ചൂരി റിയാസ് മൗലവി വധം; മൂന്നു പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ശനിയാഴ്ച ഉച്ചക്ക് 11 മണിക്ക് വിധി പ്രസ്താവിച്ചത്. കാസര്‍കോട് കൂഡ്ലു കേളുഗുഡ്ഡെയിലെ അജേഷ്, നിധിന്‍, അജീഷ് എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് കോടതി ഉത്തരവായത്.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നുവെന്നാണ് കേസ്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡ് കാരണവും പല തവണ മാറ്റിവെച്ചുവെന്ന അപൂര്‍വ്വതയും റിയാസ് മൗലവി വധക്കേസിനുണ്ട്. കേസ് ഇത് വരെ ഏഴു ജഡ്ജിമാരാണ് പരിഗണിച്ചത്.
വിധി പ്രസ്താവന കണക്കിലെടുത്ത് കാസര്‍കോട്ട് ടൗണ്‍ കറന്തക്കാട്, കൂഡ്ലു, മീപ്പുഗുരി എന്നിവിടങ്ങളിലും വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയത്തിന് സമീപവും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അവധിയില്‍ പോയ ജില്ലയില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം ജില്ലാ പൊലീസ് മേധാവി വെള്ളിയാഴ്ച തന്നെ തിരികെ വിളിച്ചിരുന്നു.
കോടതി വിധിയില്‍ വിഷമമുണ്ടെന്നും അപ്പീല്‍ പോകുന്ന കാര്യം ആലോചിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page