അന്യ സംസ്ഥാന തൊഴിലാളികളെ കൊള്ളയടിക്കാന്‍ ശ്രമം;കത്തിയുമായി കൊലക്കേസ്‌ പ്രതി പിടിയില്‍

0
79


കാസര്‍കോട്‌:അന്യ സംസ്ഥാന തൊഴിലാളികളെ അക്രമിച്ച്‌ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ കൊലക്കേസ്‌ പ്രതി കത്തിയുമായി അറസ്റ്റില്‍. കുമ്പള, പേരോലിലെ അഫ്‌സല്‍ (22) ആണ്‌ അറസ്റ്റിലായത്‌. ഇയാളെ ചോദ്യം ചെയ്‌തുവരുന്നു. ഇന്നു പുലര്‍ച്ചെ 3ന്‌ മൊഗ്രാല്‍ പുത്തൂര്‍, കല്ലങ്കൈയിലാണ്‌ സംഭവം. സ്വകാര്യ വ്യക്തിപണിയുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തിനെത്തിയ ബംഗാള്‍ സ്വദേശികളാണ്‌ അക്രമത്തിനു ഇരയായത്‌. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഉറങ്ങികിടക്കുകയായിരുന്നു 14 അംഗ തൊഴിലാളികള്‍. ഇവിടേയ്‌ക്ക്‌ എത്തിയ അഫ്‌സലും മറ്റൊരാളും പണവും മൊബൈല്‍ ഫോണുകളും കൈക്കലാക്കാനുള്ള ശ്രമത്തിനിടയില്‍ തൊഴിലാളിയുടെ ദേഹത്ത്‌ തട്ടുകയും അയാള്‍ ഞെട്ടി ഉണരുകയും ചെയ്‌തതോടെയാണ്‌ സംഭവം പുറത്തായത്‌. തൊഴിലാളികള്‍ ബഹളം വച്ചപ്പോള്‍ ഇരുവരും ഓടിപ്പോകാന്‍ ശ്രമിച്ചു. കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ ഇതു വകവയ്‌ക്കാതെ തൊഴിലാളികള്‍ അഫ്‌സലിനെ കീഴ്‌പ്പെടുത്തി പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
പൊലീസ്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ അഫ്‌സല്‍ 2015 മാര്‍ച്ച്‌ 22ന്‌ പേരാലിലെ മുഹമ്മദ്‌ ഷെഫീഖിനെ കൊലപ്പെടുത്തി മൃതദേഹം പൂഴിയില്‍ മൂടിയ കേസിലെ പ്രതിയാണെന്നു വ്യക്തമായത്‌. ഇയാളെ ചോദ്യം ചെയ്‌തുവരുന്നു. ബൈക്കുമായി രക്ഷപ്പെട്ട കൂട്ടാളിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

NO COMMENTS

LEAVE A REPLY