ജഡ്‌ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന്‌ റിപ്പോര്‍ട്ട്‌

0
140


ന്യൂദെല്‍ഹി:ചീഫ്‌ ജസ്റ്റിസിനെതിരെ നാലു ജഡ്‌ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണു ഗോപാല്‍ വ്യക്തമാക്കി. ഈ ആഴ്‌ചയോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഇന്നു രാവിലെ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.അതേ സമയം ഇന്നലെത്തെ ചായ സല്‍ക്കാരത്തിനിടയില്‍ ജഡ്‌ജിമാര്‍ തമ്മില്‍ കടുത്ത വാക്കേറ്റം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. വാര്‍ത്താസമ്മേളനം നടത്തിയ ജഡ്‌ജിമാര്‍ക്കെതിരെ ചായ സല്‍ക്കാരത്തില്‍ ജസ്റ്റിസ്‌ അരുണ്‍ മിശ്ര വൈകാരികമായി പ്രതികരിച്ചതായി ടെലഗ്രാഫ്‌ ദിനപത്രം റിപ്പോര്‍ട്ടു ചെയ്‌തു.അനാവശ്യമായാണ്‌ തന്റെ പേര്‌ വിവാദത്തിലേക്ക്‌ വലിച്ചിട്ടതെന്നും അരുണ്‍ മിശ്ര പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരു ജൂനിയര്‍ ജഡ്‌ജി പത്രസമ്മേളനം നടത്തിയ നാല്‌ ജഡ്‌ജിമാര്‍ക്കെതിരെ ആഞ്ഞടിച്ചതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു. “നിങ്ങള്‍ ഈ സ്ഥാപനത്തെ കൊന്നു” വെന്നായിരുന്നു ജൂനിയര്‍ ജഡ്‌ജിയുടെ പരാമര്‍ശമെന്നു പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ ജഡ്‌ജിമാര്‍ ഇന്നും കോടതിയില്‍ ഹാജരായി.
ചീഫ്‌ ജസ്റ്റിസും കോടതിയില്‍ എത്തി. മിശ്രവിവാഹിതരെ വിളിച്ചുവരുത്താനോ, ശിക്ഷവിധിക്കാനോ നാട്ടുകോടതികള്‍ക്ക്‌ അധികാരമില്ലെന്ന്‌ ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ച്‌ കൊണ്ട്‌ ചീഫ്‌ജസ്റ്റിസ്‌ ദീപക്‌ മിശ്ര വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY