ആണ്‍മേധാവിത്വത്തിന്‌ അറുതിവരുത്താനുള്ള തന്റേടം സ്‌ത്രീകള്‍ നേടിക്കഴിഞ്ഞു

0
107


കൂക്കാനം റഹ്‌മാന്‍
ചെറുപ്പക്കാരികള്‍ക്ക്‌ ഇക്കാലത്ത്‌ ‘ഗമ’ കൂടി കൂടി വരികയാണ്‌. ഞങ്ങളുടെ തീരുമാനമാണ്‌ അന്തിമമെന്നും, അതനുസരിച്ചേ കാര്യങ്ങള്‍ നീങ്ങു എന്ന്‌ ശാഠ്യം പിടിക്കാനും അവര്‍ തയ്യാറായിക്കഴിഞ്ഞു. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കാതെ പുരുഷന്മാര്‍ വിഷമിക്കാന്‍ തുടങ്ങിയെന്നും അവര്‍ മനസ്സിലാക്കി കഴിഞ്ഞു. സമൂഹത്തില്‍ ഡിമാന്റ്‌ കൂടിയ ചരക്കായി ഞങ്ങള്‍ മാറിയിട്ടുണ്ടെന്നും കരുതി അഹങ്കരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.
വാസ്‌തവത്തില്‍ ചെറുപ്പകാരികളുടെ ചിന്ത യഥാര്‍ത്ഥമാവുകയാണ്‌. ഓരോ പ്രദേശത്തും പെണ്ണന്വേഷിച്ചു നടക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ്‌ മനസ്സിലാവുന്നത്‌. അനുയോജ്യമായ വധുവിനെ കണ്ടെത്താന്‍ പറ്റുന്നില്ല. മുന്‍കാലങ്ങളില്‍ പെണ്ണിന്റെ ഗുണകണങ്ങള്‍ അറിഞ്ഞതിനുശേഷമേ പുരുഷന്‍ വിവാഹാലോചനയുമായി ചെല്ലാറുള്ളു. ഇന്ന്‌ പെണ്‍കുട്ടികള്‍ അവളുടെ ആഗ്രഹങ്ങള്‍ക്കും, മോഹങ്ങള്‍ക്കും അനുസരിച്ച പുരുഷനെ കിട്ടുമെങ്കില്‍ മാത്രമെ സമ്മതം മൂളുന്നുള്ളു.
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്‌ ക്ലാസില്‍ സംസാരിക്കവേ നിങ്ങളുടെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ്‌ എങ്ങിനെയുള്ള ആളായിരിക്കണം? എന്നാരാഞ്ഞപ്പോള്‍ കിട്ടിയ വിവരങ്ങളാണ്‌ ഇങ്ങിനെ: താടിവളര്‍ത്തിയ ആളാവണം, ഇന്നത്തെ മോഡേണ്‍ ഹേര്‍സ്റ്റൈല്‍ ഉണ്ടാവണം, അല്‌പം ലഹരി ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല, കയര്‍ത്തു സംസാരിക്കാനും കലപില കൂട്ടാനുമുള്ള ത്രാണി ഉണ്ടാവണം, സ്വന്തമായി വീടുവെച്ചിരിക്കണം, വരുമാനമുള്ള ഒരു ജോലി ഉണ്ടാവണം, ഭാര്യക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്ന ആളാവണം?? ഇങ്ങിനെ നീണ്ടുപോകുന്നു പെണ്‍കുട്ടികളുടെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താക്കന്മാര്‍. ഒരു പെണ്‍കുട്ടി ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടിയത്‌ വിവാഹത്തിനുമുമ്പ്‌ രക്തപരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണമെന്നാണ്‌.
പെണ്‍കുട്ടികള്‍ ഉയര്‍ന്നിരിക്കുന്നു. ചിന്തകളും ആഗ്രഹങ്ങളും മറച്ചു വെക്കാതെ തുറന്നടിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു. ഇഷ്‌ടപ്പെട്ടപുരുഷനെ അവര്‍ കണ്ടെത്താന്‍ തുടങ്ങി. അങ്ങിനെ കണ്ടെത്തിയ വ്യക്തിയെക്കുറിച്ച്‌ വീട്ടുകാരോട്‌ സംസാരിച്ച്‌ അംഗീകാരം വാങ്ങാനുള്ള കഴിവും അവര്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു.
പ്രണയിച്ച ചെറുപ്പക്കാരനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വീട്ടുകാര്‍ പ്രതിബന്ധം നില്‍ക്കുകയാണെങ്കില്‍ അതിനുള്ള പ്രതിവിധിയും ബുദ്ധിപൂര്‍വ്വം നടപ്പാക്കാന്‍ പെണ്‍കുട്ടികള്‍ക്കാവുന്നുണ്ട്‌.
ഒളിച്ചോട്ടം പ്രയാസമുണ്ടാക്കുമെന്ന്‌ അവര്‍ക്കറിയാം. വീട്ടുകാരെ വിഷമത്തിലാക്കാതെ, നാട്ടുകാരെക്കൊണ്ട്‌ പറയിക്കാതെ കാര്യമെങ്ങിനെ സാധിക്കാമെന്നും സമര്‍ത്ഥമായി പെണ്‍കുട്ടികള്‍ നടപ്പാക്കാന്‍ പഠിപ്പിച്ചു. അതിനുള്ള ക്ഷമയും, നടപടിക്രമങ്ങളും എല്ലാം അവര്‍ സൂക്ഷമമായി പ്രാവര്‍ത്തികമാക്കി വിജയിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ ഒന്നുരണ്ട്‌ സംഭവങ്ങള്‍ വായനക്കാരുമായി പങ്കിടുകയാണ്‌. പെണ്‍കുട്ടി എം. ബി. എ ക്കാരിയാണ്‌. അവള്‍ക്കൊരുലൈനുണ്ട്‌. എങ്ങിനെയും ഒഴിവാക്കാന്‍ പറ്റില്ല. അന്യമതക്കാരനാണ്‌ ഒപ്പം പഠിച്ചവരാണ്‌. പരസ്‌പരം വാക്കുകൊടുത്തതാണ്‌. ഈ വിവാഹത്തിന്‌ വീട്ടുകാര്‍ ഒരിക്കലും സമ്മതം മൂളില്ല.
ആയിടയ്‌ക്ക്‌ ബാംഗ്ലൂരില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍ പെണ്ണാലോചിച്ചു വരുന്നു. എല്ലാം കൊണ്ടും അനുയോജ്യന്‍. റിട്ടയര്‍ ചെയ്‌ത സര്‍ക്കാരുദ്യോഗസ്ഥരുടെ ഏകമകന്‍. രക്ഷിതാക്കള്‍ വാക്കുകൊടുത്തു. നിര്‍വ്വാഹമില്ലാതെ പെണ്‍കുട്ടിയും വിവാഹത്തിന്‌ സമ്മതിക്കുന്നു. പക്ഷേ അവളുടെ മനസ്സ്‌ ഇതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം മെനയുകയായിരുന്നു.
വിവാഹ നിശ്ചയം ഗംഭീരമായി നടന്നു. നൂറ്‌ കണക്കിന്‌ ആളുകള്‍ ക്ഷണിതാക്കളായെത്തി. മോതിരം പരസ്‌പരം കൈമാറി. രണ്ട്‌ മാസം കഴിഞ്ഞുള്ള തീയ്യതി വിവാഹത്തിനായി നിശ്ചയിക്കപ്പെട്ടു. സന്തോഷപൂര്‍വ്വം വിവാഹ നിശ്ചയത്തിന്‌ പരിസമാപ്‌തിയായി.
അവര്‍ പരസ്‌പരം സംസാരിക്കുകയും ആശയങ്ങളും ആഗ്രഹങ്ങളും കൈമാറിക്കൊണ്ടിരിക്കുകയും ചെയ്‌തു. ചെറുപ്പക്കാരന്‍ ബാംഗ്ലൂരിലും പെണ്‍കുട്ടി നാട്ടിലുമാണ്‌. അത്‌ കൊണ്ട്‌ തന്നെ ഫോണ്‍ മുഖേനയുള്ള സംസാരവും, വാട്‌സ്‌ അപ്പ്‌ മെസേജും, ഫെയ്‌സ്‌ബുക്ക്‌ സന്ദേശങ്ങളും കൈമാറിക്കൊണ്ടിരുന്നു. അവരുടെ വിവാഹം നടക്കാതെ പോകാനുള്ള തന്ത്രം പെണ്‍കുട്ടിക്കറിയാം. നിശ്ചയം നടന്നാല്‍ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റും. അതിലൂടെ സൂത്രത്തില്‍ അവനെ ഇതില്‍ നിന്ന്‌ തെറ്റിപ്പിക്കണം. വിവാഹത്തിന്‌ ഇനി ഒരു മാസം മാത്രമെ ബാക്കിയുള്ളു. ആയിടയ്‌ക്ക്‌ പെണ്‍കുട്ടി വാട്‌സ്‌ അപ്പിലൂടെ അയച്ച മെസ്സേജ്‌ ഇപ്രകാരമായിരുന്നു. ?എനിക്ക്‌ ചെറുപ്പം മുതലേ മാനസികമായ ചില അസ്വാസ്ഥ്യങ്ങളുണ്ട്‌. വീട്ടുകാര്‍ക്കെല്ലാം അക്കാര്യമറിയാം. അത്‌ മറച്ചു വെക്കുന്നത്‌ ശരിയല്ലല്ലോ? അതുകൊണ്ടാണ്‌ തുറന്ന്‌ പറയുന്നത്‌. നമ്മുടെ ജീവിതത്തില്‍ ഇത്‌ പ്രയാസമുണ്ടാക്കില്ലേ? ആലോചിക്കൂ.?
ഇത്‌ പോരെ ഒരു ചെറുപ്പക്കാരന്റെ മനസ്സ്‌ മാറാന്‍. മെസ്സേജ്‌ കിട്ടിയപ്പോള്‍ മുതല്‍ അവന്‍ അങ്കലാപ്പിലാണ്‌. ഉടനെ വീട്ടിലേക്ക്‌ തിരിച്ചു. വീട്ടുകാരെ മെസ്സേജ്‌ കാണിച്ചു. ചര്‍ച്ച ചെയ്‌തു. ബന്ധുക്കളെ അറിയിച്ചു. എങ്ങിനെയും വിവാഹവുമായി മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന തീരുമാനത്തിലെത്തി. ഇരു വീട്ടുകാരും ഒന്നിച്ചിരുന്നു. സമവായത്തിലെത്തി. പരസ്‌പരം നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ കൈമാറി വളരെ ശുഭകരമായി അതില്‍നിന്ന്‌ ഇരുവരും പിന്മാറി.
പെണ്‍കുട്ടി ചെയ്‌തത്‌ നട്ടാല്‍ മുളക്കാത്ത കളവാണ്‌. സ്വകാര്യമായി ഒരു ഡോക്‌ടറെ കണ്ട്‌ മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്നിന്റെ കുറിപ്പ്‌ സംഘടിപ്പിച്ചു. അത്‌ തെളിവായി ഹാജരാക്കി എത്ര ബുദ്ധിപരമായാണ്‌ കാര്യങ്ങള്‍ ചെയ്‌തതെന്ന്‌ നോക്കൂ… അവളുടെ വീട്ടുകാര്‍ക്കും ഇതെല്ലാം കേട്ട്‌ അമ്പരന്ന്‌ നില്‌ക്കാനെ കഴിഞ്ഞുള്ളൂ…
ഇനിയും അവള്‍ കാത്തു നില്‍ക്കും. സ്‌നേഹിച്ച, ഇഷ്‌ടപ്പെട്ട ചെറുപ്പക്കാരനുമായി വിവഹ ബന്ധത്തിലേര്‍പ്പെടും തീര്‍ച്ച….
***
സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിവാഹിതനുമായ ഒരു ചെറുപ്പക്കാരനെ അയാളുടെ ഭാര്യ വട്ടം കറക്കുന്നത്‌ കാണുമ്പോള്‍ പ്രയാസം തോന്നുന്നു. വിവാഹത്തിനുമുമ്പ്‌ ഇരു വീട്ടുകാരും പരസ്‌പരം ചര്‍ച്ചചെയ്‌തും, കാര്യങ്ങള്‍ മനസ്സിലാക്കിയും ചെയ്‌താണ്‌ വിവാഹം നടന്നത്‌. അവള്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ വ്യക്തിയാണ്‌. വിവാഹത്തിനുശേഷം ഒരുമാസം അവള്‍ ഭര്‍തൃഗൃഹത്തില്‍ താമസിച്ചിരുന്നു. ഏതോ ഒരു തുടര്‍ വിദ്യാഭ്യാസ കോര്‍സിന്‌ ചേരണമെന്ന അവളുടെ ആഗ്രഹത്തിന്‌ ഭര്‍തൃവീട്ടുകാര്‍ക്ക്‌ താല്‍പര്യമില്ലായിരുന്നു. അതിന്റെ പേരില്‍ അവള്‍ പിണങ്ങി പോയി.
കഴിഞ്ഞ നാലഞ്ച്‌ മാസമായി ഇവര്‍ പരസ്‌പരം കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. ഭര്‍ത്താവ്‌ പലപ്രാവശ്യം അവളെ വീട്ടിലേക്ക്‌ വരാന്‍ ആവശ്യപ്പെട്ടു. വരാന്‍ താല്‌പര്യമില്ല എന്നാണ്‌ അവള്‍ തുറന്നടിച്ചത്‌. ഭര്‍ത്താവിന്റെ രക്ഷിതാക്കളും ഇടപെട്ടു. പക്ഷെ അവള്‍ക്ക്‌ യാതൊരുകുലുക്കവുമില്ല. എന്നാല്‍ വിവാഹ ബന്ധംവേര്‍പെടുത്താം എന്ന നിര്‍ദ്ദേശം ഭര്‍തൃവീട്ടുകാര്‍ മുന്നോട്ടു വെച്ചു. അതിനും അവള്‍ തയ്യാറല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കക്ഷിയെ അല്‌പം കളിപ്പിക്കുകയെന്നതാവാം അവളുടെ ലക്ഷ്യം. എന്റെ താല്‍പര്യം പരിഗണിക്കാത്തവന്റെ കൂടെ ഇനിയില്ല എന്നാണവളുടെ ഉറച്ച നിലപാട്‌. എനിക്ക്‌ അവനെ ഇഷ്‌ടമില്ല. പക്ഷേ ഒഴിവാക്കുകയുമില്ല, അവിടെ നില്‍ക്കട്ടെ. പഴയകാലത്ത്‌ ആണുങ്ങളാണ്‌ ഇത്തരം ഇടപാടുകള്‍ നടത്താറ്‌. ഇന്നത്‌ സ്‌ത്രീകളായി മാറി. ഇനി പെണ്‍കുട്ടികളോടും സ്‌ത്രീകളോടും ഇടപെടുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. അവര്‍ മാനസികമായും മറ്റും ശക്തി നേടിക്കഴിഞ്ഞു. ആണ്‍മേധാവിത്വത്തിന്‌ അറുതിവരുത്താനുള്ള തന്റേടവും അവര്‍ കൈവരിച്ചിരിക്കുന്നു.

NO COMMENTS

LEAVE A REPLY