വിവാഹം

0
66


ആര്‍ കെ മണ്ണൂര്‍
സംസ്‌ക്കാര സമ്പന്നനായ ഏതു മനുഷ്യനും, എന്നും ഓര്‍മ്മിക്കുന്ന ചില തിഥികളുണ്ട്‌. ജനനം, ഉദ്യോഗലബ്‌ധി, വിവാഹം, ആദ്യ സന്താനലാഭം എന്നിവ അവയില്‍പ്പെടുന്നു. ഇവയില്‍തന്നെ പ്രധാനം വിവാഹ തീയ്യതിയാണ്‌. ജനനത്തിന്റെയോ ഉദ്യോഗലബ്‌ധിയുടെയോ തീയ്യതിയും മാസവും കൊല്ലവും കൃത്യമായി അറിയാന്‍ പലര്‍ക്കും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ സര്‍വ്വീസ്‌ ബുക്കോ നോക്കേണ്ടിവരും. കുളിരണിഞ്ഞ വിവാഹദിനം സ്‌ത്രീയോ പുരുഷനോ മറക്കുകയില്ല. എന്നാല്‍ വിവാഹം എന്ന അനുഷ്‌ഠാനത്തിന്റെ ഉത്ഭവ വികാസ പരിണാമങ്ങളെപ്പറ്റി മിക്കപേരും ചിന്തിച്ചിട്ടുണ്ടാവില്ല.
ആദിമ ദമ്പതികളുടെ പരമ്പര, വനാന്തരങ്ങളില്‍, കായ്‌കനികള്‍ പറിച്ചും പക്ഷിമൃഗാദികളെ വേട്ടയാടിയും പലര്‍ന്നിരുന്ന കാലത്ത്‌ ലൈംഗിക വേഴ്‌ചയ്‌ക്ക്‌ പ്രത്യേക ആചാര സംഹിതികളൊന്നും ഉണ്ടായിരുന്നില്ല. പക്ഷി മൃഗാദികളെപ്പോലെ, ആണും പെണ്ണും യഥേഷ്‌ടം, ഇണചേര്‍ന്നിരുന്നു.
“പണ്ടു നാരികളേവന്നും
കണ്ടു കൂടും പടിക്കുതാന്‍
സ്വാതന്ത്ര്യത്തില്‍ കാമചാര
മാര്‍ന്നിരുന്നു സുചിസ്‌മിതേ”- എന്ന്‌ മഹാ ഭാരതത്തില്‍ കാണുന്നു. കാലം മുന്നോട്ടു നീങ്ങി. മനുഷ്യവര്‍ഗ്ഗം കുടുംബം, ഗോത്രം, ജാതി, മതം, യൂഥം എന്നിങ്ങനെ വിഭജിക്കപ്പെട്ടപ്പോള്‍, സ്‌ത്രീപുരുഷ ലൈംഗിക വേഴ്‌ചക്കും വംശപരമ്പരയ്‌ക്കും ചില ഘട്ടങ്ങളുണ്ടായി. ഭാരതീയ സംസ്‌ക്കാരമനുസരിച്ച്‌ മനുഷ്യന്‌ 16 സംസ്‌ക്കാരങ്ങള്‍ വിധിക്കപ്പെട്ടു. ജാതകര്‍മ്മം, നാമകരണം, കര്‍ണ്ണവേധം, ചൗളം, ഉപനയനം, വിദ്യാരംഭം, വിവാഹം… മുതലായ അവയില്‍ മുഖ്യമാണ്‌ വിവാഹം. ഗണവ്യവസ്ഥിതിയില്‍ ഒരേ കുടുംബത്തിലെ സ്‌ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹം നിഷേധിക്കപ്പെട്ടു. വിഭിന്ന ഗോത്രങ്ങളായി വിഭജിക്കപ്പെട്ടപ്പോള്‍, ചില പ്രത്യേക ഗോത്രങ്ങള്‍ തമ്മിലുള്ള വിവാഹം ഗോത്രമൂപ്പന്മാരുടെ സമ്മതത്തോടെ നടത്തപ്പെട്ടു. ചാതുര്‍വര്‍ണ്ണ്യം ഉടലെടുത്തപ്പോള്‍, ശൂദ്രന്‌ തനതു ജാതിയില്‍ നിന്നും, ബ്രഹ്മണനു മറ്റു മൂന്നു ജാതിയില്‍ നിന്നും, വിവാഹം സാധുവാക്കിക്കൊണ്ട്‌ അസമത്വ ജടിലമായ വിവാഹ നിയമം സ്‌മൃതികാരന്മാര്‍ പ്രചരിപ്പിച്ചു. ബ്രാഹ്മണനു ശൂദ്രസ്‌ത്രീയെയും സംബന്ധം ചെയ്യാമെന്നും എന്നാല്‍ മറിച്ച്‌ ശൂദ്ര യുവാവിന്‌ ബ്രാഹ്മണ യുവതിയെ വേട്ടുകൂടെന്നുമുള്ള നിയമം അസമത്വ ജടിലമാണല്ലോ.
നിയമപരമായി ഭാര്യാഭര്‍ത്താക്കന്മാരെന്ന ബന്ധത്തിന്റെ സൂചകമാണ്‌ വിവാഹം. ക്ഷേത്രത്തില്‍, ദേവ വിഗ്രഹത്തിനു മുമ്പില്‍ നിറദീപത്തിനരികെ പരസ്‌പരം മാലചാര്‍ത്തി താലികെട്ടിയോ, പാര്‍ട്ടി ഓഫീസില്‍ സഖാക്കളുടെ സാന്നിധ്യത്തില്‍ പരസ്‌പരം മാലയിട്ടോ റജിസ്‌ട്രാഫീസില്‍ സാക്ഷികളുടെ സന്നിധിയില്‍ വധൂവരന്മാരെന്നു പ്രഖ്യാപിച്ച്‌ ഒപ്പുവെച്ചോ ഈ കര്‍മ്മം നിര്‍വ്വഹിക്കാം. വിവാഹ പരമായ ഭാരതീയ സങ്കല്‍പം ഏറെ ഉദാത്തമാണ്‌.
“വിവാഹോപയമൗസമൗ
തഥാപരിണയോദ്വഹോ
ഉപയാമപാണീപീഡനം” എന്ന്‌ അമരകോശത്തില്‍ കാണാം. വിവാഹം, ഉപമയം, അപയാമം, പരിണയം ഉദ്വഹനം, പാണീപീഡനം എന്നീ ആറുപദങ്ങളുടെയും, മൂലാര്‍ത്ഥം ശ്രദ്ധിക്കുക. വിവാഹമെന്നത്‌ വിശേഷപ്പെട്ട രീതിയില്‍ വഹിക്കലാണ്‌ പൊക്കിയെടുക്കലാണ്‌ ഉദ്വഹനം. സ്‌ത്രീയെ ജീവിതത്തിലേയ്‌ക്കുയര്‍ത്തുക എന്നത്രേ ഇവയുടെ സൂചന. ആ കര്‍മ്മം നിറവേറ്റുന്നതു പുരുഷനാണെന്നാണ്‌ പുരാതന സങ്കല്‍പ്പം. ആധുനിക കാലത്ത്‌ പുരുഷനെ ജീവിതത്തിലേയ്‌ക്കുയര്‍ത്തുന്ന നാരീമണികളുമുണ്ടാകാം. പക്ഷേ, അവിടെ പുരുഷന്റെ നിറം മങ്ങുന്നു അനാവശ്യങ്ങളില്‍ പ്രവേശിക്കാതെ അടങ്ങിയൊതുങ്ങി നില്‍ക്കുകയാണ്‌ ഉപമയ, ഉപയാമങ്ങളുടെ പൊരുള്‍. ആരബ്‌ധ യൗവ്വനരായ മക്കള്‍, ബസ്‌ സ്റ്റാന്റിലും, റെയില്‍വെ സ്റ്റേഷനിലും, ബീച്ചിലും, അല്‌പാല്‍പം കൂട്ടിമുട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍, വിവാഹത്തിന്‌ തിടക്കപ്പെടുകയായി. മക്കള്‍, അനാവശ്യങ്ങളില്‍ ഇടപെടാതെ, ഒതുങ്ങിക്കഴിയാന്‍ പരിശീലിപ്പിക്കാനാണ്‌ അത്‌. കൊട്ടാരത്തിലെ ആഡംബര ജീവിതത്തില്‍ വിമുഖനായി. വിഷാദമഗ്നനായി, സദാസമയവും ജീവിച്ച സിദ്ധാര്‍ത്ഥ കുമാരനെ, ശുദ്ധോധനന്‍ വേളികഴിപ്പിച്ചു. സമൂഹത്തില്‍ രോഗവും, ദാരിദ്ര്യവും ജരാനരയും, മരണവും സംഭവിക്കുന്നതിന്റെ കാരണമാരാഞ്ഞ്‌ ചിന്താമഗ്നനായിരുന്നുവല്ലോ സിദ്ധാര്‍ത്ഥന്‍.
ശുദ്ധോധനന്റെ കാഴ്‌ചപ്പാടില്‍, തന്റെ മകന്റെ നീക്കം, അനാവശ്യകാര്യങ്ങളില്‍ ഇടപെടുകയായിരുന്നു. ഒരു തരം ഒതുക്കമില്ലായ്‌യായിരുന്നു. യശോധര, തന്റെ വരനെ ആഡംബര ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചു കൊണ്ടുവരുമെന്ന്‌, ആ പിതാവു കരുതി. കൂട്ടിക്കൊണ്ടുവരികയെന്നാണ്‌ പരിണയത്തിനര്‍ത്ഥം. സ്‌ത്രീയെ ജീവിതത്തിലേയ്‌ക്ക്‌ ആനയിക്കുന്നതു പുരുഷനാണല്ലോ. പാണീ പീഡനം അതായത്‌ കൈകോര്‍ക്കല്‍, വിവാഹത്തിന്റെ ഒരു ചടങ്ങുമാണ്‌. കഴിഞ്ഞ ഒരാണ്ടിനുള്ളില്‍ ഈ ലേഖകന്‍ പങ്കെടുത്ത, വിവാഹങ്ങളില്‍ രണ്ടെണ്ണത്തിന്റെ ചടങ്ങുകള്‍ പ്രത്യേകം ഓര്‍മ്മിക്കുന്നു. വേദിയിലെ ചടങ്ങുകള്‍ രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു. അതിനുശേഷമായിരുന്നു മാലയിടലും താലികെട്ടും. വേദിയിലെ ഹോമകുണ്ഡത്തില്‍ പുരോഹിതന്റെ പഞ്ചകര്‍മ്മയുക്തമായ പൂജ. അതിനു ശേഷം വധൂവരന്മാരെ അവിടെയിരുത്തി. പുരോഹിതന്‍ ചൊല്ലിക്കൊടുത്ത വേദമന്ത്രങ്ങള്‍ ഏറ്റുചൊല്ലി, വധൂവരന്മാര്‍ ഹോമാഗ്നിയില്‍, നെയ്യൊഴിച്ചു. മലര്‍ ഹോമിച്ചു. സുഗന്ധ ദ്രവ്യങ്ങള്‍ വിതറി. അതിഥികളെല്ലാം സദസ്സിലിരുന്നു. ചടങ്ങു തീര്‍ന്ന ശേഷമേ ഭക്ഷണശാലയുടെ വാതിലുകള്‍ തുറന്നുള്ളൂ. സാധാരണ ഗതിയില്‍, നേരേ ഭക്ഷണശാലയില്‍ കടന്നിരിക്കാനാണ്‌ അതിഥികള്‍ തിടുക്കം കൂട്ടിക്കാണുന്നത്‌. വധൂവരന്മാരെ കാണുന്നതു രണ്ടാമത്തെ കാര്യമാണ്‌ അവര്‍ക്ക്‌. നേരു പറയട്ടെ, ഈ ചടങ്ങ്‌ ഈ ലേഖകനു വളരെ ഇഷ്‌ടപ്പെട്ടു. ഏതു മതസ്ഥരുടെ വിവാഹമായാലും മതമില്ലാത്ത യുക്തിവാദികളുടെ വിവാഹമായാലും ചില ചടങ്ങുകളുണ്ടാകുമല്ലോ. അതില്‍ അതിഥികള്‍ പങ്കാളികളാകണം.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു സങ്കല്‍പ്പമുണ്ട്‌.
“ വധൂരുമാത്മികാഭര്‍ത്താ വിവാഹേ ശങ്കരാത്മക(ഉമാരൂപയാണ്‌ വധു, വരന്‍- ശിവരൂപനും) അപ്പോള്‍ വിവാഹ വേദിയില്‍ തല്‍ക്കാലത്തേയ്‌ക്ക്‌ അതിഥികള്‍ കാണുന്നതു പാര്‍വ്വതീ പരമേശ്വരന്മാരെയാണ്‌. വിവാഹച്ചടങ്ങിന്റെ മുഹൂര്‍ത്തത്തില്‍, വധൂവരന്മാര്‍ക്ക്‌ ഒരു പ്രത്യേക ഭംഗിയുണ്ടാകും. അവര്‍ അസുന്ദരരായാലും വിശേഷപ്പെട്ട ഒരു കാന്തിയുണ്ടാകും എന്ന്‌ കാളിദാസ വാക്യമുണ്ട്‌. ഏതു വിവാഹവേദിയിലും ക്ഷണിക്കപ്പെടാതെ, അദൃശ്യരായി, എഴുന്നള്ളുന്ന ദമ്പതികളാണ്‌ പാര്‍വ്വതീ പരമേശ്വരന്മാര്‍. ഭാരതീയ ചിന്തയനുസരിച്ച്‌ വിവാഹങ്ങള്‍ എട്ടുവിധമുണ്ട്‌. ബ്രാഹ്മം, ആര്‍ഷം, ദൈവം, പ്രാജപത്യം, ആസുരം, ഗാന്ധര്‍വ്വം, രാക്ഷസം, പൈശാച എന്നിവയത്രേ അവ. ഇവയില്‍ ആര്‍ഷവും പ്രാജപത്യവും, ഗാന്ധര്‍വ്വവും ഉത്തമം ദൈവവും ബ്രാഹ്മവും മധ്യമം രാക്ഷസം, പൈശാചം, ആസുരം എന്നിവ അധമം. ഈ പട്ടികയില്‍ തന്നെ അത്യുത്തമം പ്രാജപത്യവും ഏറ്റവും പാപകരം പൈശാചവുമാണ്‌. സഹധര്‍മ്മശ്ചരതാം, സഹധര്‍മ്മശ്ചര, തഥാസ്‌തു എന്ന മന്ത്രം വരനെക്കൊണ്ടു ചൊല്ലിച്ച്‌ അദ്ദേഹത്തിന്റെ കൈയില്‍ വധുവിനെ ഏല്‍പ്പിക്കുന്നതാണിത്‌. മറ്റാരും ഇല്ലാത്തിടത്തു, കിടന്നുറങ്ങുന്നവളെയോ മദ്യപിച്ചു ബോധം കെട്ടവളെയോ, പ്രാപിക്കുന്നതാണ്‌ പൈശാചം. സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ആസുര വിവാഹത്തില്‍പ്പെടുന്നു.
“ജനഹൃദയം സ്വതന്ത്രമാ
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍” എന്ന്‌ കവിവാക്യമുണ്ടല്ലോ. വധൂവരന്മാര്‍ തന്നിഷ്‌ട പ്രകാരം നടത്തുന്ന വിവാഹം- ഗാന്ധര്‍വ്വം സ്ഥായിയായ തന്റേടമുള്ള കാമുകീകാമുകന്മാര്‍ നടത്തുന്ന ഗാന്ധര്‍വ്വം ഉത്തമത്തില്‍പ്പെടുന്നു. അതിനെ കുറ്റപ്പെടുത്തിക്കൂടാ. പക്ഷേ രക്ഷിതാക്കള്‍, വിവാഹം നിശ്ചയിച്ച്‌, ആടയാഭരണങ്ങള്‍ ഒരുക്കിയ ശേഷം, അവയെല്ലാം പെറുക്കി ഒളിച്ചോടുന്ന വിവാഹം ഉത്തമ ഗാന്ധര്‍വ്വമല്ല. മറ്റു ചില വിവാഹ ഭേദങ്ങള്‍ കാലഹരണപ്പെട്ടവയാണ്‌. രാജവാഴ്‌ചക്കാലത്തും ഫ്യൂഡല്‍ക്കാലത്തും മാത്രമേ അവ നിലനിന്നിരുന്നുള്ളൂ.
റോമന്‍ കത്തോലിക്കക്കാരില്‍ ഒരു ചടങ്ങുണ്ട്‌… വിവാഹത്തിന്‌ വധൂവരന്മാര്‍ “ മനഃസമ്മതം മൂളിയാല്‍ അടുത്തനാളില്‍ ഒരു കൗണ്‍സിലിങ്ങ്‌ നടത്തുന്നു.. പുരോഹിതന്മാര്‍ക്കൊപ്പം മനഃശാസ്‌ത്രജ്ഞന്മാരും അതില്‍ പങ്കെടുക്കും. നവ വധൂവരന്മാര്‍ക്ക്‌, ജീവിതപ്പോരാട്ടത്തില്‍ ഉണ്ടാകേണ്ട മനോധൈര്യത്തിനും, വിട്ടു വിഴ്‌ചയ്‌ക്കും ഇതുപകരിക്കും. ഭാര്യ ജീവിച്ചിരിക്കേ അഥവാ ഭര്‍ത്താവു ജീവിച്ചിരിക്കേ ഈ വിവാഹത്തില്‍ വിവാഹമോചനമില്ല. ഭാര്യയോ ഭര്‍ത്താവോ മരിക്കാതെ പുനര്‍വിവാഹവുമില്ല. ഇതരമതക്കാര്‍ അനുകരിക്കേണ്ട ഒരു സംഗതിയാണിത്‌. ഭാരതീയ ക്രൈസ്‌തവ സഭയിലേ ഈ നിയമമുള്ളൂ. പാശ്ചാത്യ നാടുകളില്‍ അനുചിതമായ ലൈംഗിക ബന്ധങ്ങളും വിവാഹ മോചനങ്ങളും നിരവധിയാണ്‌. വിഭിന്ന മതക്കാര്‍ തമ്മിലുള്ള വിവാഹം, ഇന്ത്യയില്‍ പെരുകിവരുന്നുണ്ട്‌. പലതും നടക്കുന്നത്‌ മതനിരപേക്ഷതയുടെ ആദര്‍ശ ധീരത കൊണ്ടല്ല. സ്‌ത്രീപുരുഷന്മാരുടെ ദേഹ കാന്തിയിലോ, മറ്റു നൈപുണ്യങ്ങളിലോ സമ്പത്തിലോ ആകൃഷ്‌ടരായി, ക്ഷണികമായുണ്ടായ പ്രണയത്തിന്റെ അടിസ്ഥാനത്തിലാണ്‌. അല്‍പകാലം കഴിഞ്ഞാല്‍ അവര്‍ ബന്ധം വിച്ഛേദിക്കുന്നു. കെ ആര്‍ ഗൗരിയും ടി വി തോമസും തമ്മിലുള്ള ദാമ്പത്യ ബന്ധം, പ്രഥമോദാഹരണം. സുഭാഷിണി അലിമാര്‍ മറ്റൊരു ഉദാഹരണം. ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ മകളും, ഉത്തര്‍പ്രദേശിലെ കാല്‍പൂരിലെ സി പി എം നേതാവുമാണ്‌ സുഭാഷിണി. ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ടവരാണ്‌ വധുവോ വരനോ എങ്കില്‍, നിര്‍ണ്ണായകമായ അവസരം വന്നാല്‍ മത മേലധ്യക്ഷന്മാര്‍ വലവീശും. അവര്‍ വിരുതു കുറഞ്ഞവരാണെങ്കില്‍ വലയില്‍ വീഴുകയും ചെയ്യും.
അടുത്ത കാലത്തായി അനോന്യ വിയോഗ ദുഃഖം അനുഭവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ വഴിതെറ്റുന്നു. അസാന്മാര്‍ഗ്ഗികളായി മാറുന്നു. പരപുരുഷന്മാരെ പ്രാപിക്കുന്ന, അടക്കവും ഒതുക്കവുമില്ലാത്ത, അബലകളും, വ്യഭിചാരിണികളുടെ അംഗചലനങ്ങളില്‍ മതിമറന്ന്‌ സ്വധര്‍മ്മം മറക്കുന്ന പുരുഷന്മാരും, പെരുകി വരുന്നു. ഭാര്യ ഭര്‍ത്താവിനെയോ ഭര്‍ത്താവു ഭാര്യയെയോ, കൊലപ്പെടുത്തുന്ന വാര്‍ത്ത, പത്രങ്ങളില്‍ നാം നിത്യേന കാണുന്നു. പലതിനും കാരണം, ദമ്പതിമാര്‍ക്കുള്ള അവിഹിതമായ കാമുകീകാമുക ബന്ധങ്ങളാണ്‌. ഇക്കൂട്ടര്‍ പാര്‍വ്വതീ പരമേശ്വരന്മാരുടെയോ, സീതാരാമന്മാരുടെയോ ചരിതങ്ങളില്‍ നിന്ന്‌ ദാമ്പത്യ ജീവിതത്തിന്റെ ശാശ്വത തത്വം പഠിക്കേണ്ടതാണ്‌. അര്‍ദ്ധാംഗീകൃതദാമ്പത്യം
അവിഗാഢാനുരാഗയോഃ
ജഗതഃപിത കസ്‌മൈ
തസ്‌മൈ ചിന്മഹസേനമഃ എന്ന്‌ ഇത്തരം അസന്മാര്‍ഗ്ഗികള്‍ നിത്യവും ഉരുവിടട്ടെ. ജഗത്‌പിതാക്കള്‍ അവരെ അനുഗ്രഹിക്കട്ടെ.

NO COMMENTS

LEAVE A REPLY