മലയോരമേഖലകളില്‍ പുഴകള്‍ വറ്റി വരണ്ടു; ജനങ്ങള്‍ ആശങ്കയില്‍

0
95


ബദിയഡുക്ക: ജില്ലയിലെ പുഴകളും ചെറിയ തോടുകളും, ബണ്ടുകളും വറ്റിത്തുടങ്ങി. കടുത്ത ചൂടിനെത്തുടര്‍ന്നാണ്‌ ഇവ വറ്റിക്കൊണ്ടിരിക്കുന്നത്‌. വേനലും കുടിജലക്ഷാമവും തുടര്‍ദിനങ്ങളില്‍ കൂടുതല്‍ രൂക്ഷമായേക്കുമെന്ന്‌ കര്‍ഷകര്‍ ആശങ്കപ്പെടുന്നു. അത്തനാടി, ഷിറിയ, അടുക്കസ്ഥല, ഏത്തടുക്ക, പള്ളത്തടുക്ക പുഴകളിലാണ്‌ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നത്‌. അടുക്കസ്ഥലപുഴ വറ്റിയിട്ട്‌ ഒരുമാസമായി. വെള്ളത്തിന്റെ കണിപോലും ഈ പുഴയില്‍ കാണാനില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഏത്തടുക്ക-പള്ളത്തടുക്ക പുഴക്ക്‌ തലമ്പാടിയില്‍ നിര്‍മ്മിച്ച അണക്കെട്ടിലും വെള്ളം വറ്റിക്കഴിഞ്ഞു. ഈ അണക്കെട്ടില്‍ വെള്ളം നിറഞ്ഞിരുന്നപ്പോള്‍ നാട്ടിലെ കിണറുകളിലും വേണ്ടത്ര ജലമുണ്ടായിരുന്നു. അണക്കെട്ടില്‍ വെള്ളം കുറഞ്ഞതോടെ കിണറുകളിലും വെള്ളം കുറഞ്ഞു. അത്തനാടി പുഴയിലും ഇതേ അവസ്ഥയാണ്‌. വെള്ളം തടഞ്ഞുനിര്‍ത്താന്‍ കര്‍ഷകര്‍ ഉണ്ടാക്കിയ ബണ്ടുകളിലും, ചെറിയ കുഴികളിലും മാത്രമേ ഇപ്പോ ഇവിടെ കുറച്ചെങ്കിലും വെള്ളമുള്ളൂ. ഷിറിയ പുഴയിലും ഷിറിയ അണക്കെട്ടിലും വെള്ളം കുറഞ്ഞു. ഒരാഴ്‌ച്ചക്കുള്ളില്‍ പൂര്‍ണ്ണമായും ഇവ വറ്റുമെന്നു കര്‍ഷകര്‍ പറയുന്നു.
പലയിടത്തും പുഴകള്‍ക്ക്‌ കര്‍ഷകര്‍ നിര്‍മ്മിച്ച ബണ്ടുകള്‍ ഉണങ്ങികിടക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച്‌ അവസാനം വരെ ബണ്ടുകളില്‍ വെള്ളം സമൃദ്ധമാകാറുണ്ടായിരുന്നു. പക്ഷേ ഈ വര്‍ഷം ഫെബ്രുവരി കഴിയും മുമ്പു തന്നെ വെള്ളം വറ്റികഴിഞ്ഞു. നാട്ടിലെ പല കിണറുകളുടെ അവസ്ഥയും ഇതു തന്നെയാണ്‌. കര്‍ഷകര്‍ ഉപയോഗിച്ചുവരുന്ന പഴയ കുളങ്ങള്‍, കിണറുകള്‍ ഫെബ്രുവരി പകുതിയായപ്പോള്‍ തന്നെ വറ്റിയിരുന്നു. പൊതു കിണറുകളുടെ അവസ്ഥയും ഇതുതന്നെ. ഗ്രാമീണ മേഖലയിലെ പല ചെറിയ തോടുകള്‍ ഫെബ്രുവരി ആദ്യ വാരം തന്നെ വറ്റിയിരുന്നു.
സാധാരണയായി മാര്‍ച്ച്‌ അവസാനം കാണാറുള്ള കാഴ്‌ചകളാണ്‌ പുഴയിലും ബണ്ടുകളിലും തോടുകളിലും ഫെബ്രുവരി അവസാനം പ്രകടമായിട്ടുള്ളത്‌.

NO COMMENTS

LEAVE A REPLY