മൂക്കില്‍ ഇടിച്ചുവീഴ്ത്തി; ബ്ലേഡ് കൊണ്ട് വരഞ്ഞു; പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു; ആറാം ക്ലാസുകാരന്‍ അറസ്റ്റില്‍

നിസാരകാരണത്തിന്റെ പേരില്‍ എട്ടാം ക്ലാസുകാരനെ ഇടിച്ചുവീഴ്ത്തി ബ്ലേഡ് കൊണ്ട് വരഞ്ഞു. ആറാം ക്ലാസുകാരന്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റ 14 കാരന്‍ ആശുപത്രിയില്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്. സ്‌കൂളിനു പുറത്തുവച്ച് ബ്രഹ്‌മപുരി സാന്റ് രവിദാസ് ഗളളിയില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. നിസാരകാര്യത്തിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്‍. മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥി തലചുറ്റി വീണു. ഇതിനുപിന്നാലെ ആറാം ക്ലാസുകാരന്‍ ബ്ലേഡ് ഉപയോഗിച്ച് മുഖത്തും കൈകളിലും തലയിലുമെല്ലാം വരഞ്ഞു. ബഹളം കേട്ട് ഓടിക്കൂടിയവര്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശാസ്ത്രി പാര്‍ക്കിലെ ജാഗ് പ്രവേശ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെ വിദ്യാര്‍ത്ഥി മരിച്ചു. മൂക്കില്‍ നിന്ന് അമിതമായി ചോരവാര്‍ന്നതിനെ തുടര്‍ന്നാണു മരണമെന്ന് ഡിസിപി ജോയ് ടിര്‍ക്കേ പറഞ്ഞു. മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു. ദൃക്സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബ്രഹ്‌മപുരി രണ്ടാം നമ്പര്‍ സ്ട്രീറ്റില്‍ നിന്നും ആറാം ക്ലാസുകാരനെ പിടികൂടിയത്. വിദ്യാര്‍ത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page