വിജയത്തിളക്കത്തിലും രാഹുലിനേറെ പറയാനുണ്ട്‌… ഇല്ലായ്‌മയുടെ അനുഭവങ്ങള്‍

0
18


ചെറുവത്തൂര്‍:പതിനാലുവര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജപോരാട്ടമായ സന്തോഷ്‌ ട്രോഫി കേരളം നേടിയെടുത്തു. കായികകേരളത്തിന്‌ ആവേശം പകര്‍ന്ന ടീമില്‍ ഒരു കാസര്‍കോട്‌ സ്വദേശിയുമുണ്ട്‌-കെ പി രാഹുല്‍.
ഓരോ മത്സരത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച്‌ ട്രോഫിയുമായി മകന്‍ വരുമ്പോള്‍ അവ അടുക്കിവയ്‌ക്കാന്‍കൂടി സ്ഥല സൗകര്യമില്ലാത്ത കൂരയിലാണ്‌ രാഹുലിന്റെ താമസമെന്ന്‌ മാതാപിതാക്കള്‍ കണ്ണീരോടെ പറയുന്നു. പിലിക്കോട്‌ സ്വദേശി രമേശന്റെ മകനാണ്‌ രാഹുല്‍. തന്റെ ആവലാതികള്‍ക്കിടയിലും മകനെ രാജ്യമറിയുന്ന മികച്ച ഫുട്‌ബോളറാക്കണമെന്നതാണ്‌ ആ പിതാവിന്റെ ആഗ്രഹം. ചെറുപ്പം മുതലേ ഫുട്‌ബോളില്‍ മികച്ച പ്രകടനം കാണിച്ച രാഹുല്‍ ആറാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞു. ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. പിലിക്കോട്‌ കോതോളിയിലെ തറവാട്‌ വീട്‌ വിട്ടശേഷം ഒരു വര്‍ഷത്തോളം വാടക വീട്ടിലായിരുന്നു ഈ കുടുംബം. ഇതു രാഹുലിന്റെ പരിശീലനത്തെ ബാധിക്കുമെന്നറിഞ്ഞ പിതാവ്‌ ചെമ്പ്രകാനം മുണ്ടയില്‍ സര്‍ക്കാരനുവദിച്ച സ്ഥലത്തു വീടുവെച്ചു.ബാങ്കില്‍ നിന്നു വായ്‌പയെടുത്തും കടംവാങ്ങിയുമൊക്കെയാണ്‌ ഓടിട്ട ഒറ്റമുറിവീട്‌ ഭാഗീകമായി പൂര്‍ത്തിയാക്കിയത്‌. ഫുട്‌ബോള്‍ ലോകത്ത്‌ ചിറകു വിടര്‍ത്തി പറക്കാന്‍ തുടങ്ങുന്ന രാഹുലിന്‌ സര്‍ക്കാരും അധികൃതരും കരുത്തു പകരുമെന്നു കായിക കേരളം പ്രതീക്ഷിക്കുന്നു.

NO COMMENTS

LEAVE A REPLY