ഗാര്‍ഹികകീടനാശിനികളുടെ വില്‍പ്പന നിയന്ത്രണത്തിന്‌ കര്‍ശന നടപടി

0
60


മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്‌ സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്ന നടപടികളുടെ തുടര്‍ച്ചയായി ജില്ലയില്‍ ഗാര്‍ഹിക കീടനിയന്ത്രണത്തിനുളള കീടനാശിനി ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലും വില്‍പ്പനയിലും പാലിക്കേണ്ട നിയമാനുസൃത വ്യവസ്ഥകള്‍, ഇവയുടെ സുരക്ഷിത ഉപയോഗത്തിന്റെ പ്രാധാന്യം, ഇവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ പൊതു അവബോധം രൂപപ്പെടുന്നതിനായി ഈ മാസം 18 വരെ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.
ഗാര്‍ഹിക കീടനാശിനികള്‍ എന്ന പേരില്‍ നിയന്ത്രിത കീടനാശിനികള്‍ അനധികൃതമായി സ്റ്റോക്ക്‌ ചെയ്‌തിട്ടുളളതോ, വില്‍പ്പന നടത്തുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും സംസ്ഥാന ലൈസന്‍സിംഗ്‌ ഓഫീസറില്‍ നിന്നും ലൈസന്‍സ്‌ നേടി പകര്‍പ്പ്‌ എല്ലാ ചില്ലറ വില്‍പ്പനക്കാര്‍ക്കും നല്‍കണം. ചില്ലറ വില്‍പ്പനക്കാര്‍ ലൈസന്‍സിന്റെ പകര്‍പ്പുകള്‍ തങ്ങളുടെ കടകളില്‍ പ്രദര്‍ശിപ്പിക്കുകയും അതാത്‌ കൃഷിഭവനുകളില്‍ നല്‍കുകയും വേണം.
ഗാര്‍ഹിക കീടനാശിനികള്‍ വിറ്റഴിക്കുന്ന റീട്ടെയില്‍ ഷോപ്പുകള്‍ ഇത്തരം കീടനാശിനികള്‍ മറ്റ്‌ ഉപഭോഗവസ്‌തുക്കള്‍ക്കൊപ്പം സ്റ്റോക്ക്‌ ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ പാടുളളതല്ല. ഗാര്‍ഹിക കീടനാശിനികള്‍ക്കായി പ്രത്യേക റാക്ക്‌ എല്ലാ റീട്ടേയില്‍ ഷോപ്പുകളിലും ഉറപ്പുവരുത്തണം.
എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും എല്ലാ വര്‍ഷവും ലൈസന്‍സ്‌ പുതുക്കുന്നതിനോടൊപ്പം തങ്ങളുടെ കീടനാശിനികള്‍ വിതരണം ചെയ്യുന്ന റീട്ടെയില്‍ ഷോപ്പുകളുടെ ലിസ്റ്റ്‌ ജില്ലയിലെ ലൈസന്‍സിംഗ്‌ ഓഫീസര്‍ മുഖേന സംസ്ഥാന ലൈസന്‍സിംഗ്‌ ഓഫീസര്‍ക്ക്‌ സമര്‍പ്പിക്കണം. ഇത്തരം വില്‍പ്പനശാലകളിലൂടെ നിയന്ത്രിത കീടനാശിനികളുടെ വില്‍പ്പന അനുവദിക്കുന്നതല്ല.

NO COMMENTS

LEAVE A REPLY