‘ജീവിതം മടുത്തത് കൊണ്ട് പോകുന്നു, മരണത്തില്‍ ആരും ഉത്തരവാദികളല്ല’; നാലുമാസം മുമ്പ് വിവാഹിതയായ വനിതാ ഡോക്ടറുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍ കോളേജിന് അടുത്തുള്ള വീട്ടില്‍ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങളായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. നാലുമാസം മുമ്പാണ് അഭിരാമിയുടെ വിവാഹം നടന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. ചൊവ്വാഴ്ച വൈകിട്ടാണ് മരണവാര്‍ത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിരാമിയെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നതോടെ അമ്മ രമാദേവി വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിന്‍ഭാഗത്തെ ജനല്‍ചില്ലുകള്‍ തകര്‍ത്തപ്പോഴാണ് ബോധരഹിതയായി അഭിരാമി റൂമില്‍ കിടക്കുന്നത് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. വൈകിട്ട് പിതാവിനെ ഫോണ്‍ വിളിച്ചതായും കൊല്ലത്തുള്ള ഭര്‍ത്താവിനടുത്തേക്ക് ഇന്ന് വൈകുന്നേരം പോകുമെന്ന് അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പൊലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page