ഗ്യാസ്‌ ഏജന്‍സികള്‍ വീടുകളില്‍ നടത്തുന്ന സുരക്ഷാ പരിശോധന കര്‍ശനമാക്കുവാന്‍ നിര്‍ദേശം

0
38


കാസര്‍കോട്‌: രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഗ്യാസ്‌ ഏജന്‍സികളില്‍ നിന്ന്‌ വിദഗ്‌ധരായവര്‍ പാചകവാകത ഉപയോക്താക്കളുടെ വീടുകളില്‍ നടത്തുന്ന സുരക്ഷാ പരിശോധനകള്‍ ജില്ലയില്‍ കൃത്യമായി നടത്തണമെന്ന്‌ പാചകവാതക സംബന്ധമായ ജില്ലാതല പ്രശ്‌ന പരിഹാര സമിതി നിര്‍ദേശിച്ചു.
കാസര്‍കോട്‌ കളക്ടറേറ്റില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സി.ബിജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം. ഗാര്‍ഹിക ഉപയോക്താക്കളുടെ പാചകവാതക സിലിണ്ടര്‍, സ്‌റ്റൗവ്‌ ഉള്‍പ്പെടെയുള്ളവ വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന്‌ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ പലയിടത്തും രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട ഇത്തരം പരിശോധനകള്‍ നടക്കുന്നില്ലെന്ന്‌ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്‌. ജില്ലാ സപ്ലൈ ഓഫീസര്‍ എ.രമാദേവി നടപടികള്‍ വിശദീകരിച്ചു.
രാത്രി സമയങ്ങളില്‍ വീടുകളില്‍ പാചകവാതക ചോര്‍ച്ചപോലെയുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓയില്‍ കമ്പനികളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ജനങ്ങള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന്‌ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും സിലിണ്ടര്‍ വാല്‍വിലെ തകരാര്‍മൂലമാണ്‌. ജില്ലയിലെ അഞ്ച്‌ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകള്‍ക്ക്‌ ഓയില്‍ കമ്പനികള്‍ വാഗ്‌ദാനം ചെയ്‌തിരുന്ന സേഫ്‌റ്റി ടൂള്‍ കിറ്റുകള്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്ന പരാതിയില്‍ ഓയില്‍ കമ്പനികളോട്‌ ജില്ലാ കളക്ടര്‍ വിശദീകരണം തേടാനും തീരുമാനിച്ചു.
ബുള്ളറ്റ്‌ ടാങ്കര്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ ഉയര്‍ത്തുന്നതിനും മറ്റും വലിയ റെസ്‌ക്യു വാഹനം ഉള്‍പ്പെടെയുള്ളവ ജില്ലയില്‍ ഇല്ലാത്തതിനാല്‍ അതിനു പരിഹാരമുണ്ടാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പടും. പാചകവാതകവുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക്‌ ആവശ്യമായ ബോധവല്‍ക്കരണം നല്‍കുവാന്‍ എണ്ണക്കമ്പനികളോട്‌ നിര്‍ദ്ദേശിക്കും. പലപ്പോഴും ഡ്രൈവര്‍ക്ക്‌ തങ്ങളുടെ വാഹനത്തില്‍ കൊണ്ടുപോകുന്നത്‌ എന്താണെന്നുപോലും ധാരണയുണ്ടാകില്ല.
മാത്രമല്ല അപകടം ഉണ്ടായാല്‍ എന്തു ചെയ്യണമെന്നും അറിയാത്തവരാകും. റിഫൈനറികളിലെ പരിശോധനകള്‍ക്ക്‌ ശേഷം പ്രധാന പാതകളിലെത്തുമ്പോള്‍ ഭൂരിഭാഗം വാഹനങ്ങളിലും രണ്ടു ഡ്രൈവര്‍മാര്‍ ഉണ്ടാകാറില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ്‌, മോട്ടോവെഹിക്കിള്‍ വിഭാഗങ്ങളോട്‌ പരിശോധന കര്‍ക്കശമാക്കുവാനും സമിതി നിര്‍ദേശിച്ചു.
ഗാര്‍ഹിക പാചകവാതക വിതരണ രംഗവുമായി ബന്ധപ്പെട്ട്‌ സിലിണ്ടറുകളുടെ ലഭ്യതക്കുറവ്‌, ദുരുപയോഗം, സുരക്ഷ, തൊഴില്‍പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍, ഉപയോക്താക്കള്‍ക്ക്‌ ഉണ്ടാകുന്ന പരാതികള്‍ എന്നിവ പരിഹരിക്കുന്നതിനായാണ്‌ എണ്ണക്കമ്പനി പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ്‌ മേധാവികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഉപയോക്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ്‌ യോഗം ചേര്‍ന്നത്‌. എണ്ണക്കമ്പനികള്‍ പ്രതിനിധികള്‍ എത്താതിരുന്നതിനാല്‍ അവരെ പ്രത്യേകം വിളിച്ചുവരുത്തുവാനും തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY