കര്‍ണ്ണാടക: കോണ്‍., ജെ.ഡി.എസ്‌ അംഗങ്ങളെ പാട്ടിലാക്കാന്‍ ബി ജെ പി ശ്രമം ശക്തം

0
11


ബംഗളൂരു: കര്‍ണ്ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി ശക്തമായ ശ്രമം തുടങ്ങി. ഇന്നു രാവിലെ നിയമസഭാ കക്ഷിയോഗം ചേര്‍ന്ന്‌ ബി.എസ്‌. യെദ്യൂരപ്പയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതിന്റെ തുടര്‍ച്ചയായി ഉന്നത ബി.ജെ.പി നേതാക്കള്‍ക്കൊപ്പം യെദ്യൂരപ്പ രാജ്‌ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിനു തന്നെ ക്ഷണിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ ഗവര്‍ണ്ണര്‍ അറിയിച്ചതായി കൂടികാഴ്‌ചയ്‌ക്കുശേഷം യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
അതേ സമയം തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏതു പാര്‍ട്ടിക്കും കേവലം ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ രാഷ്‌ട്രീയ കുതിര കച്ചവടം ശക്തമായി.
സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ആളെ ബി.ജെ.പി ഇതിനകം സ്വന്തം വശത്താക്കി. നാലു ജെ.ഡി.എസ്‌ അംഗങ്ങളെയും അഞ്ച്‌ കോണ്‍ഗ്രസ്‌ അംഗങ്ങളെയും ബി.ജെ.പി പക്ഷത്ത്‌ എത്തിക്കാനുള്ള ശക്തമായ ശ്രമത്തിലാണ്‌ ബി.ജെ.പി നേതൃത്വം. ഇതിനായി മന്ത്രിസ്ഥാനവും 100 കോടി രൂപയും വാഗ്‌ദാനം ചെയ്‌തതായി റിപ്പോര്‍ട്ടുകളുണ്ട്‌. ജെ.ഡി.എസ്‌ അംഗങ്ങള്‍ താമസിച്ചിട്ടുള്ള നക്ഷത്ര ഹോട്ടലില്‍ കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവദേക്കര്‍ എത്തിയത്‌ കുതിര കച്ചവടത്തിനാണെന്നു ആക്ഷേപമുണ്ട്‌.അതേസമയം ഇന്നു രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ്‌ അംഗങ്ങളുടെ യോഗത്തില്‍ 10 പേര്‍ പങ്കെടുത്തില്ല. ഇവര്‍ വടക്കന്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളവരാണ്‌. ഇവര്‍ വിട്ടു നിന്നത്‌ കോണ്‍ഗ്രസ്‌ ക്യാമ്പിനെ നിരാശയിലാക്കിയിട്ടുണ്ട്‌. ഇവരെ തലസ്ഥാനത്തേയ്‌ക്ക്‌ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായും സൂചനയുണ്ട്‌.
എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിനു കോണ്‍ഗ്രസ്‌ പിന്തുണയുള്ള ജെ.ഡി.എസിനെ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY