സ്‌ത്രീകളുടെ ശബരിമല പ്രവേശനം

0
43


ആര്‍ കെ മണ്ണൂര്‍
പണ്ടത്തെയും ഇന്നത്തെയും ശബരിമലയാത്ര വളരെ വ്യത്യസ്‌തമാണ്‌. ആധുനിക ഗതാഗതസൗകര്യങ്ങള്‍ യാത്രയുടെ ദുര്‍ഘടങ്ങളും സമയവും കുറച്ചിരിക്കുന്നു. അടുത്തകാലംവരെയും, കാസര്‍ കോട്‌ നിന്ന്‌ കോട്ടയത്ത്‌ എത്താന്‍ കോഴിക്കോടും ഷൊര്‍ണ്ണൂരും, എറണാകുളത്തുമായി വണ്ടി മാറി ക്കയറണം. കോട്ടയത്തുനിന്നും എരുമേലിയ്‌ക്ക്‌ ബസുവഴിയാത്ര. പിന്നെ കൊടുങ്കാട്ടിലൂടെ സന്നിധാനംവരെ പദയാത്ര. കാസര്‍കോടുകാര്‍ക്ക്‌ അ വിടെയെത്താന്‍ ഒരാഴ്‌ചവേണ്ടിവരുമായിരുന്നു. എരുമേലിയില്‍ നിന്നു മല ചവിട്ടി തുടങ്ങിയാല്‍ മൂന്നാം ദിവസമേ ശബിരിമലയിലെത്തൂ. ഇന്നാകട്ടെ രാവിലെ പുറപ്പെട്ടാല്‍ രാത്രി പമ്പയിലെത്താം. അവിടെ നിന്ന്‌ ഒരു മണിക്കൂര്‍ മലമ്പാതയിലുടെ നടന്നാല്‍ അയ്യപ്പസന്നിധിയിലെത്തും. മലമ്പാതയില്‍ അവിടെവിടെ കല്‍പ്പടവുകള്‍ പടുത്തതിനാല്‍ പദയാത്രയിലെ ക്ലേശം തന്നെ കുറവ്‌. പഴയകാലത്തു അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ടാഴ്‌ചവേണ്ടിവന്നെങ്കില്‍ ഇക്കാലത്ത്‌ രണ്ടു ദിവസം മതി ശബരിമലയാത്രയ്‌ക്ക്‌. യാത്രാദുരിതങ്ങള്‍ മൂലമാണോ പണ്ട്‌ സ്‌ത്രീ കള്‍ക്ക്‌ ശബരിമല പ്രവേശനം നിഷേധിച്ചത്‌? ശാസ്‌താവിന്‌ നാലു ഭാവങ്ങളില്‍ പ്രതിഷ്‌ഠയുണ്ട്‌. ബ്രഹ്മചാരിയായും, ഗൃഹസ്ഥാശ്രമിയായും, വാനപ്രസ്ഥക്കാരനായും സന്യാസിയായും. വാനപ്രസ്ഥ സങ്കല്‍പമാണ്‌ ശബരിമലയില്‍ . ഇതുകൊണ്ടാണോ സ്‌ത്രീ പ്രവേശനം നിഷേധിക്കപ്പെട്ടത്‌. ബ്രഹ്മചര്യഭാവത്തില്‍ പ്രതിഷ്‌ഠയുള്ള കുളത്തൂപ്പുഴമലയിലും ഗൃഹസ്‌ഥാശ്രമഭാവത്തില്‍ പ്രതിഷ്‌ഠയുള്ള ആര്യങ്കാവിലും സ്‌ത്രീകള്‍ക്കു പ്രവേശനമുണ്ടല്ലോ.
ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയം പതിനൊന്നു കൊല്ലം മുമ്പ്‌ കോടതിയിലെത്തി. ഇന്ത്യന്‍ യംഗ്‌ ലോയേഴ്‌സ്‌ അസോസിയേഷനും ഹേപ്പിടു ബ്ലീഡ്‌ അസോസിയേഷനുമാണ്‌ ഹര്‍ജിക്കാര്‍,. ഇടതു മഹിളാസംഘടനകള്‍ ഇതുവരെ അനുകൂലിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌, പന്തളം രാജ കുടുംബം, എന്‍ എസ്‌ എസ്‌, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സംഘം, ശബരിമല കസ്റ്റംസ്‌ പ്രൊട്ടക്ഷന്‍ സംഘം, റെഡി ടു വെയ്‌റ്റ്‌, അയ്യപ്പധര്‍മ്മസേന, എന്നീ എട്ടു സംഘടനകള്‍ ഇതിനെ പ്രതികൂലിച്ചു. സുപ്രീം കോടതി പ്രശ്‌നം ഭരണഘടനാ ബഞ്ചിനു വിട്ടു. ഇതാണ്‌ ഇപ്പോഴത്തെ സ്‌ഥിതി. ഭരണഘടനാ ബഞ്ച്‌ എന്തു നിഗമനത്തിലെത്തുമെന്ന്‌ കാത്തിരിക്കാം.
വ്യക്തിയായാലും സംഘടനയായാലും ഒരു പുതിയ വ്യവസ്ഥയ്‌ക്കുവേണ്ടി, വാദിക്കുന്നത്‌ അതിന്റെ പ്രായോഗിക വശങ്ങളെയും, വിദൂരഫലങ്ങളെയും പറ്റി ആഴത്തില്‍ ആലോചിച്ചു കൊണ്ടാവണം. യംങ്ങ്‌ലോയേഴ്‌സ്‌ അസോസിയേഷന്റെ മറ്റൊരാവശ്യം 1965ലെ ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം വകുപ്പ്‌ (ബി) ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നതാണ്‌. ആര്‍ത്തവകാലത്തെ ക്ഷേത്ര പ്രവേശന നിഷേധമാണ്‌ ഈ വകുപ്പ്‌. രാജവാഴ്‌ചയും ജന്മിത്വവും പലതരത്തിലുള്ള അശുദ്ധി സ്‌ത്രീകളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു. പുരുഷന്മാര്‍ക്ക്‌ എത്ര വിവാഹം വേണമെങ്കിലും കഴിക്കാം. സ്‌ത്രീകള്‍ക്ക്‌ അങ്ങിനെ പാടില്ല. അപ്പോള്‍ അവള്‍ വ്യഭിചാരിണിയാകും. പരപുരുഷനെ അറിയാതെ തൊട്ടുപോയാല്‍ കൂടി ചാരിത്ര ശുദ്ധിനഷ്‌ടപ്പെടും. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസ നിഷിദ്ധം. പൊതുവിലുള്ള ആരാധാനാലയങ്ങളിലെ ദര്‍ശനവും വിലക്കപ്പെട്ടിരുന്നു. ബ്രാഹ്മണമാരുടെയും രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മന്ദിരങ്ങളോടു ചേര്‍ന്ന്‌ പ്രത്യേകം ക്ഷേത്രങ്ങളുണ്ടായിരുന്നു. അവിടങ്ങളില്‍ മാത്രമേ, കുലീനകള്‍ക്ക്‌ ദര്‍ശനം അനുവദിച്ചിരുന്നുള്ളൂ. ഈശ്വരാര്‍ച്ചനയ്‌ക്കും നിയന്ത്രണം. കാറ്റും വെളിച്ചവും തട്ടാത്ത ഗൃഹാന്തരങ്ങളില്‍ അവര്‍ക്ക്‌ ഒതുങ്ങിക്കഴിയേണ്ടിവന്നു. ഈ സ്ഥിതി പുരോഗമനേച്ഛകള്‍ അംഗീകരിക്കുന്നില്ല. അവര്‍ക്കു സ്വാതന്ത്ര്യം വേണം.
എന്നാല്‍ പ്രാചീനാചാരങ്ങള്‍ എല്ലാം എതിര്‍ക്കപ്പെടേണ്ടതല്ല. ചില പഴയ ആചാരങ്ങളില്‍ ശാസ്‌ത്രീയ വശങ്ങളുണ്ട്‌. അവ കാലത്തിനൊത്തു മാറ്റാവുന്നതല്ല. ഹേപ്പിടു ബ്ലീഡ്‌ അസോസിയേഷന്‍ കാര്‍ അവഗണിച്ച ഒരു കാര്യമുണ്ട്‌. ആര്‍ത്തവകാലത്തെ ശാരീരികമായ സവിശേഷതകള്‍- സ്‌ത്രീമനസ്സിലെ ഏകാഗ്രത നഷ്‌ടപ്പെടുത്തും. ഏകാഗ്രത നഷ്‌ടപ്പെട്ട സ്‌ത്രീ എങ്ങിനെ ഈശ്വര ദര്‍ശനം നടത്തും.
ക്ഷമാം പ്രസന്ന വദനാം സ്‌ഫുരത്‌ ശ്രേണി പയോധരാം
കുപ്യതവിരാജപുരസ്‌ക്കാമാംവിദ്ധ്യം ഋതുമതീം സ്‌ത്രീയാം എന്ന്‌ ഋതുമതിയുടെ പ്രകൃതം അഷ്‌ടാംഗ ഹൃദയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. (മെലിഞ്ഞ്‌, മുഖം വിളറി, അരക്കെട്ടും മുലത്തടങ്ങളും തുടിച്ച്‌ പുരുഷനെ കാമിക്കുന്ന സ്‌ത്രീയും ഋതുമതിയെന്ന്‌ അറിയണം.)താല്‍ക്കാലികമായ ഈ ശരീര വികാരം അവളുടെ മനസ്സിന്റെ സ്വസ്ഥത നഷടപ്പെടുത്തുന്നു. ഏകാഗ്രത നഷ്‌ടപ്പെടുത്തുന്നു. രക്ത കണങ്ങള്‍, മുറിവും, അറുകൊലയുമുള്‍പ്പെടെ ഏതുതരത്തിലുള്ളവയും- ക്ഷേത്ര പരിസരത്തെ അശുദ്ധമാക്കും. അതിനാല്‍ ക്ഷേത്രങ്ങളില്‍ ആര്‍ത്തവ ദിനങ്ങള്‍ നിശ്ചയമായും വര്‍ജ്ജിക്കണം.
എന്നാല്‍ ഗൃഹങ്ങളില്‍ പണ്ട്‌ അനുഷ്‌ഠിച്ചിരുന്ന ആര്‍ത്തവ ദിനവര്‍ജ്ജ്യം ഇതില്‍ നിന്നു വ്യത്യസ്‌തമാണ്‌. അക്കാലത്ത്‌ കൂട്ടുകുടുംബങ്ങളായിരുന്നുവല്ലോ, ഓരോ കുടുംബത്തിലും ഇരുപതോ ഇരുപത്തിയഞ്ചോ അംഗങ്ങളുണ്ടാകും. സ്‌ത്രീകള്‍ക്ക്‌ ഏറെ അധ്വാനിക്കേണ്ടിവന്നിരുന്നു. ശാരീരികത്തളര്‍ച്ചയുണ്ടാകും. ചിലപ്പോള്‍ അതിയായ ബ്ലീഡിങ്ങിനും ഇടയാകും. ഇത്‌ അപല്‍ക്കരവുമാകും. ഇക്കാലത്ത്‌ കൂട്ടു കുടുംബങ്ങളില്ല. അണു കുടുംബങ്ങളാണ്‌. മിക്‌സിയും ഗ്രൈന്ററും, റൈസ്‌ കുക്കറും, ഇന്റക്ഷന്‍ കുക്കറും, ഫ്രിഡ്‌ജും, ഹീറ്ററും മോട്ടോറുമുള്ള ഈ ഇലക്‌ട്രോണിക്‌ യുഗത്തില്‍ വീട്ടമ്മമാര്‍ക്ക്‌ ശാരീരികാദ്ധ്വാനം നന്നേകുറവാണ്‌. അതിനാല്‍ ലീവിന്റെ ആവശ്യമില്ല. വീടുകളില്‍ ആര്‍ത്തവ നാളുകള്‍ വര്‍ജ്ജിക്കേണ്ടതില്ല.തിരക്കേറിയ നാളുകളില്‍, പമ്പമുതല്‍ സന്നിധാനം വരെ സ്‌ത്രീകള്‍ക്കു വേണ്ടത്ര സുരക്ഷ നല്‍കുവാന്‍ വിഷമമാണ്‌. പുരുഷന്മാര്‍ ഏതു പുഴക്കരയിലും പാറക്കെട്ടിലും, മരച്ചുവട്ടിലും കഴിച്ചു കൂട്ടും. അങ്ങിനെയല്ലല്ലോ സ്‌ത്രീകള്‍. മണ്ഡലക്കാലത്തും. മകരവിളക്കുവേളയിലും, പമ്പമുതല്‍ സന്നിധാനം വരെ ഭക്ത ജനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാകാറുണ്ട്‌. ആ ചുറ്റുപാടില്‍ സ്‌ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചാല്‍ അവര്‍ ഏറെ കഷ്‌ടപ്പെടും. ഈ കാലഘട്ടം ഒഴിവാക്കി, സ്‌ത്രീകള്‍ക്ക്‌ മാസം തോറുമുള്ള അഞ്ചു ദിവസത്തെ ആരാധനാ വേളകളില്‍, സ്‌ത്രീകള്‍ക്കു പ്രവേശനം അനുവദിക്കേണ്ടതാണ്‌. മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അവര്‍ക്കു മാത്രം അനുമതി നല്‍കിയാല്‍, തിരക്കു കുറയ്‌ക്കുകയും ചെയ്യാം.
തീര്‍ത്ഥാടനം ഇക്കാലത്തു പലര്‍ക്കും ഒരു ടൂര്‍ മാത്രമാണ്‌. ഭക്തി അവര്‍ക്കില്ല. അതിനോടനുബന്ധിച്ച വ്രതാനുഷ്‌ഠാനങ്ങളുടെ പൊരുള്‍ ബഹുഭൂരിപക്ഷത്തിനും അറിയില്ല. ഭക്തികൊണ്ടല്ല, പലരും ക്ഷേത്ര ദര്‍ശനത്തിന്‌ ക്യൂ നില്‍ക്കുന്നത്‌. ഈ ലേഖകന്റെ ഒരനുഭവം കുറിക്കട്ടെ. ഗുരുവായൂര്‍ നാലമ്പലത്തില്‍ നല്ല തിരക്കുള്ള ഒരു ദിവസം. ഈ ലേഖകനും നീണ്ട ക്യൂവില്‍ നിന്നു. ദീപാരാധന സമയം. അപ്പോഴാണ്‌ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്‌ജുവാര്യറുടെ ഭരതനാട്യം. ആള്‍ ക്കാര്‍ അങ്ങോട്ടു പ്രവഹിച്ചു. ഈ ലേഖകനടക്കം ഇരുപത്തിയഞ്ചോ മുപ്പതോ പേര്‍ മാത്രം ഉള്ളില്‍. അങ്ങിനെയാണ്‌ ഇന്നത്തെ തീര്‍ത്ഥാടകര്‍. ശബരിമലയാത്ര പലര്‍ക്കും ഒരു ഹോബിയാണ്‌. ആത്മശുദ്ധീകരണത്തിനല്ല.
ഈ വിഷയത്തിലെങ്കിലും രാഷ്‌ട്രീയം കലര്‍ത്തരുത്‌. ചേരിതിരിവുണ്ടാകരുത്‌. പ്രായോഗികമായി ചിന്തിക്കണം. ആചാരാനുഷ്‌ഠാനങ്ങലിലും വിശ്വാസത്തിലും അധിഷ്‌ഠിതമാണ്‌ ശബരിമല യാത്ര. ശബരിമല തായ്‌ലണ്ടല്ല എന്നും മറ്റുമുള്ള പ്രയാര്‍ ഗോപാലകൃഷ്‌ണന്റെ പ്രതികരണം അംഗീകരിക്കുന്നു. എങ്കിലും ദേവസ്വം ബോര്‍ഡ്‌ കുറേകൂടി മൃദുസമീപനം സ്വീകരിക്കണം.
“ഇന്നലെ ചെയ്‌തൊരബദ്ധമതു ഇന്നത്തെ യാചാരമാകാം നാളത്തെ ശാസ്‌ത്രമതാകാം-”എന്നാണല്ലോ കവി വാക്യം. നമുക്കു കാത്തിരിക്കാം.

NO COMMENTS

LEAVE A REPLY