ബസ്‌ സൗകര്യം ഇല്ലാതെ 500 വോളം കുടുംബങ്ങള്‍

0
23


കുണ്ടംകുഴി: ഒരു പ്രദേശത്തിന്റെ ഏക യാത്രാ സൗകര്യമായിരുന്ന കെ എസ്‌ ആര്‍ ടി സി ബസ്‌ സര്‍വ്വീസ്‌ പുനഃരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്‌. പ്രക്ഷോഭ പരിപാടികളുടെ തുടക്കമെന്ന നിലയില്‍ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നാളെ കാസര്‍കോട്‌ കെ എസ്‌ ആര്‍ ടി സി ആസ്ഥാനത്തേയ്‌ക്കു മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണ ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി രാമ ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ വ്യക്തികള്‍ സംസാരിക്കും. കാസര്‍കോട്‌- കൈരളിപ്പാറ റൂട്ടില്‍ 25 വര്‍ഷക്കാലം സര്‍വ്വീസ്‌ നടത്തിയിരുന്ന കെ എസ്‌ ആര്‍ ടി സി ബസ്‌ നാലുവര്‍ഷം മുമ്പാണ്‌ സര്‍വ്വീസ്‌ നിര്‍ത്തിയത്‌. ഇതേ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തിയിരുന്ന സ്വകാര്യ ബസും പിന്നീട്‌ സര്‍വ്വീസ്‌ നിര്‍ത്തി. ഇപ്പോള്‍ വേളാഴി, കൈരളിപ്പാറ, അമ്പിലാടി, ഗാന്ധിനഗര്‍, എടപ്പണി പ്രദേശത്തുള്ള 500ല്‍പരം കുടുംബങ്ങള്‍ ബസ്‌ യാത്രാസൗകര്യം ഇല്ലാതെ ദുരിതം അനുഭവിക്കുന്നു. നിത്യവും യാത്ര ചെയ്യേണ്ടവര്‍ക്കു പോലും ഓട്ടോകളെയും മറ്റു വാഹനങ്ങളെയും ആശ്രയിക്കേണ്ടുന്ന സ്ഥിതിയാണ്‌. വിദ്യാര്‍ത്ഥികളാണ്‌ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌.ബസ്‌ സര്‍വ്വീസ്‌ പുനഃരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളും എം എല്‍ എയും നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ കര്‍മ്മ സമിതി രൂപീകരിച്ച്‌ പ്രക്ഷോഭം നടത്താന്‍ നാട്ടുകാരെ നിര്‍ബന്ധിതരാക്കിയത്‌.

NO COMMENTS

LEAVE A REPLY