ഉണരണം; രോഗം വരും മുമ്പെ

0
96


പനി പേടിയിലാണ്‌ സംസ്ഥാനം. ഡങ്കിപ്പനിയും എലിപ്പനിയും മൂലം ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം തന്നെ നിരവധി പേര്‍ക്കു ജീവന്‍ നഷ്‌ടമായി. പലരും ചികിത്സയിലാണ്‌. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള പനികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതകളേറെയാണെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്‌.രോഗ വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണവും പരിസര ശുചീകരണവും ആരംഭിച്ചിട്ടുണ്ട്‌. ചില പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ഇത്തരം പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല എന്നതാണ്‌ നേര്‌. ഇത്തരമൊരു സാഹചര്യത്തില്‍ രോഗ വ്യാപനം സംബന്ധിച്ച്‌ മുന്നറിയിപ്പു ലഭിച്ചിട്ടും എന്തു പ്രയോജനമെന്ന ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു.
എലിപ്പനിയും ഡങ്കിപ്പനിയും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ്‌ കോഴിക്കോട്ട്‌ നിപ പനി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഒരു തരം പ്രത്യേക വൈറസുകള്‍ കാരണമാണ്‌ നിപ പനി ഉണ്ടാകുന്നത്‌. ഇത്തരം വൈറസുകളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്‌. എന്നാല്‍ ഇതിനുള്ള പ്രതി മരുന്ന്‌ ഇതുവരേയ്‌ക്കും കണ്ടെത്താന്‍ വൈദ്യശാസ്‌ത്രത്തിനു കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രലോകം. ഇതിനര്‍ത്ഥം നിപ പനി ബാധിച്ചാല്‍ പ്രത്യേകിച്ചൊരു മരുന്നില്ല എന്നതാണ്‌.
അത്തരമൊരു സാഹചര്യത്തില്‍ രോഗം വരാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതിനാണ്‌ പ്രാധാന്യം. ഇതുവരെയുള്ള കണ്ടെത്തലുകളുടെയും നിഗമനങ്ങളുടെയും പശ്ചാത്തലത്തില്‍ വവ്വാലുകളാണ്‌ രോഗ വാഹകര്‍. ഇവയുടെ സ്‌പര്‍ശനത്തില്‍ നിന്നും വിസര്‍ജ്യങ്ങളിലും നിന്നും രോഗം പടരുന്നു. വവ്വാലുകള്‍ കടിക്കുകയോ സ്‌പര്‍ശിക്കുകയോ ചെയ്‌ത പഴങ്ങള്‍ ഭക്ഷിക്കുന്നതുവഴി രോഗം മൃഗങ്ങളിലേയ്‌ക്കും മനുഷ്യരിലേയ്‌ക്കും പകരുന്നു. ഇത്തരമൊരു സാഹചര്യം ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം വേണമെന്നും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
എന്തായാലും പകര്‍ച്ച വ്യാധികളുടെ വ്യാപനത്തെ തടയാന്‍ സത്വര നടപടികള്‍ കൂടിയേ തീരൂ. അതിന്‌ എല്ലാവരും തയ്യാറാവകണം. കൊതുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കണം. പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ കാര്യമായി ഇടപെടല്‍ നടത്തണം. ബോധവല്‍ക്കരണ-പ്രതിരോധ പ്രവര്‍ത്തനത്തിനു സന്നദ്ധ സംഘടനകളുടെ സഹായം തേടണം.
ഇപ്പോഴേ തുടങ്ങിയില്ലെങ്കില്‍ മഴക്കാലത്തോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും. അതില്ലാതെ, നോക്കേണ്ടത്‌ എല്ലാവരുടെയും ഉത്തരവാദിത്തമാണ്‌-
രിഫായി കാസര്‍കോട്‌.

NO COMMENTS

LEAVE A REPLY