പൂരോത്സവത്തിന് ഇന്ന് തുടക്കം; പത്മശാലിയ പൊറാട്ട് ഇന്ന് അരങ്ങിലെത്തും

കാസര്‍കോട്: വടക്കേ മലബാറിലെ പ്രധാന ആഘോഷമായ പൂരത്തിന്റ വരവറിയിച്ചു കൊണ്ട് വെള്ളിയാഴ്ച വൈകിട്ട് 5ന് പത്മ ശാലിയ പൊറാട്ട് അരങ്ങിലെത്തും. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായാണ് പൊറാട്ട് വേഷങ്ങള്‍ കെട്ടിയാടുന്നത്. മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയാണ് പൂരാഘോഷം കാവുകളിലും കഴകങ്ങളിലും ക്ഷേത്രങ്ങളിലും നടക്കുക. രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തോടെയാണ് പൂരോത്സവത്തിന് തുടക്കമാകുന്നത്. പൂരോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇന്ന് പിലിക്കോട് തെരുവില്‍ പൊറാട്ട് വേഷങ്ങളെത്തുക. സാമൂഹ്യ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചാണ് പൊറാട്ട് വേഷങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുക.
അട്ടക്കണം പോതി, ചേകവന്മാര്‍, കേളി പാത്രം, വാഴപോതികള്‍ തുടങ്ങിയവയാണ് പൊറാട്ടിലെ പരമ്പരാഗത വേഷങ്ങള്‍. മാണിക്യക്കല്ല് എന്ന സ്ഥലത്തിനായി അള്ളട സ്വരൂപവും ഇളംകൂത്ത് സ്വരൂപവും തമ്മിലുണ്ടായ അങ്ക പുറപ്പാടും യുദ്ധവര്‍ണ്ണനകളുമാണ് പൊറാട്ടിന്റെ മറ്റൊരു ഐതിഹ്യമായി പറയുന്നത്. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായാണ് സോമേശ്വരീ ക്ഷേത്ര പരിസരത്തുനിന്ന് പൊറാട്ട് വേഷങ്ങള്‍ തെരുവിലെത്തുന്നത്.
കാസര്‍കോടിന്റെ സാംസ്‌കാരിക പെരുമയിലെ മറ്റൊരു കലാരൂപമായ ശാലിയ പൊറാട്ട് പയ്യന്നൂരിലും കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും വരും ദിവസങ്ങളില്‍ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page