കോടിയേരിയുടെ യാത്ര സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ പ്രതിയുടെ കാറില്‍; പ്രതികരിക്കാതെ മുഖ്യമന്ത്രി

0
44


കോഴിക്കോട്‌: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്‌ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടയില്‍ ഉപയോഗിച്ച 44 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാറിനെ ചൊല്ലി വിവാദം. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം ഏര്‍പ്പാടാക്കിയതാണ്‌ കാറെന്നു കോടിയേരി പ്രതികരിച്ചപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. അതേ സമയം കാറുടമ താന്‍ സ്വര്‍ണ്ണക്കടത്തു കേസിലെ ഏഴാംപ്രതിയാണെന്നും ഐ.എന്‍.എല്‍ നേതാവിന്റെ ആവശ്യ പ്രകാരമാണ്‌ കാര്‍ വിട്ടു നല്‍കിയതെന്നും വെളിപ്പെടുത്തി.
ഇന്നലെ കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച മിനികൂപ്പര്‍ കാറിനെ ചൊല്ലിയാണ്‌ വിവാദം ഉയര്‍ന്നത്‌. ഇതു സംബന്ധിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഫേസ്‌ ബുക്കില്‍ പോസ്റ്റിട്ടതോടെയാണ്‌ വിവാദത്തിനു തിരികൊളുത്തിയത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യവുമായി ലീഗും രംഗത്തു വന്നു. തുടര്‍ന്നാണ്‌ വിശദീകരണവുമായി കോടിയേരി രംഗത്തെത്തിയത്‌. എന്നാല്‍ കാര്‍ വിവാദത്തെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞുവെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കോഴിക്കോട്‌ വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ ഏഴാം പ്രതിയാണ്‌ താനെന്നും ഡി.ആര്‍.ഐ അധികൃതര്‍ തന്നെ ചോദ്യം ചെയ്‌തിരുന്നുവെന്നും കാറുടമയായ കാരാട്ട്‌ ഫൈസല്‍ വെളിപ്പെടുത്തി.ഐ.എന്‍.എല്ലിന്റെ പ്രാദേശിക നേതാവ്‌ ആവശ്യപ്പെട്ടത്‌ അനുസരിച്ചാണ്‌ കാര്‍ വിട്ടു നല്‍കിയതെന്നും ഫൈസല്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY