പക്ഷികളുടെ എണ്ണം കുറയുന്നു

0
49


പി.വി.കെ.അരമങ്ങാനം
നീണ്ട കഴുത്ത്‌ നീട്ടി ചെറുമീനുകളെ പിടിക്കുന്ന കൊക്കുകള്‍ ഇന്നെവിടെ? മഴ മേഘങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലുകളെയും കാണാനില്ല. കാവുകളില്‍ തെയ്യങ്ങളുടെ ചെണ്ടനാദമുയരുമ്പോള്‍ കലപിലക്കൂട്ടി പറക്കുന്ന വവ്വാലുകളും പ്രാവുകളും ജല പക്ഷികളുടെ കിളികൊഞ്ചലുകളും പഴങ്കഥയാവുന്നു. അങ്ങാടികളില്‍ കിന്നാരം പറയുന്ന കുരുവികളും മറവിയിലേക്ക്‌ പോകുന്നു. മനുഷ്യ സഞ്ചാരങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെടുന്ന പക്ഷി സങ്കേതങ്ങള്‍. കൂട്ടമരണം നേരിടുന്ന പക്ഷിക്കൂട്ടങ്ങള്‍ നിരവധി. കൂട്ടിലടക്കാന്‍ വിധിക്കപ്പെട്ടവ വേറെ. പട്ടിക നീളുന്നു.
തീന്‍മേശകളില്‍ ഇറച്ചിക്കറി നിറയുമ്പോള്‍ പാവം കോഴിയുടെ വിലാപം ആരും കേള്‍ക്കാറില്ല. കാട്‌ കൈയേറുമ്പോഴും തണ്ണീര്‍ത്തടങ്ങള്‍ ഉണങ്ങുമ്പോഴും പക്ഷികള്‍ കൊല്ലപ്പെടുമ്പോഴും പ്രകൃതിയുടെ സന്തുലനാവസ്ഥ തകരുമെന്നും തിരിച്ചറിയാറില്ല. ആവാസ വ്യവസ്ഥകളുടെ തകര്‍ച്ചമൂലം വര്‍ഷംതോറും പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്‌. പല ഇനങ്ങളും മറന്നുപോയി. ലോകത്ത്‌ എണ്ണായിരത്തില്‍പ്പരം പക്ഷി ഇനങ്ങളുണ്ടെന്നാണ്‌ കണക്ക്‌. ഇന്ത്യയില്‍ 131 ഇനവും സംസ്ഥാനത്ത്‌ 36 ഇനം പക്ഷികളും വംശനാശം നേരിടുന്നതായി രേഖപ്പെടുത്തുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ശവംതീനി കഴുകന്‍, തവിട്ടു കഴുകന്‍ എല്ലാം പൂര്‍ണ്ണ നാശത്തിന്റെ വക്കിലാണ്‌. ഇരട്ടത്തലച്ചി, നത്ത്‌, പൊന്മാന്‍, ബലിക്കാക്ക, ചെമ്പോത്ത്‌, പുള്ളിപ്പരുത്തി, തിത്തിരിപക്ഷി, വര്‍ണ്ണകൊക്ക്‌, വെള്ളക്കൊക്ക്‌, പ്രാപ്പിടിയന്‍, മലമുഴക്കി തുടങ്ങിയവയൊക്കെ റെഡ്‌ ബുക്കില്‍ ഇടം പിടിച്ചിരിക്കുന്നു.
ശവം തീനിക്കഴുകനെ ശവം തിന്നുന്നത്‌ എന്നു പറഞ്ഞ്‌ ആക്ഷേപിക്കുമ്പോഴും മലിനീകരണം തടയുന്നതില്‍ അവ വഹിക്കുന്ന പ്രധാന പങ്ക്‌ കാണാതെ പോകരുത്‌. ചത്തു വീഴുന്ന മൃഗങ്ങളുടെയും മറ്റും അവശിഷ്‌ടങ്ങള്‍ കഴുകന്‍ കൂട്ടം നിമിഷങ്ങള്‍ക്കകം തിന്നു തീര്‍ക്കും. ഇതുവഴി മലിനീകരണം തടയും. എന്നാല്‍ അതു തന്നെ അവയുടെ കൂട്ട മരണത്തിനും ഇടയാക്കി. മൃഗങ്ങളുടെ അകത്തുള്ള കീടനാശിനിയുടെ അംശം അകത്തു ചെന്നാണ്‌ കഴുകന്മാരുടെ കൂട്ടമരണത്തിനിടയാക്കിയതെന്ന്‌ മുംബൈ നാഷണല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പഠനത്തില്‍ തെളിഞ്ഞു മൃഗങ്ങള്‍ക്കു നല്‍കുന്ന വേദന സംഹാരിയാണ്‌ അപകടം വിതച്ചത്‌.
നഗരങ്ങളില്‍ പത്തു വര്‍ഷത്തിനകത്ത്‌ അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ 70 ശതമാനം കുറഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങാടികളില്‍ കൂട്ടത്തോടെ എത്തി ഭക്ഷ്യധാന്യങ്ങള്‍ തിന്നാണ്‌ ഇവ ജീവിച്ചിരുന്നത്‌. ചെറിയ പീടികകളിലെ മേല്‍ക്കൂരകള്‍ക്കിടയില്‍ ഇവ കൂടു കെട്ടിയിരുന്നു.
പാടശേഖരങ്ങളുടെ നാശം വഴി 50 ശതമാനം ജലപക്ഷികള്‍ വംശനാശഭീഷണി നേരിടുന്നു. നമ്മുടെ പാടശേഖരങ്ങളിലേക്ക്‌ സൈബീരിയ, ഹിമാലയം, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ജലപക്ഷികള്‍ വന്നെത്തുമായിരുന്നു. ഇപ്പോഴത്തെ സര്‍വ്വെയില്‍ 30 ലക്ഷത്തില്‍ താഴെ പക്ഷികളെയാണ്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌.
1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വവ്വാല്‍, കാക്ക, എലി എന്നിവ ഒഴികെയുള്ള ജീവികളെ പിടിക്കുന്നതും വളര്‍ത്തുന്നതും വേട്ടയാടുന്നതും ശിക്ഷാര്‍ഹമാണ്‌. നിയമത്തിലെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവികളെ കൊന്നാല്‍ ഏഴു വര്‍ഷം തടവും 25,000 രൂപ പിഴയുമാണ്‌ ശിക്ഷ. എന്നാല്‍ നിയമം പലപ്പോഴും ലഘിക്കപ്പെടുന്നു. നിയമത്തിലെ ജീവികളുടെ മുന്‍ഗണനയിലും അപാകതകളുണ്ട്‌. കടുത്ത വംശനാശം നേരിടുന്ന ജീവികള്‍ പട്ടികയലില്ല. പ്രശ്‌നം പരിഹരിക്കാന്‍ നിയമം പുതുക്കേണ്ടിയിരിക്കുന്നു.
ഭക്ഷ്യ -ജൈവ മേഖലയെ ബന്ധിപ്പിച്ച്‌ പ്രകൃതി സന്തുലനാവസ്ഥ നില നിര്‍ത്തുന്നതില്‍ പക്ഷികള്‍ മുഖ്യ പങ്കുവഹിക്കുന്നു. കീടനാശം, പരാഗണം, വിത്തു വിതരണം എന്നിവയിലെ പങ്കുവഴി ആവാസ വ്യവസ്ഥയുടെ സംരക്ഷരാകും.

NO COMMENTS

LEAVE A REPLY