മരണപ്പെട്ട സിദ്ധാര്‍ഥന്‍ നാലുദിവസത്തോളം ക്രൂരമര്‍ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായി; ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടില്‍ ദുരൂഹത; ആറു വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് മന്ത്രി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആറുവിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ആദ്യം അറസ്റ്റിലായ ആറുപേര്‍ക്കെതിരെയാണ് നടപടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 18 പേരെയും സസ്‌പെന്റുചെയ്തിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേര്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയിരുന്നു. എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാനും മറ്റൊരു പ്രതിയുമാണ് കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. രാത്രി കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.
കോളജ് യൂണിയന്‍ പ്രസിഡന്റായ അരുണ്‍ സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാര്‍ത്ഥി പ്രതിനിധി കൂടിയാണ്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ക്രിമിനില്‍ ഗൂഢാലോചന ശരിവക്കുന്ന തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്. അതിനിടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. അതേസമയം മരണപ്പെട്ട സിദ്ധാര്‍ഥന്‍ 4 ദിവസത്തോളം ക്രൂരമര്‍ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാട് ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 16, 17 തീയതികളില്‍ കോളജില്‍ സ്‌പോര്‍ട്‌സ് ആയിരുന്നെന്നും ഈ ദിവസങ്ങളില്‍ അധ്യാപകരുടെ സാന്നിധ്യം ക്യാംപസില്‍ കുറവായിരുന്നെന്നും അതുകൊണ്ടാണ് അറിയാതെ പോയതുമെന്നാണു കോളജ് അധികൃതരുടെ നിലപാട്. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. നഗ്‌നനാക്കി കെട്ടിയിട്ട് പരസ്യവിചാരണ നടത്തിയതു ഹോസ്റ്റലിനുള്ളിലെ ഷട്ടില്‍ കോര്‍ട്ടിലെന്നാണ് ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെ മൊഴി. ക്യാംപസിലെ മറ്റു വിദ്യാര്‍ഥികളില്‍ പലരും ഭീഷണി ഭയന്നു മിണ്ടാതിരിക്കുകയാണ്. കോര്‍ട്ടില്‍ എന്തു നടന്നാലും ഹോസ്റ്റലിലുള്ളവരല്ലാതെ ആരും അറിയാറില്ല. ഇതിനു മുന്‍പും ഇതേപോലുള്ള ഷട്ടില്‍ കോര്‍ട്ടില്‍ വിചാരണ ഹോസ്റ്റലിനുള്ളില്‍ പലതവണ നേരിട്ട വിദ്യാര്‍ഥികളുണ്ട്. ആരും സഹായത്തിന് എത്താത്ത നിസ്സഹായതയും ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വാലന്റൈന്‍ ദിനത്തില്‍ ഡാന്‍സ് ചെയ്തതിനെ തുടര്‍ന്നാണ് പീഡനം ആരംഭിച്ചത്. അതേസമയം സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സിദ്ധാര്‍ഥന്റെ വീട്ടിലെത്തിയ മന്ത്രി ജി ആര്‍ അനികുമാര്‍ പറഞ്ഞു. ക്യാംപസിനകത്ത് റാഗിങ് പോലുള്ള സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page