നവരാത്രി, പൊരുളം പെരുമയും

0
48


ആര്‍ കെ മണ്ണൂര്‍
വ്രതം, അല്ലെങ്കില്‍ നോയ്‌മ്പ്‌ അനുശാസിക്കാത്ത ഒരൊറ്റ മതവുമില്ല. ഹിന്ദുക്കള്‍ക്ക്‌ അവയുടെ എണ്ണം അനേകമാണ്‌. ഷഷ്‌ഠി, ഏകാദശി, അമാവാസി, പ്രദോഷം, സോമവാരവ്രതം, ആര്‍ദ്രാവ്രതം, നവരാത്രിവ്രതം മുതലായവ അവയില്‍ ചിലതത്രേ. അക്കൂട്ടത്തില്‍ മുഖ്യം നവരാത്രിയാണ്‌. “നവരാത്രി വ്രതത്തിനു തുല്യമല്ലൊന്നുമേ’ എന്ന്‌ കവി പാടിയിട്ടുണ്ട്‌.
മനുഷ്യന്റെ പ്രാഥമികവും പ്രധാനവുമായ ആവശ്യം ശക്തിയാണ്‌. ശക്തി മൂന്നുവിധം; ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി, യഥാക്രമം ഇവയുടെ പ്രതീകങ്ങളാണ്‌; ലക്ഷ്‌മിയും ദുര്‍ഗ്ഗയും സരസ്വതിയും.
“ലോകത്തിലേവനുമൊരേടവുമൊന്നനങ്ങാനശ്ശക്തിയാമവളെഴായ്‌കിലസാധ്യമത്രേ”
എന്ന്‌ പുരാണ മഹഷിനാരദന്‍ ശ്രീരാമനെ ഉപദേശിച്ചതായി ദേവീ ഭാഗവതത്തില്‍ കാണുന്നു. രാവണവധത്തിന്‌ ശക്തിയാര്‍ജ്ജിക്കാല്‍ ശ്രീരാമന്‍ നവരാത്രിവ്രതം അനുഷ്‌ഠിച്ചത്‌ ഇതിഹാസ പ്രസിദ്ധം. മധു എന്ന അസുരനെ കൊല്ലാന്‍ മഹാവിഷ്‌ണുവും ത്രിപുര വധത്തിന്‌ ശിവനും, വൃത്രനിഗ്രഹത്തിന്‌ ദേവേന്ദ്രനും ഈ വ്രതം നോറ്റിട്ടുണ്ട്‌.
ആശ്വനീമാസം ശുക്ലപക്ഷ പ്രഥമ മുതല്‍ ദശമിവരെയുള്ള ഒമ്പതു നാളുകളിലാണ്‌ നവരാത്രി വ്രതം. ഈ ദിവസങ്ങളില്‍ അതിരാവിലെയും വൈകുന്നേരവും ശുദ്ധജലത്തില്‍ കുളി, ദേവ വാസന, ഒരു നേരം മാത്രം ഭക്ഷണം ഇവയാണ്‌ ഇതിന്റെ ചടങ്ങ്‌. ആദ്യത്തെ മൂന്നു ദിവസം ലക്ഷ്‌മീ ഭഗവതിയെയും രണ്ടാമത്തെ മൂന്നു ദിവസം, ദുര്‍ഗ്ഗാ ദേവിയെയും ഒടുവിലത്തെ മൂന്നു നാള്‍ സരസ്വതീ മാതാവിനെയും ഉപാസിക്കണം. സമ്പത്തും മെയ്‌ക്കരുത്തും വിജ്ഞാനവും വര്‍ദ്ധിപ്പിക്കുകയാണ്‌ ഇതിന്റെ ഫലം.
ഒറ്റ അക്കം മാത്രമുള്ള സംഖ്യകളില്‍ ഏറ്റവും വലുതാണ്‌ ഒമ്പത്‌; അതിന്റെ സംസ്‌കൃത പദമാണ്‌ നവ.പുരാതന ഭാരതീയ സംസ്‌കൃതിയില്‍ ഇതിന്‌ വലിയ പ്രാധാന്യമോ പവിത്രതയോ ഉണ്ട്‌. നവ ഖണ്ഡങ്ങള്‍, നവരത്‌നങ്ങള്‍, നവരസങ്ങള്‍, നവശക്തികള്‍, നവലക്ഷണങ്ങള്‍, നവശായകര്‍, നവ കന്യകമാര്‍, നവരാത്രികള്‍, നവവര്‍ഷങ്ങള്‍, ഇങ്ങനെ എല്ലാം നവമയം. ഒമ്പതില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു. പ്രതിപദം മുതല്‍ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു. അഷ്‌ടമിയ്‌ക്കാണ്‌ ഗ്രന്ഥം വെയ്‌പ്‌.
“വിദ്യാര്‍ത്ഥിയീവ്രതം കൊണ്ടു നേടും നിഖില വിദ്യയും” -എന്നാണ്‌ വിശ്വാസം. മഹാനവമിയും കഴിഞ്ഞ്‌ വിജയദശമിയ്‌ക്കാണ്‌ പൂജയെടുപ്പും വിദ്യാരംഭവും.
രാവണ വധത്തിനുവേണ്ടി കരുത്തും വിജ്ഞാനവും ആര്‍ജിക്കാന്‍ ശ്രീരാമന്‍, നവരാത്രി നോറ്റതായി മേല്‍ പ്രസ്‌താവിച്ചുവല്ലോ. രാവണവധത്തിന്റെ വിജയാഘോഷമായാണ്‌ വിജയദശമി എന്ന്‌ വൈഷ്‌ണവര്‍ സങ്കല്‍പ്പിക്കുന്നു. അന്നേ ദിവസം ദശമുഖ രാവണന്റെ പ്രതിമ ദഹിപ്പിച്ച്‌ സ്‌നാനം ചെയ്‌ത്‌ അമ്പലത്തില്‍ ദര്‍ശനം നടത്തുന്ന ചടങ്ങ്‌, ഇന്ത്യയില്‍ ചിലേടത്തുണ്ട്‌. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ കൊന്നതിന്റെ സ്‌മരണയാണ്‌ വിജയദശമി എന്നാണ്‌ ശാക്തേയന്മാരുടെ വിശ്വാസം.
നവരാത്രി കാലത്ത്‌, ക്ഷേത്രങ്ങളിലെ മറ്റൊരു ചടങ്ങാണ്‌ കുമാരിപൂജ; ബാലികാപരമായ, പല അനുഷ്‌ഠാനങ്ങളുമുണ്ടല്ലോ, ഗണപതിയ്‌ക്കിടല്‍, പൂരംകുലി മുതലായവ അക്കൂട്ടത്തില്‍ പരമ പ്രധാനമാണ്‌. കുമാരിപൂജ; മൂല്യച്യൂതി പടര്‍ന്നു കേറുന്ന ഇന്നത്തെ സമൂഹത്തില്‍, സ്‌ത്രീ വര്‍ഗ്ഗത്തിന്റെ ഔല്‍കൃഷ്‌ട്യം പ്രചരിപ്പിക്കാന്‍ ഒരു പക്ഷേ ഈ ചടങ്ങ്‌ ഉപകരിച്ചേക്കാം. രണ്ടു വയസുമുതല്‍ പത്തു വയസുവരെ പ്രായമുള്ള ബാലികമാരെ, കുളിപ്പിച്ച്‌ വൃത്തിയുള്ള വസ്‌ത്രം ധരിപ്പിച്ച്‌ നാക്കിലയിലെ നിവേദ്യത്തിനു മുന്നിലിരുത്തുന്നു. നാക്കിലയ്‌ക്കു മുമ്പില്‍ നിറ ദീപം ജ്വലിപ്പിക്കും. നാക്കിലയിലെ വിഭവസമൃദ്ധമായ നിവേദ്യം ബാലികമാര്‍ ഭക്ഷിക്കുന്നു. ഭക്ഷണാനന്തരം, നാക്കിലയില്‍ ആഭരണങ്ങള്‍, കുറിക്കൂട്ട്‌, കണ്‍മഷി, കണ്ണാടി, കളിക്കോപ്പുകള്‍ എന്നിവ സമര്‍പ്പിച്ച്‌ അമ്മമാര്‍ കുട്ടികളുടെ മുമ്പില്‍ നമസ്‌ക്കരിക്കും. ഇതാണ്‌ കുമാരിപൂജ. പെണ്‍ഭ്രൂണ ഹത്യയും ലൈംഗീകാക്രമണവും സ്‌ത്രീപീഡനവും പെരുകിപ്പെരുകിവരുന്ന ഇക്കാലത്ത്‌ “നാരീഗേഹസ്യദൈവതം” (സ്‌ത്രീ വീടിന്റെ ദേവതയാണ്‌) എന്ന ചിന്ത മാനവ രാശിയില്‍ വളര്‍ത്താന്‍ കുമാരി പൂജ ഉപകരിക്കും.
സ്‌ത്രീത്വത്തിന്‌ വൈശിഷ്‌ട്യവും പരിശുദ്ധിയും കല്‍പിക്കുന്നതാണ്‌ ഭാരതീയ സംസ്‌ക്കാരം. അതിന്റെ അടയാളമത്രേ ശക്തി പൂജ. ഭഗവാനെക്കാള്‍ പ്രാധാന്യം ഭഗവതിയ്‌ക്കാണ്‌. ശക്തിയാണ്‌ ഭഗവതി.
“നീ വിട്ടുവെങ്കിലൊരു വസ്‌തുമില്ല ബാക്കി-
യാരേതിലും ഭഗവതിയത്ര നിറഞ്ഞിരിപ്പൂ
ഹാ!ശക്തിവിട്ട പുരുഷന്‍ വ്യവഹാര ഭക്ഷനല്ലെന്നു താന്‍ ജനനി ധീയെഴുവോര്‍ കഥിപ്പൂ”
എന്നാണ്‌ പുരാതന തത്വം.
അരനൂറ്റാണ്ടു മുന്‍പ്‌ നവരാത്രി സവര്‍ണ്ണ ഹിന്ദുക്കളുടെ മാത്രം അനുഷ്‌ഠാനമായിരുന്നു. മേലാളന്മാരുടെ മാത്രം ആചാരമായിരുന്നു. കീഴ്‌ജാതിക്കാര്‍ക്ക്‌ വിശേഷിച്ച്‌ ഹരി ജനങ്ങള്‍ക്കും ഗിരിജനങ്ങള്‍ക്കും ഇതെന്താണെന്നു പോലും അറിഞ്ഞിരുന്നില്ല. ഇന്ന്‌ സ്ഥിതിമാറി. എല്ലാ ഹിന്ദുക്കളും അവര്‍ക്കുമപ്പുറം, അഹിന്ദുക്കളും ഉത്സവം ആഘോഷിക്കുന്നു. മതത്തിന്റെ ഇടുങ്ങിയ മതില്‍ക്കെട്ടിനകത്തു നിന്ന്‌, വിശാല ലോകത്തേയ്‌ക്ക്‌ ഈ ചടങ്ങു വ്യാപിച്ചു; ദുബായിലും, ന്യൂയോര്‍ക്കിലും ലണ്ടനിലും ഇത്‌ ആചരിക്കപ്പെടുന്നു. പാശ്ചാത്യര്‍ നവരാത്രികാലത്ത്‌ തുഞ്ചന്‍ പറമ്പിലും കൊല്ലൂരും കുഞ്ചന്‍ സ്‌മാരകത്തിലും പറന്നെത്തുന്നു.
അമ്പലങ്ങള്‍ക്ക്‌ പുറമേ വിദ്യാലയങ്ങളിലും കലാലയങ്ങളിലും കലാ സമിതികളിലും മറ്റു സാംസ്‌ക്കാരിക നിലയങ്ങളിലും തറവാടുകളിലും ഈ ഉത്സവം, കെങ്കേമമായികൊണ്ടാടുന്നു. മാതൃഭൂമിയും മനോരമയും പോലുള്ള വന്‍ കിടപത്രങ്ങള്‍, തങ്ങളുടെ ആസ്ഥാനങ്ങളില്‍ ജാതിമതഭേതമന്യേ കുട്ടികളുടെ ആദ്യാക്ഷരം കുറിക്കുന്നു. മലയാളക്കര കടന്ന്‌ മദിരാശിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും മാത്രമല്ല, ദുബായിലും കൂടി ആ പത്രങ്ങള്‍ കുട്ടികളുടെ ഹരിശ്രീ കുറിക്കുന്നുണ്ട്‌. ഈ ഉത്സവത്തിന്റെ തിളക്കമാണ്‌ മതനിരപേക്ഷതയ്‌ക്ക്‌ ഉദാഹരണമത്രേ അത്‌. അഹിന്ദുക്കളായ സാഹിത്യനായകന്മാരും കുട്ടികളുടെ ഹരിശ്രീ കുറിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നു. യന്ത്രശാലകളിലെ ആയുധപൂജയും കൗതുകാവഹമാണ്‌. ആധുനിക കാലത്ത്‌ മാനവീയതയുടെ പ്രതീകമായി നവരാത്രി മാറിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY