കാട്ടുപന്നി ശല്യം രൂക്ഷം: ജനങ്ങള്‍ ആശങ്കയില്‍

0
90


മുള്ളേരിയ: കാട്ടുപന്നികളുടെ ശല്യം വ്യാപകമാവുന്നു. കരയിലുള്ള കൃഷികളൊക്കെ തിന്നു തീര്‍ത്ത പന്നിക്കൂട്ടങ്ങള്‍ ഇപ്പോള്‍ നെല്‍ പാടങ്ങളിലും ഇറങ്ങിക്കഴിഞ്ഞു. കടുത്ത പ്രതിസന്ധിയില്‍ കഠിനാധ്വാനം ചെയ്‌തു വിളയിച്ച നെല്ലുകള്‍ പന്നികള്‍ നിര്‍ദ്ദാക്ഷിണ്യം തിന്നു തീര്‍ക്കുന്നതു തടയാന്‍ ശ്രമിക്കുന്ന കര്‍ഷകരെ പന്നികള്‍ കുത്തി പരിക്കേല്‍പ്പിക്കുന്നു.കഴിഞ്ഞ ദിവസം മിഞ്ചിപ്പദവ്‌ പരിസരത്ത്‌ സ്‌കൂള്‍ കുട്ടികളെ പന്നികൂട്ടങ്ങള്‍ കുത്താന്‍ ഓടിച്ചു. കുമ്പഡാജെ പഞ്ചായത്തിലെ കുദിംഗിലയില്‍ ബൈക്ക്‌ യാത്രക്കാരനെ പന്നി ഇടിച്ചിരുന്നു. 10 ദിവസം മുമ്പ്‌ ബദിയഡുക്ക മീത്തലെ ബസാറില്‍ പകല്‍ സമയത്ത്‌ പന്നിക്കൂട്ടം യുവതിയെ അക്രമിച്ചു പരിക്കേല്‍പ്പിച്ചു. രണ്ട്‌ വര്‍ഷം മുമ്പ്‌ കുമ്പഡാജെയില്‍ പന്നിയുടെ ആക്രമത്തില്‍ ഒരു സ്‌ത്രീ മരിച്ചിരുന്നു. അതിനു ശേഷം നാട്ടുകാര്‍ കൂട്ടമായി പന്നിയെ ഓടിക്കുകയും ചിലതിനെ കൊല്ലുകയും ചെയ്‌തിരുന്നു. ഏത്തടുക്ക സമീപത്തെ ചാളക്കോട്‌ പന്നിക്കൂട്ടങ്ങള്‍ നാട്ടുകാര്‍ക്ക്‌ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്‌. കാട്ടു പന്നികളെ കൊല്ലാനോ വേട്ടയാടാനോ പാടില്ല എന്ന്‌ സര്‍ക്കാര്‍ വ്യവസ്ഥയാക്കിയിട്ടുണ്ട്‌. എന്നാല്‍ അടിക്കടി നികുതി വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ പന്നിയുടെ സുരക്ഷിതത്വത്തിനു നല്‍കുന്ന പരിഗണന മനുഷ്യരോടു കാണിക്കുന്നില്ലെന്നു നാട്ടുകാര്‍ വിലപിക്കുന്നു.ആന കൂട്ടങ്ങളെക്കാള്‍ പന്നിക്കൂട്ടങ്ങള്‍ കര്‍ഷകര്‍ക്കിപ്പോള്‍ കടുത്ത വെല്ലുവിളി ആയിരിക്കുന്നു.

NO COMMENTS

LEAVE A REPLY