തെക്കോട്ടുള്ള യാത്രകള്‍

0
72

കണ്ണാലയം നാരായണന്‍
തെക്കോട്ടെടുക്കുക എന്നത്‌ ശുഭമല്ല; അശുഭം തന്നെയാണ്‌ വിശ്വാസികളെ സംബന്ധിച്ചിടത്തോളം.
അതുകൊണ്ട്‌ തെക്കോട്ടെടുക്കുക എന്നതിനു അര്‍ത്ഥം മരണപ്പെട്ടയാളെ സംസ്‌ക്കരിക്കാന്‍ ചുടു കാട്ടിലേയ്‌ക്ക്‌ കൊണ്ടുപോവുക എന്നതാണ്‌.
എന്നാല്‍ തെക്കോട്ടേക്കു പോവുകയെന്നത്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ അശുഭമല്ല;ശുഭകരം തന്നെ. കാരണം അധികാരത്തിന്റെ ശീതീകരിച്ച കാര്യങ്ങളെല്ലാം, അങ്ങ്‌ തെക്ക്‌ തിരുവനന്തപുരത്ത്‌ ആയതു കൊണ്ടുതന്നെ.
കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ മഞ്ചേശ്വരത്തു നിന്നുള്ള യാത്രകളെല്ലാം ഒന്നുകില്‍ അധികാര ലക്ഷ്യം വച്ച്‌; അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യം നേടിയെടുക്കാന്‍ എന്ന ലക്ഷ്യത്തോടെയാണ്‌.
കേരളം രൂപീകൃതമായതിനു ശേഷം വടക്കു നിന്നു തെക്കോട്ട്‌ ഒട്ടേറെ യാത്രകള്‍ കടന്നുപോയിട്ടുണ്ട്‌. എല്ലാം അധികാരം ലക്ഷ്യം വച്ചുകൊണ്ടുള്ളവ. ഒപ്പം ചുരുക്കം ചില യാത്രകള്‍ തെക്കു നിന്നു വടക്കോട്ട്‌ സഞ്ചരിച്ചവയും ഉണ്ട്‌. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴാണ്‌ ഇത്തരം ജാഥകള്‍ നടത്താറുള്ളത്‌. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്‌തമായിട്ടാണ്‌ ഇത്തവണ തെക്കോട്ടുള്ള യാത്രകള്‍ തുടങ്ങിയത്‌.
ആദ്യത്തെ യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്‌ കുമ്മനം രാജശേഖരന്റേതായിരുന്നു. കാസര്‍കോടിനെ ഒഴിവാക്കി പയ്യന്നൂരില്‍ നിന്നാണ്‌ ബി.ജെ.പിയുടെ ജനരക്ഷാ യാത്ര തെക്കോട്ടേക്ക്‌ തുടങ്ങിയത്‌.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു പാര്‍ലമെന്റില്‍ താമര വിരിയിക്കുക എന്നതായിരുന്നു യാത്രയുടെ അടിസ്ഥാന ലക്ഷ്യം. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ ഉദ്‌ഘാടനം ചെയ്യുകയും പദയാത്രയില്‍ അണിനിരക്കുകയും ചെയ്‌ത യാത്ര മലബാറില്‍ വലിയ പ്രകമ്പനങ്ങള്‍ സൃഷ്‌ടിച്ചു മുന്നേറിയെങ്കിലും തെക്കോട്ടെത്തിയപ്പോള്‍ ഒന്നു തളര്‍ന്നുവെന്നു തന്നെയാണ്‌ നേതൃത്വത്തിന്റെ അടക്കം പറച്ചില്‍. അതിന്റെ കാര്യ കാരണങ്ങളും നേതാക്കള്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായി.
രണ്ടാമത്തെ യാത്ര ഭരണ മുന്നണിയായ ഇടതു മുന്നണിയുടെ വക. ജനജാഗ്രതാ യാത്രയെന്നാണു പേരിട്ടത്‌. ഇടതുയാത്ര രണ്ടിടത്തു നിന്നാണ്‌ തുടങ്ങിയത്‌. മഞ്ചേശ്വരത്തു നിന്നു തെക്കോട്ടുള്ള യാത്ര സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നയിച്ചപ്പോള്‍ തെക്കുനിന്നു വടക്കോട്ടുള്ള യാത്ര കാനം രാജേന്ദ്രനും നയിച്ചു. പക്ഷെ ഒന്നു ശ്രദ്ധേയം; ഇരു ജാഥകളും ഒരേയിടത്തില്‍ സംഗമിച്ചില്ല; അവ രണ്ടു യാത്രകളായി തന്നെ സമാപിച്ചു. യാത്രകള്‍ അവസാനിക്കുന്നതിനു മുമ്പു തെക്കുനിന്നുള്ള യാത്ര ആലപ്പുഴയില്‍ എത്തിയപ്പോള്‍ മന്ത്രിയുടെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മന്ത്രിമാര്‍ തമ്മിലുള്ള പോര്‍ വിളിയായി മാറി. കോടിയേരിയുടെ യാത്ര മലപ്പുറത്തെത്തിയപ്പോള്‍ കള്ളക്കടത്തു കാരന്റെ കാറില്‍ കയറിയതിന്റെ പേരില്‍ മനം പുരട്ടിച്ചു. കാര്‍ വിവാദത്തിനു പിന്നാലെ രാഷ്‌ട്രീയഭേദങ്ങളേതുമില്ലാതെ കളളക്കടത്തുകാര്‍ക്ക്‌ ഒപ്പം നില്‍ക്കുന്ന നേതാക്കളുടെ ഫോട്ടോകള്‍ ഒന്നിനു പുറകെ ഒന്നായി മത്സര ബുദ്ധിയോടെ പുറത്തു വന്നു. ജനജാഗ്രതാ യാത്രയിലെ ജാഗ്രതക്കുറവും മന്ത്രിയുടെ പോര്‍ വിളിയും യാത്രയുടെ നിറം മങ്ങിച്ചോയെന്നു ശീതീകരിച്ച മുറികളിലിരുന്നു നേതൃത്വം വിലയിരുത്തട്ടെ.
ഭരണമുന്നണിയായ ഇടതു മുന്നണിയും സംസ്ഥാനത്തെ രണ്ടാം മുന്നണിയാകാന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും നടത്തിയ യാത്രകള്‍ എവിടെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെന്നു പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തലയ്‌ക്കും യു.ഡി.എഫ്‌ നേതൃത്വത്തിനും അറിയാം. അതിനാല്‍ യു.ഡി.എഫും യാത്ര ആസൂത്രണം ചെയ്‌തു; തെക്കോട്ടേക്ക്‌ യാത്ര തിരിച്ചു. ഒരു മാസക്കാലം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങളുടെ ആഴമറിഞ്ഞ്‌, സാംസ്‌ക്കാരിക പൈതൃകമറിഞ്ഞ്‌, ജന പിന്തുണ വര്‍ദ്ധിപ്പിച്ച്‌ ശക്തി തെളിയിക്കുകയെന്നതു തന്നെയാണ്‌ പടയൊരുക്കത്തിന്റെ ലക്ഷ്യവും.
ജനം, ജാഗ്രത, പടയൊരുക്കം. ജനത്തിനു ജനാധിപത്യത്തില്‍ അധികാരം എന്നാണ്‌ അര്‍ത്ഥം. ജാഗ്രത ആവശ്യപ്പെടുന്നത്‌ ജനങ്ങളാണ്‌; പടയൊരുക്കമെന്നാല്‍ യുദ്ധത്തിനു സൈന്യത്തെ ഒരുക്കുക എന്നു തന്നെയാണ്‌. പ്രതിരോധവും അക്രമവും ഒരു പോലെ. സംസ്ഥാനത്ത്‌ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കീഴില്‍ നിന്നാണ്‌ കൂടുതല്‍ മണ്ണു ഒലിച്ചുപോകുന്നത്‌ എന്ന്‌ പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്‌. ഇനി ഒരു തരിയെങ്കിലും അന്യമാകാതിരിക്കാന്‍ ആക്രമണത്തിനൊപ്പം ആത്മ പ്രതിരോധവും പാര്‍ട്ടി കണക്കു കൂട്ടുന്നു. കേന്ദ്രം, ഒരു പക്ഷെ ഒരു തീരുമാനമെടുത്തേക്കാം; കടുത്ത തീരുമാനം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പാര്‍ട്ടി മുന്നണിക്കും അഞ്ചുവര്‍ഷക്കാലത്തിലൊരിക്കല്‍ കിട്ടാറുള്ള അധികാരം കൈവിടാതെ പോകണമെങ്കില്‍ പാര്‍ട്ടിയൊരുക്കണം പടയൊരുക്കം.
യാത്ര അവസാനിക്കും മുമ്പ്‌ ഒരു ബോംബു പൊട്ടാനുണ്ട്‌. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കും. അതൊരു ആറ്റം ബോംബായിരിക്കുമെന്ന്‌ ഇടതു മുന്നണിയും ബി.ജെ.പിയും കണക്കു കൂട്ടുമ്പോള്‍, വലതു മുന്നണി ഒട്ടും ഭയക്കുന്നില്ലെന്നാണ്‌ നേതാക്കളുടെ അവകാശവാദം. ഇപ്പോള്‍ പുറത്തുവന്നതിനേക്കാളും ഇനിയെന്തു ഉണ്ടാകാനെന്നു അവര്‍ വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും എല്ലാ യാത്രകള്‍ക്കും ശേഷം ഒരു ചെറുചലനമെങ്കിലും ഉണ്ടാകും. അത്‌ എവിടെ, ആര്‍ക്ക്‌, എപ്പോഴാണെന്ന്‌ ജനം, ജാഗ്രതയോടെ ഉറ്റു നോക്കുന്നു.

NO COMMENTS

LEAVE A REPLY