യെദ്യൂരപ്പ അധികാരമേറ്റു

0
14


ബംഗളൂരു: കര്‍ണ്ണാടകത്തില്‍ രണ്ടു ദിവസത്തോളം നീണ്ട രാഷ്‌ട്രീയ നാടകത്തിന്‌ താല്‍ക്കാലിക വിട നല്‍കി ബി എസ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇന്നു രാവിലെ 9ന്‌ രാജ്‌ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ്‌ സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തത്‌.
വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായ ചടങ്ങാണ്‌ നടന്നത്‌. രാജ്‌ഭവന്‌ പുറത്ത്‌ വാദ്യഘോഷങ്ങളുമായി ബി ജെ പി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരുമെന്നുള്ളത്‌ കൊണ്ടും തല്‍ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നാണ്‌ കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. അതിനാലാണ്‌ യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്‌തത്‌.
രണ്ട്‌ ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവസാനനിമിഷം അത്‌ വേണ്ടെന്ന്‌ വെക്കുകയായിരുന്നു. പ്രകാശ്‌ ജാവദേക്കര്‍, സദാനന്ദ ഗൗഡ, അനന്ത്‌ കുമാര്‍, ജെ പി നഡ്ഡ, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണ്ണാടകത്തിന്റെ 22-ാം മുഖ്യമന്ത്രിയായാണ്‌ യെദ്യൂരപ്പ അധികാരമേറ്റത്‌. ഇത്‌ മൂന്നാം തവണയാണ്‌ കര്‍ണ്ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേല്‍ക്കുന്നത്‌.
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ്‌ ഗവര്‍ണര്‍ യെദ്യൂരപ്പയ്‌ക്കും ബി ജെ പിക്കും നല്‍കിയിട്ടുള്ളത്‌. 104 സീറ്റുകളാണ്‌ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക്‌ ലഭിച്ചത്‌. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ കേവല ഭൂരിപക്ഷത്തിന്‌ വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ്‌ ബി ജെ പി അവകാശപ്പെടുന്നത്‌.

NO COMMENTS

LEAVE A REPLY