ജ്വാല ഉത്സവിന്‌ പരിസമാപ്‌തി

0
26

ഷാര്‍ജ: ജ്വാല കലാ സാംസ്‌കാരിക വേദിയുടെ അഞ്ചാം വാര്‍ഷികാഘോഷം ജ്വാല ഉത്സവ്‌ 2018 ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യുണിറ്റി ഹാളില്‍ പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌ ഉദ്‌ഘാടനം ചെയ്‌തു. ജ്വാലയുടെ രക്ഷാധികാരിയും പ്രശസ്‌ത എഴുത്തുകാരനുമായ ഡോ.അംബികാസുതന്‍ മാങ്ങാട്‌ മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡണ്ട്‌ മാധവന്‍ അണിഞ്ഞ അധ്യക്ഷം വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജുസോമന്‍, ട്രഷറര്‍ വി. നാരായണന്‍ നായര്‍, വി.പി. ശ്രീകുമാര്‍, ഡോ. മണികണ്‌ഠന്‍ മേലത്ത്‌, രാജശേഖരന്‍, സുരേഷ്‌,ബാലകൃഷ്‌ണന്‍ മാരാങ്കാവ്‌, ഗോപി അരമങ്ങാനം, യമുന സുധാകരന്‍, ദേവിക മോഹന്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രെട്ടറി കെ.ടി. നായര്‍ സ്വാഗതവും ട്രഷര്‍ രാജീവ്‌ രാമപുരം നന്ദിയും പറഞ്ഞു.
ഗോപിനാഥ്‌ മുതുകാട്‌ നടത്തിയ മോട്ടിവേഷണല്‍ പ്രസംഗവും മാന്ത്രിക പ്രകടനവും ജ്വാല ഉത്സവിന്റെ മുഖ്യാകര്‍ഷണമായിരുന്നു. അംഗങ്ങളായ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ട കലാകാരന്മാര്‍ അവതരിപ്പിച്ച വ്യത്യസ്‌തങ്ങളായ കലാപരിപാടികളുടെ മേന്മകൊണ്ടും, നിലവാരം കൊണ്ടും ഉത്സവ്‌ മികച്ചുനിന്നു.
ഓട്ടിസം ബാധിച്ച കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ടീം ഇന്ത്യ സംഘം വേദിയില്‍ നൃത്തച്ചുവടുകള്‍ ഒരുക്കിയത്‌ കാണികളുടെ സ്‌നേഹാദരം പിടിച്ചുപറ്റി. ജ്വാലയുടെ ഭാരവാഹിയും എഴുത്തുകാരനുമായ ഗംഗാധരന്‍ രാവണേശ്വരത്തിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനവും ഉണ്ടായി. ജ്വാല കലാകാരന്മാര്‍ അണിനിരന്ന സാമൂഹ്യ നാടകം അവതരണ രീതികൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
കവി പ്രൊഫ.വി മധുസൂദനന്‍ നായര്‍ മുഖ്യ രക്ഷാധികാരിയും ഡോ. അംബികാസുതന്‍ മാങ്ങാട്‌, സന്തോഷ്‌ ഏച്ചിക്കാനം തുടങ്ങിയവര്‍ നയിക്കുന്ന ജ്വാലയുടെ ഈ വര്‍ഷത്തെ വ്യത്യസ്‌തങ്ങളായ പരിപാടികളില്‍ ഒന്നായിരുന്നു ജ്വാല ഉത്സവ്‌.

NO COMMENTS

LEAVE A REPLY