അഭിനയത്തിലെ ആത്മ സമര്‍പ്പണം

0
79


പ്രശസ്‌ത ഛായാഗ്രാഹകനായ ഉത്‌പല്‍ വി.നായനാര്‍ സംവിധാനം ചെയ്യുന്ന “നിലാവറിയാതെ’ എന്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കാസര്‍കോടും പരിസരത്തും ആരംഭിച്ചു. നീലേശ്വരം, കാസര്‍കോട്‌, കാഞ്ഞങ്ങാട്‌ ഭാഗങ്ങളിലായിട്ടാണ്‌ ചിത്രീകരണം നടക്കുന്നത്‌. ഈ പ്രദേശത്തെ മനോഹരമായ ലൊക്കേഷനുകള്‍ ഈ ഗാനരംഗത്തിനു വേണ്ടി ഉത്‌പല്‍ പശ്ചാത്തലമാക്കി. സജന്‍ കളത്തിലായിരുന്നു ഈ രംഗം ക്യാമറയില്‍ പകര്‍ത്തിയത്‌. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച്‌ സിബിമലയില്‍ സംവിധാനം ചെയ്‌ത ഫ്‌ളാഷ്‌ എന്ന ചിത്രം ഉള്‍പ്പെടെ നിരവധി മികച്ച ചിത്രങ്ങള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച സജന്‍ മികച്ച ആഡ്‌ ഫിലിം ക്യാമറാമാന്‍ കൂടിയാണ്‌. കാഞ്ഞങ്ങാട്‌ കേന്ദ്രമാക്കിയാണ്‌ ഈ ചിത്രത്തിന്റെ ചിത്രീകരണം ഏച്ചിക്കാനത്തെ പുരാതനമായ തറവാടാണ്‌ പ്രധാന ലൊക്കേഷന്‍. ജാതി വ്യവസ്ഥയും അതിനോടനുബന്ധിച്ച ചില അനുഷ്‌ഠാനകലകളും പ്രധാന പശ്ചാത്തലമാക്കിയുള്ള സാമൂഹ്യചിത്രം-അതിനിടയിലൂടെ പുറത്തുപോകുന്ന അതിശക്തമായ ഒരു പ്രണയകഥ. അതാണീ ചിത്രമെന്ന്‌ സംവിധായകന്‍ ഉത്‌പല്‍ വി.നായനാര്‍ പറഞ്ഞു. തെയ്യവും കോമരവും (വെളിച്ചപ്പാട്‌) നിലനിന്നു പോരുന്ന വടക്കേ മലബാറിലെ പുരാതനമായ കാരിക്കോട്ടു തറവാടിനെ കേന്ദ്രീകരിച്ചുകൊണ്ടാണ്‌ കഥ നടക്കുന്നത്‌. പൊക്കനും പാറ്റയും ഇവിടത്തെ ജോലിക്കാര്‍. പൊക്കന്‍ ജന്മിയുടെ വിശ്വസ്ഥനുമാണ്‌. ആരോഗ്യ ദൃഢഗാത്രനും സുന്ദരനുമായ പൊക്കനെ പാറ്റ ഇഷ്‌ടപ്പെട്ടു പോയതില്‍ ആരും കുറ്റം പറയില്ല. ചോരത്തിളപ്പുള്ള പ്രായത്തില്‍ അടുത്തിടപഴകുന്നവര്‍ പരസ്‌പരം ഇഷ്‌ടപ്പെട്ടു പോകുന്നു. പാറ്റയ്‌ക്ക്‌ പൊക്കനോട്‌ അതിരില്ലാത്ത പ്രണയമാണ്‌. ഈ പ്രണയത്തെ മനസ്സുകൊണ്ട്‌ ഏറെ അനുഗ്രഹിക്കുന്നത്‌ കേളുവാണ്‌. ഇവരുടെ ഗാഢമായ പ്രണയമാണ്‌ ഇവിടെ ഈ ഗാനരംഗത്തിലൂടെ അവതരിപ്പിച്ചത്‌. പാറ്റയുടെ സ്വപ്‌നങ്ങളെ തകര്‍ക്കാന്‍ പോകുന്ന ചില സംഭവങ്ങള്‍ തറവാട്ടില്‍ അരങ്ങേറിയപ്പോള്‍ ഞെട്ടിയത്‌ കേളുവാണ്‌. പ്രണയത്തിന്റെ നഷ്‌ടം നേരിട്ടനുഭവിക്കേണ്ടത്‌ പാറ്റയാണ്‌. അതോടെ കേളു പാറ്റയെ സ്വാധീനിച്ച്‌ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. ഈ തന്ത്രമാണ്‌ ചിത്രത്തിന്റെ കഥാഗതിയില്‍ പുതിയ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നത്‌. പുലിമുരുകനിലെ പ്രതിനായക വേഷമണിഞ്ഞ്‌ വീണ്ടും മെയിന്‍ സ്‌ട്രീം സിനിമയുടെ ഭാഗമായി മാറിയ ബാലയ്‌ക്ക്‌ ഇതിലെ പൊക്കന്‍ വീണ്ടും യശഃസുയര്‍ത്തുമെന്ന്‌ കരുതാം. അത്രമാത്രം ശക്തമായ ഒരു കഥാപാത്രമാണിതിലെ പൊക്കന്‍ എന്ന കഥാപാത്രം. ഈ ചിത്രം ആരംഭിക്കുമ്പോള്‍ ഉത്‌പലിനെ ഏറെ അലട്ടിയത്‌ നായികാ പ്രശ്‌നമായിരുന്നു. അസാധാരണമായ അഭിനയ സാധ്യത നിറഞ്ഞ ഒരു കഥാപാത്രം തന്റെ സ്‌ത്രൈണഭംഗിയും മാദകത്വവും കൊണ്ട്‌ ഒരു പുരുഷനെ വശീകരിക്കുന്ന കഥാപാത്രം ഏറെ അന്വേഷണത്തിനൊടുവിലാണ്‌ അനുമോളില്‍ എത്തിച്ചേര്‍ന്നത്‌.

NO COMMENTS

LEAVE A REPLY