ഗുണഭോക്താക്കള്‍ക്കും അധികൃതര്‍ക്കും വേണ്ടാതായ കുടിവെള്ളപദ്ധതി ജപ്‌തി ഭീഷണിയില്‍

0
66


ബദിയഡുക്ക:വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നിര്‍മ്മിച്ച കുടിവെള്ള പദ്ധതി തുരുമ്പു പിടിച്ചു നശിക്കുന്നു.
വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന്‌ ഫ്യൂസ്‌ ഊരി വൈദ്യുതി ബന്ധം വിഛേദിച്ച കുടിവെള്ള പദ്ധതിയുടെ തുരുമ്പു പിടിച്ച പമ്പും മറ്റു സാധനങ്ങളും ജപ്‌തി ചെയ്യാനും നടപടി ആരംഭിച്ചതായി പറയുന്നു.
ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള കാടമന-മാടത്തടുക്കയിലാണ്‌ വര്‍ഷങ്ങളായി നിലച്ച കുടിവെള്ള പദ്ധതി വേനലിനു മുമ്പു പൂര്‍ണമായി ഇല്ലാതാവാന്‍ പോവുന്നത്‌.
2004-05ല്‍ സ്വജല്‍ ധാര പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചെലവില്‍ നാട്ടില്‍ കുടിവെള്ളം ഉറപ്പാക്കാന്‍ ആരംഭിച്ച പദ്ധതിയാണിത്‌. പദ്ധതിക്കുവേണ്ടി ഏത്തടുക്ക- പള്ളത്തടുക്ക പുഴയില്‍ കിണര്‍ കുഴിച്ച്‌ തൊട്ടടുത്തു പമ്പ്‌ ഷെഡ്ഡ്‌ നിര്‍മ്മിച്ചു. വന്‍ശക്തിയുള്ള പമ്പ്‌ സ്ഥാപിക്കുകയും അവിടെ നിന്ന്‌ അരക്കിലോമീറ്റര്‍ ദൂരെ കുന്നിന്‍ പ്രദേശമായ മാടത്തടുക്കയില്‍ ടാങ്ക്‌ നിര്‍മ്മിക്കുകയും അവിടെ നിന്നു നൂറോളം വീടുകളിലേക്കു പൈപ്പ്‌ വഴി കുടിവെള്ളം എത്തിക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതി.
നാട്ടുകാരടങ്ങിയ 11 അംഗ കമ്മറ്റിക്കായിരുന്നു പദ്ധതിയുടെ ചുമതല. കമ്മറ്റി പദ്ധതി പൂര്‍ത്തിയാക്കി എല്ലാ വീട്ടിലും ടാപ്പ്‌ വഴി കുടിവെള്ള വിതരണം ആരംഭിക്കുകയും അതിന്‌ സ്ഥിരമായി ഒരു പമ്പ്‌ ഓപ്പറേറ്ററെ നിയമിക്കുകയും ചെയ്‌തു.
ഇതിനിടയില്‍ ഇതേ വീട്ടുകാരില്‍ പലരും തങ്ങളുടെ വീട്ടുമുറ്റത്തു കുഴല്‍ കിണര്‍ കുഴിച്ചു. ശുദ്ധജല വിതരണ പദ്ധതിയിലെ വെള്ളം എടുക്കാതായി. അതിനു ഓരോ വീട്ടുകാരും നല്‍കേണ്ടിയിരുന്ന ചെലവിന്റെ വിഹിതം നല്‍കാതിരുന്നു.
വൈദ്യുതി കുടിശിക 8000 രൂപയായപ്പോള്‍ 2011ല്‍ വൈദ്യുതി അധികൃതര്‍ ഫ്യൂസ്‌ ഊരി. ഇപ്പോള്‍ പലിശ ഉള്‍പ്പെടെ അത്‌ 30,000 രൂപയായി. ആ പണം ഈടാക്കാന്‍ വൈദ്യുതി വിഭാഗം ജപ്‌തി നടപടി ആരംഭിച്ചു.
ഏഴുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ടാങ്ക്‌, പൈപ്പ്‌ ലൈന്‍, പമ്പ്‌ എന്നിവ നശിച്ചുകൊണ്ടിരിക്കുന്നു. നാട്ടുകാര്‍ക്കുവേണ്ടി 14 വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കിയ 25 ലക്ഷം രൂപ പാഴായിപോയത്‌ പണം ചെലവാക്കിയവരേയും അതിന്റെ ഗുണഭോക്താക്കളായിരുന്നവരെയും ഇടനിലക്കാരെയും അലോസരപ്പെടുത്തുന്നില്ല. വേനല്‍ ഇനിയും രൂക്ഷമാവുമ്പോള്‍ കുടിവെള്ളത്തിനു മുറവിളികൂട്ടാന്‍ അവര്‍ തയ്യാറെടുക്കുകയാണെന്നു പറഞ്ഞു.

NO COMMENTS

LEAVE A REPLY