യു എ ഇയില്‍ വാറ്റ്‌:മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിതച്ചിലവ്‌ ഏറും

0
55


കാസര്‍കോട്‌:യു എ ഇ യില്‍ മൂല്യ വര്‍ധന നികുതി(വാറ്റ്‌) ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിതച്ചിലവ്‌ വര്‍ധിക്കും.
അഞ്ച്‌ ശതമാനമാണ്‌ വാറ്റ്‌. ആരോഗ്യ വിദ്യാഭ്യാസ, സേവന മേഖലകളെ വാറ്റില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെങ്കിലും വൈദ്യുതി, ജലം, ഭക്ഷ്യവസ്‌തുക്കള്‍ എന്നിവക്കെല്ലാം വാറ്റുണ്ട്‌. ബാര്‍ബര്‍ ഷോപ്പുകള്‍, കഫ്‌തേരിയകള്‍, തുടങ്ങിയവയും വാറ്റ്‌ പരിധിയില്‍ വരും. വിമാനടിക്കറ്റുകള്‍ക്കും താമസ കെട്ടിടങ്ങള്‍ക്കും വാറ്റില്ല. ഇത്‌ ആശ്വാസം പകരുന്നു.
പുതുവത്സരദിനത്തിലാണ്‌ പ്രവാസി സമൂഹം ഏറെ ആശങ്കയിയോടെ കാത്തിരിക്കുന്ന വാറ്റ്‌ നിലവില്‍ വരുന്നത്‌. ഇതാദ്യമായാണ്‌ യു എ ഇയില്‍ വാറ്റ്‌ ഏര്‍പ്പെടുത്തുന്നത്‌. ലോക ബാങ്കിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്‌. ഇതോടൊപ്പം സൗദി അറേബ്യയിലും വാറ്റ്‌ നിലവില്‍ വരുന്നുണ്ട്‌.
രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ യു എ ഇ വാറ്റിലേക്ക്‌ നീങ്ങുന്നത്‌. പ്രതിവര്‍ഷം 10,000 കോടി ഡോളറിന്റെ വരുമാനം യു എ ഇക്കുണ്ടാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ്‌ വാറ്റ്‌ നികുതി ഏര്‍പ്പെടുത്തുന്നത്‌.
പ്രതിവര്‍ഷം മൂന്നരലക്ഷം ദിര്‍ഹമിന്റെ വ്യാപാരം നടക്കുന്ന സ്ഥാപനങ്ങള്‍ വാറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ യു എ ഇ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ലംഘിക്കുന്നവര്‍ക്കു കനത്ത പിഴയാണ്‌ ലഭിക്കുക. ഈ മാസം അവസാനം വരെയാണ്‌ രജിസ്‌ട്രേഷനുള്ള സമയ പരിധി. ഇതിനു ശേഷം ലംഘകരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധന നടത്തുമെന്ന്‌ അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ രജിസ്‌ട്രേഷനു വേണ്ടി സ്ഥാപന ഉടമകളുടെ നെട്ടോട്ടമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.
ചെറിയൊരു ഗ്രോസറി കടക്കാരനും വാറ്റിന്റെ പരിധിയില്‍ ഉള്‍പ്പെടും. ദിനം പ്രതി 1000 ദിര്‍ഹമിന്റെ കച്ചവടം നടക്കുന്ന സ്ഥാപനങ്ങള്‍ പോലും വാറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു.വാറ്റ്‌ നിലവില്‍ വരുന്നതോടെ നിത്യോപയോഗ സാധനങ്ങളടക്കമുള്ള വസ്‌തുക്കള്‍ക്കു വില വര്‍ദ്ധിക്കുമെന്നുറപ്പാണ്‌. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും വില കൂടും. നേരിയ തോതില്‍ വില വര്‍ദ്ധനക്കു സാധ്യതയുണ്ടെന്ന്‌ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ എത്ര ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല. വാറ്റിന്റെ മറവില്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ കര്‍ശനമുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
യു എ ഇ വൈസ്‌ പ്രസിഡന്റും, ദുബൈ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ കാന്‍ റാഷിദ്‌ അല്‍ മക്തൂം നിയമത്തില്‍ ഒപ്പുവെച്ചതോടെയാണ്‌ വാറ്റ്‌ പ്രാബല്യത്തില്‍ വരുമെന്നുറപ്പായത്‌. ഒരു തരത്തിലുള്ള നികുതിയും നിലവിലില്ലാത്തതിനാല്‍ യു എ ഇ യിലെ ജനജീവിതം ഏറെ സന്തോഷകരമായിരുന്നു. അധ്വാനിച്ചു കിട്ടുന്ന തുക നാട്ടിലേക്ക്‌ അയക്കാനുള്ള സ്വാതന്ത്ര്യവും, ഉണ്ടായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ ചുരുങ്ങിയ വിലയില്‍ ലഭിക്കുകയും ചെയ്‌തിരുന്നു.
നേരത്തെ വ്യാപാരത്തിന്റെയും വരുമാനത്തിന്റേയും ഒരുതരത്തിലുള്ള കണക്കും അധികൃതര്‍ക്കു സമര്‍പ്പിക്കേണ്ടിവന്നിരുന്നില്ല. ഈ സ്ഥിതി മാറി. വാറ്റിനു പുറമെ മറ്റു ചില നികുതികളും പരിഗണനയില്ലെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇതും പ്രവാസികളില്‍ ആശങ്ക ഉയര്‍ത്തുന്നു. വരുമാനത്തിനു നികുതിക്കും നാട്ടിലേക്കയക്കുന്ന പണത്തിനു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത്‌ പ്രവാസികളെ സാരമായി ബാധിക്കും. തൊഴില്‍ പ്രതിസന്ധിയും മറ്റും രൂക്ഷമാകുന്നതിടെയാണ്‌ വാറ്റും പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്‌. യു എ ഇയിലെ നിക്ഷേപകരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്‌. അതിനാല്‍ വാറ്റ്‌ മലയാളികളിലാണ്‌ ഏറെ ആശങ്ക സൃഷ്‌ടിച്ചിട്ടുള്ളത്‌.

 

NO COMMENTS

LEAVE A REPLY