ല മയക്കുമരുന്ന്‌-മദ്യ ഉപയോഗത്തിലൂടെ ഉണ്ടെന്ന്‌ വരുത്താന്‍ ശ്രമിക്കുന്ന മനുഷ്യനാശം, ഇരുട്ട്‌ കൊണ്ട്‌ ഓട്ടയടക്കാന്‍ കഴിയില്ലല്ലോ? ഭാരതത്തിലേക്കുള്ള അധിനിവേശം, കുരിശു യുദ്ധങ്ങള്‍, സ്വാതന്ത്ര്യസമര സമയത്തും സ്വാതന്ത്ര്യാനന്തര വിഭജന വേളയിലും ഉണ്ടായിട്ടുള്ള കലാപങ്ങള്‍, ഗുജറാത്ത്‌, ഗോധ്ര…., പൂന്തുറ, മാറാട്‌ എന്നിവിടങ്ങളിലെല്ലാം അരങ്ങേറിയ കലാപങ്ങളില്‍ എവിടെയാണ്‌ മദ്യത്തിന്‌ സ്ഥാനം? ജാതിയുടെ, മതത്തിന്റെ, വര്‍ഗ്ഗീയതയുടെ, നുരഞ്ഞുപൊന്തുന്ന അടങ്ങാത്ത വൈകാരികതയാണിതിലെ പ്രധാന ഘടകം. ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന്‌ സ്വയം കരുതി അര്‍ഹിക്കാത്ത സ്ഥാനത്ത്‌ കയറാനായി എന്ത്‌ നീച പ്രവൃത്തിക്കും തയ്യാറാകുന്നവരാണ്‌ അഴിമതിക്ക്‌ മുതിരുന്നത്‌. ലക്ഷങ്ങളും കോടികളും മുടക്കി സീറ്റ്‌ സമ്പാദിക്കുന്നവര്‍ മുടക്കുമുതല്‍ തിരികെ പിടിക്കുമെന്നത്‌ ചെറിയ അരിത്തമാറ്റിക്‌സ്‌. ഇവിടെയും മദ്യത്തിനോ മയക്കുമരുന്നുകള്‍ക്കോ സ്ഥാനമില്ല.
മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ധര്‍മ്മം ശരീരത്തെ മയക്കുക എന്നതാണ്‌. ഇങ്ങനെ മയക്കുന്ന കാര്യത്തില്‍ മയക്കുമരുന്നുകളെക്കാള്‍ മാരകമായ കാര്യത്തെ പലരും അറിഞ്ഞുകൊണ്ടു തന്നെ മറച്ചു വയ്‌ക്കുന്നു. മദ്യ, മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു സമയത്തിനുശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക്‌ തിരിച്ചു വരും. എന്നാല്‍ വര്‍ഗീയതയ്‌ക്ക്‌ അടിമയായാല്‍ മടങ്ങിവരവ്‌ പ്രതീക്ഷിക്കാവുന്നതല്ല. വിരലില്‍ എണ്ണാവുന്നവരില്‍ ചിലര്‍ മടങ്ങി വന്നേക്കാം. ബഹുഭൂരിപക്ഷവും അതില്‍ കുടുങ്ങിക്കിടക്കും. വര്‍ഗീയതയെക്കാള്‍ മനസ്സിനെ മയക്കാന്‍ പറ്റിയ വസ്‌തു ഇനിയും കണ്ടുപിടിച്ചിട്ടില്ല.
പുരാണങ്ങളും വേദേതിഹാസങ്ങളും എത്രമാത്രം ലഹരി ഉപയോഗത്തിന്‌ പ്രേരിപ്പിക്കുന്നു എന്നു കാണുന്നതും ഈ സന്ദര്‍ഭത്തില്‍ യുക്തമാണ്‌. സോമരസവും സുരയും വൈദിക കാലഘട്ടത്തിലെ ലഹരി പദാര്‍ത്ഥങ്ങളായിരുന്നു. സോമലതയുടെ ചാറ്‌ പിഴിഞ്ഞെടുത്ത്‌ അക്കാലത്തെ മഹര്‍ഷിമാര്‍ സേവിച്ചിരുന്നുവത്രേ. ആര്യന്മാര്‍ ഉപയോഗിച്ചിരുന്ന ലഹരി പദാര്‍ത്ഥവും സോമം തന്നെയായിരുന്നു. സുര എന്നത്‌ അരിയില്‍ നിന്നും ഉണ്ടാക്കിയിരുന്ന ഒരു ലഹരി പാനീയമായിരുന്നു. നേര്‌ പറഞ്ഞാല്‍ സോമലത എന്നത്‌ ശിവമൂലി (കഞ്ചാവ്‌ ) തന്നെയായിരുന്നു. ഇത്‌ പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒരു സസ്യമാണ്‌. ഉന്മേഷം പ്രദാനം ചെയ്യാനും കഠിന പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കഴിവും വ്യക്തികള്‍ക്ക്‌ ഇത്‌ നല്‍കുമെന്നതോടെ ഇതിന്‌ വ്യക്തി പ്രഭാവം നല്‍കി ഒരു ദേവത തന്നെയാക്കി. ചികിത്സകള്‍ക്ക്‌ മുന്നില്‍ ഔഷധികളുടെ രാജാവുമായി. മദ്യത്തെക്കുറിച്ച്‌ ഋഗ്വേദത്തില്‍ 120 വോളം സുക്തങ്ങളുണ്ട്‌. സോമപാനം അമരത്വത്തിലേക്കും വെളിച്ചത്തിലേക്കും നയിക്കുമെന്ന്‌ ചില സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇതിലൂടെ ആത്മീയ രംഗത്ത്‌ വീരഭദ്രസേവ/മദ്യപാനങ്ങള്‍ക്കുള്ള സ്ഥാനവും പ്രാധാന്യവും നമുക്ക്‌ തിരിച്ചറിയാം. മദ്യത്തെക്കാള്‍ ഹാനികരമായ വിശ്വാസ വിഷം തീണ്ടലിലെ അപകടത്തെ കാണാതെ കേവലം മദ്യത്തിന്റെ ദുഷ്യവശങ്ങളെക്കുറിച്ചു മാത്രം പറഞ്ഞ്‌ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു. പ്രസാദ ഊട്ടിലും ഊട്ട്‌ തീരുമ്പളിലും ഭക്ഷണത്തിനായി “ക്യൂ” തെറ്റിച്ച്‌ ആക്രാന്തം കാട്ടുന്ന വിശ്വാസി ബീവറേജ്‌ ക്യൂവിലെത്തുമ്പോള്‍ പഞ്ചപുച്ഛ മടക്കി ലോകമാന്യനായി നല്ല പിള്ളയാകുന്നു. ആത്മാവില്‍ ലഹരി മൂത്ത്‌ ഭ്രാന്തോളമെത്തി നില്‍ക്കുന്നവര്‍ക്ക്‌ ശരീരത്തിന്‌ ലഹരി നല്‍കുന്നവരെ കുറ്റം പറയാനോ ഉപദേശിക്കാനോ അവകാശമില്ല. ശരീരത്തിന്‌ ലഹരി നല്‍കുന്നവര്‍ അതില്‍ നിന്നും മുക്തനാകാന്‍ ശ്രമിക്കുന്നതു പോലെ ആത്മാവിന്‌ ലഹരി നല്‍കുന്നവര്‍ അതില്‍ നിന്നും മുക്തരാകാന്‍ തയ്യാറാകണം. ശരീരവും ആത്മാവും ഒരുപോലെ ലഹരി മുക്തി നേടുന്നതോ, അതല്ല ആത്മാവും ശരീരവും രണ്ട്‌ ലഹരിയില്‍ മുങ്ങി പൂസായി നില്‍ക്കുന്നതോ? ഏതാണ്‌ യുക്തി?

NO COMMENTS

LEAVE A REPLY