ജമീല ഉറ്റവരെയും കാത്തിരിക്കുന്നു; പ്രതീക്ഷകളോടെ….

0
62


കാസര്‍കോട്‌: ലോകമെങ്ങും അന്താരാഷ്‌ട്ര വനിതാ ദിനാചരണം നടത്തുമ്പോള്‍ ഇവിടെയൊരു സ്‌ത്രീ ഉറ്റവരെയും കാത്തിരിക്കുന്നു. പേര്‌ ജമീല. വയസ്‌ 45. ഇപ്പോഴത്തെ മേല്‍വിലാസം കുതിരവട്ടം, മാനസികാരോഗ്യ ആശുപത്രി, കോഴിക്കോട്‌ എന്നതാണ്‌. 25 വര്‍ഷം മുമ്പ്‌ ഉറ്റവരും ബന്ധുക്കളും ജമീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നല്‍കിയ മേല്‍വിലാസം ഇങ്ങനെ-ജമീല, പിതാവിന്റെ പേര്‌ മൊയ്‌തീന്‍, ആയിഷ ക്വാര്‍ട്ടേഴ്‌സ്‌ വിദ്യാനഗര്‍, കാസര്‍കോട്‌ വര്‍ഷങ്ങളായി നടത്തിയ ചികിത്സയിലൂടെ ജമീലയുടെ രോഗമെല്ലാം മാറി. ഇപ്പോള്‍ ഒരു സാധാരണ സ്‌ത്രീയാണ്‌ ജമീല. രോഗം മാറിയതിനാല്‍ മറ്റുള്ളവരെ സഹായിക്കാന്‍ പോലും ജമീല തയ്യാറാകുന്നു. അഞ്ചു വര്‍ഷമായി രോഗത്തിന്റെ നേരിയ ലക്ഷണം പോലും ജമീലയില്‍ കാണാനില്ലെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു. അതിനാല്‍ നിശ്ചിത പരിധിക്കു ശേഷം രോഗിയല്ലാത്ത ഒരാളെ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല. പക്ഷെ ഇക്കാര്യം ഉറ്റവരെ എങ്ങനെ അറിയിക്കണമെന്ന്‌ ആശുപത്രി അധികൃതര്‍ക്ക്‌ പോലും അറിയില്ല. അഞ്ചു വര്‍ഷം മുമ്പുവരെ സെറീന എന്ന പേരുള്ള മകള്‍, ജമീലയെ കാണാന്‍ എത്തിയിരുന്നു. ഇപ്പോള്‍ അവരെക്കുറിച്ച്‌ ഒരു വിവരവുമില്ല. മാതാവിന്റെ പേര്‌ ഫാത്തിമയെന്നാണെന്നും ഷെരീഫ എന്നു പേരുള്ള ബന്ധുവുണ്ടെന്നും ജമീല പറയുന്നുണ്ട്‌.
ജമീലയുടെ ബന്ധുക്കളെ കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ വിദ്യാനഗര്‍ പൊലീസിന്റെ സഹായം തേടിയിരുന്നു. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ അത്തരമൊരു ക്വാര്‍ട്ടേഴ്‌സ്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 25 വര്‍ഷം മുമ്പ്‌ നല്‍കിയ മേല്‍വിലാസമാണ്‌ ആശുപത്രിയിലുള്ളത്‌. അത്തരമൊരു മേല്‍വിലാസം ഇപ്പോള്‍ കണ്ടെത്തുക ദുഷ്‌ക്കരമാണെന്ന്‌ പൊലീസ്‌ പറയുന്നു. ജമീലയെ കുറിച്ചോ, അവരുടെ താമസ സ്ഥലം സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിച്ചാല്‍ ജമീലക്ക്‌ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പുനര്‍ജന്മം ലഭിക്കും.
അതിനുള്ള സര്‍വ്വ സാധ്യതകളും തേടുകയാണ്‌ പൊലീസിപ്പോള്‍. പൊലീസിന്റെ ശ്രമം വിജയിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജമീലയും.

NO COMMENTS

LEAVE A REPLY